ഖഷോഗിയുടെ മൃതദേഹം എവിടെ; കരച്ചിലടക്കാതെ സൗദിയോട് ചോദ്യങ്ങളുമായി പ്രതിശ്രുത വധു

hatice-cengiz
SHARE

മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിലെ യഥാർഥ പ്രതികളെ സൗദി സംരക്ഷിക്കുന്നുവെന്ന് തുർക്കി പ്രസിഡൻറ് തയീപ് എർദോഗൻ. കൊലപാതകികളെ വെറുതെവിടില്ലെന്നും സത്യം പുറത്തുകൊണ്ടുവരുമെന്നും എർദോഗൻ മുന്നറിയിപ്പു നൽകി. അതേസമയം, കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങൾ സൗദി പുറത്തുവിടണമെന്ന് ഖഷോഗിയുടെ പ്രതിശ്രുതവധു ആവശ്യപ്പെട്ടു.

ഖഷോഗിയുടെ കൊലപാതകത്തിൽ പങ്കില്ലെന്ന് സൌദി ഭരണകൂടം ആവർത്തിക്കുന്നതിനിടെയാണ് തുർക്കി പ്രസിഡൻറ്ിൻറെ വിമർശനം. ഖഷോഗിയുടെ കൊലപാതകക്കേസ് പരിഹരിക്കാതെ വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും ഒഴിഞ്ഞുമാറിയിട്ട് കാര്യമില്ലെന്നും എർദോഗൻ വ്യക്തമാക്കി. കേസ് പകുതിവച്ച് അവസാനിപ്പിക്കാൻ ഒരുക്കമല്ല. ആരെയൊക്കെയോ രക്ഷിക്കാനുള്ള ശ്രമമാണ് സൌദി നടത്തുന്നതെന്നും എർദോഗൻ ആരോപിച്ചു. ഇസ്താംബുളിലെ സൌദി കോൺസുലേറ്റിനുള്ളിൽ കടന്ന പതിനഞ്ചംഗ സംഘത്തെ ആരാണ് അയച്ചതെന്ന തുർക്കി പ്രോസിക്യൂട്ടറിന്റെ ചോദ്യത്തിന് സൗദി പ്രോസിക്യൂട്ടർ വ്യക്തമായ മറുപടി നൽകിയില്ലെന്നും എർദോഗൻ പറഞ്ഞു. 

പതിനഞ്ചംഗ സംഘം തുർക്കിയിലെത്തിയത് സൗദി കിരീടാവകാശിയുടെ അറിവോടെയല്ലെന്നാണ് സൌദിയുടെ നിലപാട്. അതിനിടെ, ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോ, ജർമൻ ചാൻസിലർ ആഞ്ചെല മെർക്കൽ എന്നിവർക്ക് കൊലപാതകത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കൈമാറിയതായി എർദോഗൻ വ്യക്തമാക്കി. അതേസമയം, ഖഷോഗിയുടെ മൃതദേഹം എവിടെയാണെന്നു സൌദി വ്യക്തമാക്കണമെന്ന് ഖഷോഗിയുടെ പ്രതിശ്രുതവധു ആവശ്യപ്പെട്ടു. നീതിപൂർവകമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരാൻ യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ശ്രമിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

MORE IN GULF
SHOW MORE