നിയന്ത്രണമുള്ള മരുന്നുകളുമായി യുഎഇയിൽ വരുന്നവർ ഓൺലൈനിൽ റജിസ്റ്റർ ചെയ്യണം

Dubai-medicines
SHARE

യു.എ.ഇ.യിൽ താമസിക്കുന്നവർക്കും സന്ദർശിക്കുന്നവർക്കും സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകൾ കൊണ്ടുവരുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രാലയം.  എന്നാൽ, നിയന്ത്രണമുള്ള മരുന്നുകളുമായി വരുന്നവർ ഓൺലൈനിൽ റജിസ്റ്റർ ചെയ്ത് അനുമതി നേടണം. യു.എ.ഇ.യിൽ നിയന്ത്രണമുള്ള മരുന്നുകൾ കൊണ്ടുവരുന്നതിനുമുൻപ് ഓൺലൈൻ വഴി അനുമതി തേടിയാൽ കസ്റ്റംസ് പരിശോധന അടക്കമുള്ള സമയനഷ്ടം ഒഴിവാക്കാം. 

ഓൺലൈൻ അപേക്ഷകൾക്കൊപ്പം ചികിത്സിക്കുന്ന ഡോക്ടറുടെ കുറിപ്പ് ഉൾപ്പെടെയുള്ള രേഖകൾ അപ്‍ലോഡ് ചെയ്യണം. ഒരു ദിവസത്തിനുള്ളിൽ ഓൺലൈനായിത്തന്നെ അനുമതി ലഭിക്കും. അധിക ചാർജുകളൊന്നും ഇതിനായി നൽകേണ്ടതില്ല. www.mohap.gov.ae എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. ഇതിൽ 'പേഴ്സണൽ സർവീസസ്' എന്ന ഭാഗത്താണ് വിവരങ്ങൾ ലഭ്യമാക്കിയിട്ടുള്ളത്. നിയന്ത്രമുള്ളതും അല്ലാത്തതുമായ മരുന്നുകളെക്കുറിച്ചുള്ള പൂർണവിവരങ്ങൾ വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. 

അതേസമയം, നിയന്ത്രമില്ലാത്ത മരുന്നുകൾ കൊണ്ടുവരുന്നതിന് മുൻകൂർ അനുമതി വേണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ ഉപയോഗത്തിനുള്ള മരുന്നുകൾ യു.എ.ഇ.യിൽ നിയന്ത്രണമില്ലാത്തവയാണെങ്കിൽ മൂന്നുമാസത്തേക്കുള്ളതും നിയന്ത്രണമുള്ളതാണെങ്കിൽ ഒരു മാസത്തേക്കും ഡോക്ടറുടെ കുറിപ്പോടെ മാത്രമേ കൊണ്ടുവരാൻ അനുവാദമുള്ളൂ.

MORE IN GULF
SHOW MORE