നാട്ടിൽ പോയ കാമുകൻ മടങ്ങി വന്നില്ല; ഫോൺ സ്വിച്ച് ഓഫും; തിരഞ്ഞ് വിദേശി ഇന്ത്യയിൽ

representative-image-gulf
SHARE

കാമുകനെ കണ്ടെത്താൻ പൊലീസിന്റെ സഹായം തേടി മലേഷ്യൻ യുവതി തമിഴ്നാട്ടിൽ. സിംഗപ്പൂരിൽ ജോലി ചെയ്യുന്ന എസ്.മെനേഗയാണ് വെല്ലൂർ സ്വദേശിയായ ബസുവരാജിനെ തേടി ഗ്രാമത്തില്ല എത്തിയത്. എന്നാൽ, ബസുവരാജിന്റെ കുടുംബം ഇവരെ ഓടിച്ചു. ഇതേതുടർന്നു യുവതി വിവാഹത്തിനു പൊലീസിന്റെ സഹായം തേടി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനു ജില്ലാ പൊലീസ് മേധാവി നിർദേശം നൽകി. 

മെനേഗയും (34) ബസുവരാജും (32) സിംഗപ്പൂരിൽ ജോലി ചെയ്യുകയാണ്. രണ്ടു കുട്ടികളുടെ അമ്മയായ മെനേഗയെ ഭർത്താവ് ഉപേക്ഷിച്ചതാണ്. ഫെയ്സ്ബുക് വഴിയാണ് ഇരുവരും പരിചയത്തിലായത്. പിന്നീട് ഒന്നിച്ചു താമസം തുടങ്ങി. ബന്ധുക്കൾ വിവാഹത്തിനു നിർബന്ധിക്കുന്നതിനാൽ നാട്ടിലേക്കു പോകുന്നുവെന്നു പറഞ്ഞാണ് ബസുവരാജ് സിംഗപ്പൂരിൽ നിന്നു പോന്നത്. ഗ്രാമത്തിലെ ആചാരങ്ങൾ പ്രകാരം മെനേഗയെ വിവാഹം കഴിക്കുമെന്നും അതിനു ബന്ധുക്കളെ സമ്മതിപ്പിക്കാമെന്നും വാക്കു നൽകിയിരുന്നുവത്രെ. മെനേഗയോടു നാട്ടിലെത്താൻ ആവശ്യപ്പെട്ട് ഗ്രാമത്തിലെ മേൽവിലാസവും നൽകി. 

കഴിഞ്ഞ ദിവസം ടൂറിസ്റ്റ് വീസയിൽ ഇന്ത്യയിലെത്തിയ മെനേഗ വെല്ലൂരിലെത്തിയപ്പോൾ ബന്ധുക്കൾ സംസാരിക്കാൻപോലും തയാറായില്ല. ബസുവരാജിനെ കാണണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ഒരുവർഷമായി തങ്ങൾ ഒരുമിച്ചു താമസിക്കുകയാണെന്നും ഇക്കാര്യം ബസുവരാജിന്റെ ബന്ധുക്കൾക്ക് അറിയാമെന്നും മെനേഗ പറയുന്നു. ഫോണിൽ ബന്ധുക്കളുമായി പലതവണ സംസാരിച്ചിട്ടുണ്ട്. അന്നെല്ലാം സ്നേഹത്തോടെ പെരുമാറിയിരുന്ന അവർ താൻ നേരിട്ടെത്തിയപ്പോൾ നിലപാട് മാറ്റി. സെപ്റ്റംബർ 27 വരെ ബസുവരാജുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫാണ്. രണ്ടാഴ്ചയാണ് ടൂറിസ്റ്റ് വീസയുടെ കാലാവധി. അതിനു മുൻപേ ബസുവരാജിനെ കാണാൻ അവസരമൊരുക്കണമെന്നാണ് ഇവരുടെ അഭ്യർഥന.

MORE IN GULF
SHOW MORE