അബുദാബിയിൽ കാമുകന്റെ ആഡംബര ജീവിതത്തിനായി കാമുകി വെട്ടിച്ചത് 39കോടി; അമ്പരപ്പ്

jail-love
SHARE

കാമുകനും സഹോദരനും വേണ്ടി ജോലി സ്ഥലത്തുനിന്നും 20 മില്യൺ ദിർഹം (ഏതാണ്ട് 39 കോടിയോളം രൂപ) മോഷ്ടിച്ച എമിറാത്തി യുവതിക്ക് ഏഴു വർഷം തടവുശിക്ഷ. അബുദാബി ക്രിമിനൽ പ്രാഥമിക കോടതിയാണ് 34 വയസ്സുള്ള എമിറാത്തി യുവതി 20,000 ദിർഹം പിഴയും മോഷ്ടിച്ച 20 മില്യൺ ദിർഹവും തിരികെ നൽകണമെന്ന് ഉത്തരവിട്ടത്.

യുവതിയുടെ കാമുകനും ഇയാളുടെ സഹോദരനും ആറു മാസം തടവു ശിക്ഷയും വിധിച്ചു. യുവതിയുമായി ചേർന്ന് പണം തട്ടിയെന്നും അവരെ ചൂഷണം ചെയ്യുകയും ചെയ്തുവെന്നാണ് കുറ്റം. ഇരുവരും 20,000 ദിർഹം വീതം പിഴ നൽകുകയും 3.5 മില്യൺ ദിർഹം ബാങ്കിൽ തിരികെ നൽകുകയും വേണം. അബുദാബിയിലെ ബാങ്കിങ് സ്ഥാപനത്തിൽ അക്കൗണ്ട് വിഭാഗത്തിൽ ഉന്നത സ്ഥാനത്ത് ജോലി ചെയ്യുന്ന യുവതി ഈ അവസരം മുതലെടുത്താണ് പണം തട്ടിയതെന്നാണ് കോടതി രേഖകൾ.

ജിസിസിയിൽ തന്നെയുള്ള 27 വയസ്സുള്ള കാമുകന് വൻ തുക കടബാധ്യത ഉണ്ടായിരുന്നു. ആ കടം മുഴുവൻ യുവതി തീർത്തു. യുവതിയെ വിവാഹം കഴിക്കാമെന്ന് ഇയാൾ വാഗ്ദാനം നൽകിയിരുന്നു. കൂടാതെ കാമുകനും കാമുകന്റെ സഹോദരനും റോൾസ് റോയ്സ്​ ഉൾപ്പെടെ വിലപിടിച്ച കാറുകളും നമ്പർ പ്ലേറ്റുകളും ബ്രാൻഡഡ് വാച്ചുകളും യൂറോപ്പിലേക്ക്​ ബിസിനസ്​ ക്ലാസ്​ ടിക്കറ്റും മറ്റും സമ്മാനിക്കുകയും ചെയ്തു. മോഷ്ടിച്ച പണമുപയോഗിച്ച്​ വാങ്ങിയ റോൾസ്​ റോയ്​സ്​, റേഞ്ച്​റോവർ കാറുകളും മറ്റു ചില വസ്​തുക്കളും പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാൽ, യുവതിയുടെ കാമുകൻ നേരത്തെ ഒരു വിവാഹം കഴിച്ചിരുന്നുവെന്ന് വ്യക്തമായെന്നാണ് കോടതി രേഖകൾ.

2016 ഓഗസ്റ്റ് മുതൽ 2017 ഏപ്രിൽവരെയുള്ള കാലത്തിനിടെയാണ് ഇത്രയും പണം മോഷ്ടിച്ചതെന്ന് യുവതി മൊഴി നൽകി. ചെയ്തത് തെറ്റായിരുന്നുവെന്ന് യുവതി സമ്മതിച്ചു. യുവാവിന്റെ പിതാവിന്റെ കമ്പനിയിൽ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും സഹായിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു. പണം തിരികെ നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നുവെന്നും യുവതി പറഞ്ഞു. എന്നാൽ, പണം ചോദിച്ചുവെന്ന കാര്യം യുവാവും സഹോദരനും നിഷേധിച്ചു. പണവും സമ്മാനങ്ങളും യുവതി സൗജന്യമായി നൽകിയതാണെന്ന് ഇരുവരും കോടതിയിൽ പറഞ്ഞു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.