യാത്രയ്ക്കിടെ രേഖ കളഞ്ഞുപോയി; തിരഞ്ഞു കണ്ടുപിടിച്ച് ദുബായ് പൊലീസ്, അമ്പരപ്പ്

gulf-news-dubai-police
SHARE

ദുബായില്‍ യാത്രയ്ക്കിടെയാണ് ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ട രേഖകളിലൊന്ന് കളഞ്ഞുപോയത്. നാട്ടിയത്തിയ ശേഷമാണ് കാര്യമറിഞ്ഞത്. ദുബായ് പൊലീസിനെ അറിയിച്ചപ്പോള്‍ തിരഞ്ഞു കണ്ടെത്തി അത് നാട്ടിലേക്ക് അയച്ചുകൊടുത്തു.

യുഎഇ യാത്രയ്ക്കിടെ നഷ്ടപ്പെട്ട വിവാഹ സർട്ടിഫിക്കറ്റ് കണ്ടുപിടിച്ച് ദുബായ് പൊലീസ് വിനോദ സഞ്ചാരിയെ ഞെട്ടിച്ചു. ദുബായ് സന്ദർശനത്തിനുശേഷം നാട്ടിലെത്തിയപ്പോഴാണ് വിവാഹ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുവെന്ന കാര്യം സഞ്ചാരി മനസിലാക്കിയത്. തുടർന്ന് ദുബായ് പൊലീസിനെ ഇക്കാര്യം അറിയിക്കുകയും സഹായം ആവശ്യപ്പെടുകയുമായിരുന്നു. ഇയാൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും പൊലീസ് രേഖ കണ്ടെത്തുകയും സഞ്ചാരിയെ ഇക്കാര്യം അറിയിക്കുകയുമായിരുന്നു. 

നാട്ടിലെത്തിയ സഞ്ചാരി വളരെക്കാലം വിവാഹസർട്ടിഫിക്കറ്റ് തിരഞ്ഞുവെന്ന് ദുബായ് പൊലീസിലെ ലോസ്റ്റ് ആൻഡ് ഫൗണ്ട് ഡിപാർട്ട്മെന്റ് ഡയറക്ടർ കേണൽ റാഷിദ് ബിൻ സഫ്‍വാൻ പറഞ്ഞു. തുടർന്ന് ദുബായ് യാത്രയ്ക്കിടെ രേഖ നഷ്ടപ്പെട്ടുവെന്ന് മനസിലാക്കുകയും ഇക്കാര്യം ചൂണ്ടിക്കാണിച്ച് ദുബായ് പൊലീസിന് ഇമെയിൽ അയക്കുകയും ചെയ്തു. എന്നാൽ, എവിടെയാണ് സർട്ടിഫിക്കറ്റ് കളഞ്ഞുപോയതെന്ന് സഞ്ചാരിക്ക് ഉറപ്പില്ലായിരുന്നു. യാത്രയ്ക്കിടെ ഇയാൾ ബുക്ക് ചെയ്തിരുന്ന ഹോട്ടലുമായി ദുബായ് പൊലീസ് ബന്ധപ്പെടുകയും അവിടെ വച്ച് നഷ്ടപ്പെട്ട രേഖ കണ്ടെത്തുകയുമായിരുന്നുവെന്ന് കേണൽ സഫ്‍വാൻ പറഞ്ഞു. 

വിനോദ സഞ്ചാരി റൂം ഒഴിഞ്ഞു പോയതിനുശേഷം അവിടെ നിന്നും ചില കടലാസുകൾ ലഭിച്ചുവെന്നും ഇവ സൂക്ഷിച്ചുവയ്ക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഹോട്ടൽ അധികൃതർ പറഞ്ഞു. രേഖ തിരികെ ലഭിച്ച വിവരം അറിയിക്കാൻ പൊലീസ് സഞ്ചാരിയെ ഫോൺ ചെയ്യുകയും ഇയാൾ പൊലീസിന്റെ ഇടപെടലിന് നന്ദി പറയുകയും ചെയ്തു. വിവാഹ സർട്ടിഫിക്കറ്റ് തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇയാൾ പറഞ്ഞു. നഷ്ടപ്പെട്ട രേഖ വീണ്ടും ലഭിക്കണമെങ്കിൽ തന്റെ നാട്ടിൽ നിരവധി നിയമകുരുക്കുകൾ ഉണ്ടെന്നും വളരെ സമയമെടുക്കുന്ന പ്രവർത്തിയാണെന്നും ഇതിൽ നിന്നുമാണ് ദുബായ് പൊലീസ് രക്ഷിച്ചതെന്നും സഞ്ചാരി വ്യക്തമാക്കി. 

വിലപ്പെട്ട രേഖകളോ വസ്തുക്കളോ നഷ്ടപ്പെട്ടാൽ ഉടന്‍ തന്നെ വിവരം തങ്ങളെ അറിയിക്കണമെന്ന് കേണൽ റാഷിദ് ബിൻ സഫ്‍വാൻ പറഞ്ഞു. ഒരു സഞ്ചാരിയുടെ എന്തെങ്കിലും വസ്തു നഷ്ടപ്പെട്ടുവെന്ന് പരാതി ലഭിച്ചാൽ ഇത് കണ്ടെത്താൻ ഉടൻ തന്നെ ഒരു സംഘത്തെ ചുമതലപ്പെടുത്തും. ചിലപ്പോൾ ഈ വസ്തുക്കൾ തിരികെ സഞ്ചാരിയുടെ നാട്ടിലെത്തിക്കുകയും ചെയ്യും. എന്നാൽ, നിർഭാഗ്യവശാൽ ഇത്തരത്തിൽ എന്തെങ്കിലും വസ്തുക്കൾ നഷ്ടപ്പെട്ടാൽ ചില സഞ്ചാരികൾ അധികൃതരെ അറിയിക്കാറില്ലെന്നും കേണൽ വ്യക്തമാക്കി. കളഞ്ഞു കിട്ടുന്ന വസ്തുക്കൾ ഈ പ്രത്യേക സംഘം ഒരു മാസത്തോളം സൂക്ഷിക്കും. ഉടമസ്ഥർ എത്തിയില്ലെങ്കിൽ ഇവ ലേലത്തിനായി കൈമാറുകയാണ് പതിവ്. 

MORE IN GULF
SHOW MORE