കണ്‍മുന്നില്‍ രജനിയുടെ ആ സീനഭിനയിച്ചു; കണ്ട് സാക്ഷാല്‍ ശങ്കറും ഞെട്ടി; വിഡിയോ

aswin-kumar-main
SHARE

അശ്വിൻകുമാർ എന്ന പ്രവാസി യുവനടന് ഇതു സ്വപ്നമാണോ യാഥാർഥ്യമാണോ എന്നറിയാത്ത അവസ്ഥയാണ്, ഇപ്പോഴും. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകൻ എസ്. ശങ്കറിന് മുന്നിൽ അദ്ദേഹം സംവിധാനം ചെയ്ത്, യഥാർഥ സൂപ്പർ താരം രജനീകാന്ത് അഭിനയിച്ച രംഗം അതേ പടി അനുകരിക്കുക!. അതുകണ്ട് വിസ്മയം പൂണ്ട് ശങ്കർ അകമഴിഞ്ഞ് അഭിനന്ദിക്കുക!! അവിസ്മരണീയമാണെന്ന് കരുതുന്ന ഇൗ സംഗമം നടന്നത് ചെന്നൈയിൽ. 

ജേക്കബിൻ്റെ സ്വർഗരാജ്യം എന്ന വിനീത് ശ്രീനിവാസൻ–നിവിൻ പോളി ചിത്രത്തിലും ധ്രുവങ്ങൾ 16 എന്ന തമിഴ് ചിത്രത്തിലും മികച്ച പ്രകടനം കാഴ്ചവച്ച അശ്വിൻ ദുബായിൽ പഠിച്ചുവളർന്ന നടനാണ്. അഭിനയിച്ച രണ്ട് ചിത്രങ്ങളും സൂപ്പർ ഹിറ്റായപ്പോൾ, അതിൽ അഹങ്കരിക്കാതെ കൂടുതൽ മികച്ച കഥാപാത്രങ്ങൾക്കായി അലഞ്ഞുനടക്കുന്ന അഭിനേതാവ്. മിമിക്രിയിലൂടെ കലാരംഗത്തേയ്ക്കും അതുവഴി സിനിമയിലേയ്ക്കും പ്രവേശിച്ച, മലയാളം സംസാരിക്കുന്ന ഇൗ ചെന്നൈ സ്വദേശി കഴിഞ്ഞ വര്‍ഷം ജൂലൈയിൽ തൻ്റെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു കാര്യം ചെയ്തു; ശങ്കർ സംവിധാനം ചെയ്ത് രജീനീകാന്ത് തകർത്താടി മഹാ വിജയം കരസ്ഥമാക്കിയ യന്തിരൻ്റെ രണ്ടാം ഭാഗമായ 2.0 എന്ന ചിത്രത്തിലെ ഒരു കഥാപാത്രത്തിന് ശബ്ദം നൽകി. ആ കഥാപാത്രത്തെ അവതരിപ്പിച്ചത് ഹിന്ദി നടനായതിനാലാണ് ഇൗ സുവർണാവസരം കൈവന്നത്. വയോധികന് 31 കാരനായ അശ്വിൻ നൽകിയ ശബ്ദം ശങ്കറിന് ഏറെ ഇഷ്ടപ്പെട്ടു. ഏറെ അന്വേഷണങ്ങൾക്കൊടുവിലായിരുന്നു അശ്വിനെ പോലെ വളരെ യോജിച്ച ഒരു ഡബ്ബിങ് കലാകാരനെ സംവിധായകൻ കണ്ടെത്തിയത്.

 സാധാരണഗതിയിൽ കഥാപാത്രത്തിൻ്റെ മാനറിസങ്ങൾ ശ്രദ്ധിക്കാതെയും വികാരം ഉൾക്കൊള്ളാതെയും ശബ്ദം നൽകി പോകാറുള്ള ഡബ്ബിങ് കലാകാരന്മാർക്കിടയിൽ വ്യത്യസ്തനായി, കഥാപാത്രത്തിൻ്റെ ഉള്ളറിഞ്ഞ് അശ്വിൻ നൽകിയ ശബ്ദം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ശങ്കർ അഭിപ്രായപ്പെട്ടു. അദ്ദേഹത്തെ ഒന്നു കാണാനും പരിചയപ്പെടാനും അവസരത്തിനായി കാത്തിരുന്ന അശ്വിന് ഒരു സ്വപ്ന സാക്ഷാത്കാരം പോലെ വളരെ പെട്ടെന്ന് തന്നെ ആ അവസരം കൈവരികയായിരുന്നു. 

