ഉടുതുണിക്കു മറുതുണിയില്ലാതെ പെരുമഴയിൽ കുടുങ്ങി മലയാളി തീർഥാടന സംഘം

kuwait-flood
SHARE

ജറൂസലേം ഉൾപ്പെടെ പുണ്യസ്ഥലങ്ങളിൽ തീർഥാടനത്തിന് ശേഷം നാട്ടിലേക്കു മടങ്ങുകയായിരുന്ന 35 അംഗ മലയാളി സംഘം കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി. 14നു രാവിലെ കുവൈത്തിൽ എത്തിയ അവരുടെ തുടർവിമാനം റദ്ദക്കപ്പെട്ടതിനാൽ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. അഞ്ചു മണിക്കൂറിന് ശേഷം ഹോട്ടലിൽനിന്ന് ഇറക്കിയ അവരുടെ തുടർയാത്ര അവതാളത്തിലാവുകയായിരുന്നു.

അതിനിടെ പ്രളയം കാരണം വിമാനത്താവളം ഏകദേശം 12മണിക്കൂറോളം അടച്ചിട്ടത് സ്ഥിതി കൂടുതൽ വഷളാക്കി. വിമാനത്താവളം തുറന്നുവെങ്കിലും കുവൈത്ത് എയർവെയ്സ് ഉൾപ്പെടെയുള്ള വിമാനങ്ങൾ പലതും യാത്ര റി-ഷെഡ്യൂൾ ചെയ്തതിനാൽ ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയിലാണ് സംഘം. പ്രായമായവർ ഉൾപ്പെടെ 15 വനിതകളും സംഘത്തിലുണ്ട്. പലരുടെയും അത്യാവശ്യ മരുന്നുകൾ ബഗേജിനകത്ത് ആയതിനാൽ മരുന്ന് കഴിക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട്.

ഫാ.ഷാജി തുമ്പേച്ചിറയുടെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ചിനാണ് സംഘം കേരളത്തിൽ നിന്ന് പുറപ്പെട്ടത്. പ്രയാസകരമായ അവസ്ഥയിലാണ് സംഘം വിമാനത്താവളത്തിൽ കഴിയുന്നതെന്ന് ടൂർ ഓപ്പറേറ്റർ ആയ `ഗ്രാൻ ഹോളിഡേയ്സ്` ഉടമ ടിജോ ജോസഫ് അറിയിച്ചു. പെരുമഴയിൽ റൺ‌വേയിൽ വെള്ളം കയറിയതിനെ തുടർന്നു ബുധനാഴ്ച രാത്രി അടച്ചിട്ട കുവൈത്ത് വിമാനത്താവളം ഇന്നലെ ഉച്ചയോടെ ആണു തുറന്നത്. വിമാന സർവീസുകളിൽ പലതും മണിക്കൂറുകൾ വൈകിയാണു പുനരാരംഭിച്ചത്. ചില വിമാനങ്ങൾ റദ്ദാക്കി. പല വിമാനങ്ങളും ദമാം, റിയാദ്, മനാമ, ദോഹ,ഷാർജ എന്നിവിടങ്ങളിലേക്കു തിരിച്ചുവിട്ടു.

കൊച്ചിയിലേക്കുള്ള എയർ‌ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. ദമാമിലേക്കു തിരിച്ചുവിട്ടവയിൽ എയർ ഇന്ത്യയുടെയും ജെറ്റ് എയർവെയ്സിന്റെയും വിമാനങ്ങളും ഉൾപ്പെടും. കൊച്ചിയിൽ നിന്നുള്ള ഇൻഡിഗോ വിമാനം ദോഹയിൽ ഇറക്കി. ഇന്നലെ ഉച്ചയ്ക്കു കുവൈത്തിൽ ഇറങ്ങേണ്ടിയിരുന്ന കോഴിക്കോട്ട് നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് ഷാർജയിലേക്കു തിരിച്ചുവിട്ടു.

ഈ വിമാനം ഉച്ചകഴിഞ്ഞു 3.55നു കുവൈത്തിൽ ഇറങ്ങി. പ്രതികൂല കാലാവസ്ഥ കാരണം ഷുഐബ, ഷുവൈഖ്, ദോഹ തുറമുഖങ്ങളിലെ കപ്പൽ നീക്കം ഇന്നലെയും നിർത്തിവച്ചു. ബുധനാഴ്ച രാത്രിയോടെ പെയ്ത കനത്ത മഴയിൽ പല റോഡുകളും പുഴകളായി മാറി. പ്രധാന ഹൈവേകൾ അടച്ചിട്ടു.

MORE IN GULF
SHOW MORE