ആത്മഹത്യാശ്രമം കാമുകനെ ഞെട്ടിക്കാനെന്ന് യുവതി; ദുബായില്‍ രണ്ടുപേര്‍ക്കും ശിക്ഷ

court-verdict
പ്രതീകാത്മക ചിത്രം, കടപ്പാട് ഇന്റർനെറ്റ്
SHARE

വിവാഹ വാഗ്ദാനം നൽകി വിവാഹത്തിന് മുൻപ് ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്ത കേസിൽ കോടതിയുടെ വിധി. ഒരു മാസത്തെ തടവുശിക്ഷ വിധിച്ച കോടതി ഇന്ത്യക്കാരായ സെയിൽസ് വുമണിനെയും കച്ചവടക്കാരനും ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്താനും ഉത്തരവിട്ടു. 26 വയസ്സുള്ള ഇന്ത്യക്കാരനായ കച്ചവടക്കാരന്റെ മാതാവ് ഇയാൾക്ക് നാട്ടിൽ വധുവിനെ തിരയുന്നുവെന്ന് മനസിലാക്കിയ 24കാരിയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

2017ൽ കണ്ടുമുട്ടിയ ഇരുവരും തമ്മിൽ പ്രണയത്തിലാവുകയായിരുന്നു. ഷാർജയിലും ദുബായിലും വച്ച് ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നുവെന്നാണ് കോടതി രേഖകൾ. കാമുകന്റെ മാതാവ് മറ്റൊരു പെൺകുട്ടിയെ വിവാഹത്തിനായി തിരയുന്നുവെന്ന് മനസിലാക്കിയ യുവതി ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ദുബായിലെ ഒരു മെട്രോ സ്റ്റേഷനിൽ കയ്യിലെ ഞരമ്പ് മുറിച്ച് രക്തം ഒഴുകുന്ന നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ജീവന്‍ രക്ഷിക്കുകയായിരുന്നു. ദുബായ് പൊലീസിന്റെ ചോദ്യം ചെയ്യലിൽ യുവാവിന്റെ മാതാവ് മറ്റൊരു പെൺകുട്ടിയെ മകന് വധുവായി ആലോചിക്കുന്ന കാര്യം അറിഞ്ഞപ്പോൾ താൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ഇന്ത്യൻ യുവതി മൊഴി നൽകി. പിന്നീട് കേസ് ദുബായ് പൊലീസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ ഒരു വർഷത്തോളമായി കച്ചവടക്കാരനുമായി പ്രണയത്തിലായിരുന്നുവെന്ന് യുവതി സമ്മതിച്ചു.

‘എന്റെ വീട്ടിൽവച്ചും അൽ ഗുഹാസിലെ ഹോട്ടലിൽ വച്ചും ഞങ്ങൾ ശാരീരികബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ഞാൻ പണം വാങ്ങിയിരുന്നില്ല. അയാൾ എന്നെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് സ്വർണ നെക്കലസ് സമ്മാനിച്ചിരുന്നു. അയാളുടെ മാതാവ് മറ്റൊരു പെൺകുട്ടിയെ വിവാഹത്തിനായി തിരയുന്നുവെന്ന് മനസിലാക്കിയപ്പോൾ കാമുകനെ ഞെട്ടിക്കുന്നതിനും നാടകീയതയ്ക്കും വേണ്ടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തന്നെ വിവാഹം കഴിക്കുമെന്ന വാക്ക് പാലിപ്പിക്കാനായിരുന്നു ഈ നീക്കം. വളരെ വിഷമത്തിലും സങ്കടത്തിലും നിൽക്കുമ്പോഴാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും‌’ യുവതി മൊഴിയിൽ പറഞ്ഞു. നിയമവിരുദ്ധമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനും ആത്മഹത്യാശ്രമത്തിനുമാണ് ഇരുവരെയും കോടതി ശിക്ഷിച്ചത്. ഇന്ത്യക്കാരായ ഇരുവരും കോടതി ഉത്തരവിനെതിരെ അപ്പീൽ കോടതിയെ സമീപിച്ചു. ഈ മാസം അവസാനം കേസ് പരിഗണിക്കും.

MORE IN GULF
SHOW MORE