ചെന്നൈയിലെ ഒരു ഹോട്ടലിലായിരുന്നു കൂടിച്ചേരൽ  എന്ന് അശ്വിൻ മനോരമ ഒാൺലൈനിനോട് പറഞ്ഞു. 2.0യിലെ കഥാപാത്രത്തിന് ശബ്ദം നൽകിയ രീതി തനിക്ക് വളരെ ഇഷ്ടപ്പെട്ടെന്ന് ശങ്കർ പറഞ്ഞു. രജനിയുടെ സൂപ്പർ ഹിറ്റ് ചിത്രം ശിവജിയിലെ ഒരു രംഗം അവതരിപ്പിച്ച് കാണിക്കട്ടേ എന്ന് ഇത്തിരി ഭയത്തോട ചോദിച്ചപ്പോൾ ശങ്കർ സന്തോഷപൂർവം അതു സ്വീകരിക്കുകയായിരുന്നു. കിട്ടിയ അവസരം അശ്വിൻ ശരിക്കും മുതലാക്കി. രജനി അവിസ്മരണീയമാക്കിയ ആ രംഗം അനായാസേന അശ്വിൻ അവതരിപ്പിച്ചപ്പോൾ കൈയടിച്ചാണ് ശങ്കർ സ്വീകരിച്ചത്. അഞ്ച് മിനിറ്റ് അനുവദിച്ച ശങ്കർ ഒടുവിൽ 25 മിനിറ്റോളം ഇരുന്ന് മിമിക്രി കണ്ട് കൈകുലുക്കി അഭിനന്ദിച്ച ശേഷമായിരുന്നു എണീറ്റത്.

ദുബായിൽ ഒാട്ടോമോട്ടീവ് ബിസിനസ് ചെയ്യുന്ന അശ്വിൻ ചെറുപ്പത്തിലേ കലാരംഗം ഇഷ്ടപ്പെട്ടയാളായിരുന്നു. കഴിഞ്ഞ 32 വർഷമായി പിതാവ് കൃഷ്ണകുമാർ എന്ന കെ.കെയും മാതാവ് വിജയാ കൃഷ്ണകുമാറും ദുബായിൽ ജീവിക്കുന്നു. മിമിക്രിയിലായിരുന്നു അശ്വിൻ്റെ രംഗപ്രവേശം. അബുദാബിയിൽ നടൻ കമലഹാസന് മുൻപിൽ മിമിക്രി കാണിച്ച് ശ്രദ്ധേയനായി. അതു യു ട്യൂബിൽ ഹിറ്റായി. അതുവഴി സിനിമയില്‍ പ്രവേശിച്ചു. ആദ്യം പുറത്തുവന്നത് 2016ൽ റിലീസായ ജേക്കബിൻ്റെ സ്വർഗരാജ്യം എന്ന മലയാള ചിത്രമായിരുന്നെങ്കിലും അഭിനയിച്ചത് ധ്രുവങ്ങൾ16 ആയിരുന്നു. രണ്ട് ചിത്രങ്ങളും വൻവിജയമായത് ദൈവസഹായം കൊണ്ടാണെന്ന് അശ്വിൻ വിശ്വസിക്കുന്നു. കൂടുതൽ അവസരങ്ങൾ പിന്നീട് കൈവന്നെങ്കിലും ബിസിനസ് തിരക്കുകൾക്കിടയിൽ വളരെ തിരഞ്ഞെടുത്തു മാത്രമേ അഭിനയിക്കുന്നുള്ളൂ. വിനീത് ശ്രീനിവാസൻ്റെ എബി എന്ന ചിത്രത്തിൽ ഒരു കഥാപാത്രത്തിന് വേണ്ടിയും പിന്നീട് ഡബ്ബ് ചെയ്തു. പൃഥ്വിരാജ്–റഹ്മാൻ കൂട്ടുകെട്ടിൻ്റെ രണം എന്ന ചിത്രത്തിൽ മികച്ച കഥാപാത്രത്തെ അവതരി്പ്പിച്ചു. ഗൗതം മേനോൻ്റെ പുതിയ ചിത്രം എന്നൈ നോക്കി പായും തോട്ട എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. അതും വില്ലൻ കഥാപാത്രം തന്നെ.  റഹ്മാന് ശേഷം യുഎഇയിൽ നിന്ന് ഉദിച്ചുയർന്ന നക്ഷത്രമായ അശ്വിന് പിന്തുണയുമായി ഭാര്യ സുഷ്മിത എപ്പോഴും കൂടെയുണ്ട്. പത്ത് മാസം പ്രായമുള്ള അഖിലേഷാണ് ഏക മകൻ.

MORE IN GULF
SHOW MORE