വിമാനം വലിച്ചുനീക്കി വനിതാ പൊലീസിന്റെ ലോക റെക്കോർഡ്; സാഹസികത ദുബായിൽ

record
SHARE

എമിറേറ്റ്സ് ബോയിങ് 777-300 ആർ വിമാനം കെട്ടിവലിച്ചു നീക്കി ദുബായ് പൊലീസ് വനിതാ സംഘം ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചു. 77 പേർ ചേർന്നു വിമാനം 100 മീറ്റർ വലിച്ചുനീക്കി.ദുബായ് ഫിറ്റ്നസ് ചാലഞ്ചിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി. ദുബായ് പൊലീസ് മേധാവി മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി ഗിന്നസ് പ്രതിനിധികളിൽ നിന്നു സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.‌

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വെല്ലുവിളി ഏറ്റെടുത്ത് ആയിരങ്ങൾ ആരോഗ്യട്രാക്കിൽ ഇറങ്ങിയ ഒരുമാസത്തെ ഫിറ്റ്നസ് ചാലഞ്ച് ഫിനിഷിങ് പോയിന്റിലേക്ക് അടുക്കുകയാണ്. കഴിഞ്ഞമാസം 26നു തുടങ്ങിയ വ്യായാമ മേളയ്ക്കു സമാപനമാകുകയാണെങ്കിലും ആരോഗ്യ ശീലങ്ങളിലേക്കുള്ള ജൈത്രയാത്ര തുടരും. അനാരോഗ്യത്തെ മലർത്തിയടിക്കാനാണ് ദിവസവും അരമണിക്കൂർ എങ്കിലും വ്യായാമം ഉറപ്പാക്കാനുള്ള ഫിറ്റ്നസ് ചാലഞ്ച് നടത്തിയത്.

ദുബായ് ബുർജ് പാർക്കിൽ ഇന്നലെ വർണാഭമായ കാർണിവൽ അരങ്ങേറി. ഇന്നുച്ചയ്ക്ക് ഒന്നു മുതൽ രാത്രി എട്ടുവരെയും കാർണിവൽ ഉൾപ്പെടെയുള്ള പരിപാടികൾ അരങ്ങേറും. പ്രവേശനം സൗജന്യം. ചാലഞ്ചിന് ഇത്തവണവയും ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. ദിവസവും 30 മിനിറ്റ് വീതം 30 ദിവസം വ്യായാമം ചെയ്യുകയും അതു ദിനചര്യയുടെ ഭാഗമാക്കുകയും ചെയ്യുകയാണ് ദുബായ് ഫിറ്റ്നസ് ചാലഞ്ചിന്റെ ലക്ഷ്യം. അലസശീലങ്ങളെ തോൽപിച്ചു ചുറുചുറുക്കുള്ള ജീവിതത്തിലേക്കു കുതിക്കാനുള്ള സന്ദേശവുമായി തുടങ്ങിയ ദുബായ് ഫിറ്റ്നസ് ചാലഞ്ചിൽ കുട്ടികൾ മുതൽ വയോധികർ വരെ അണിനിരന്നു.

ബോളിവുഡ് താരം ഷാറൂഖ് ഖാൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ പ്രമുഖർ ചാലഞ്ചിനു പിന്തുണയുമായെത്തിയിരുന്നു. 10 ലക്ഷത്തിലേറെ പേർ പങ്കെടുത്തതായാണ് കണക്ക്. വിവിധയിടങ്ങളിൽ യോഗ, ബാസ്കറ്റ്ബോൾ , ബോക്സിങ്, മറ്റു കായിക ഇനങ്ങൾ എന്നിവ അരങ്ങേറി. മൂവായിരത്തിലേറെ ക്ലാസുകൾ, സെമിനാറുകൾ എന്നിവയും നടന്നു.

ദുബായിൽ വ്യായാമ പരിപാടികൾ തുടരും

ദുബായിലും സമീപമേഖലകളിലും തുടർന്നും സൗജന്യ പരിശീലന പരിപാടികൾ സംഘടിപ്പിക്കും. ദിവസവും ഏതെങ്കിലും രീതിയിലുള്ള വ്യായാമം ചെയ്യാനുള്ള ശീലം വളർത്തിയെടുക്കാൻ കഴിയുമെന്നാണു സംഘാടകരുടെ പ്രതീക്ഷ. കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ കൂടെ നടക്കുകയോ ഓടുകയോ നീന്തുകയോ ചെയ്യുന്നതു ശീലമാക്കണം. വ്യായാമത്തെ ജീവിതത്തിന്റെ ഭാഗമാമാക്കണമെന്നും ഓർമിപ്പിക്കുന്നു. സമയം തെറ്റിയുള്ള ഭക്ഷണ രീതികൾ, ഫാസ്റ്റ് ഫുഡ്, വൈകിയുറങ്ങുകയും എണീക്കുകയും ചെയ്യുക, പകലുറക്കം, അമിത മാംസോപയോഗം എന്നിങ്ങനെ ജീവിതത്തിലെ ദുശ്ശീലങ്ങൾ ഒഴിവാക്കണമെന്ന സന്ദേശവും നൽകുന്നു.

MORE IN GULF
SHOW MORE