അഞ്ചു ദിവസത്തെ യുഎഇ സന്ദർശനം പൂർത്തിയാക്കി; മുഖ്യമന്ത്രി മടങ്ങി

cmo
SHARE

നവകേരള നിർമിതിക്ക് പ്രവാസികളുടെ സഹായം തേടി യു.എ.ഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി മടങ്ങി. സാമ്പത്തിക സഹായത്തോടൊപ്പം വീടു നിർമാണം അടക്കമുള്ള മേഖലകളിൽ പ്രവാസികളുടെ സഹായം ഉറപ്പാക്കിയാണ് മുഖ്യമന്ത്രി മടങ്ങിയത്. തുടർന്നുള്ള നടപടികൾ ലോകകേരള സഭയുടെ നേതൃത്വത്തിൽ ഏകോപിപ്പിക്കും. 

കേരളത്തിലേതെന്നപോലെ പ്രവാസി മലയാളികളും നവകേരള നിർമിതിക്കായി സാലറി ചാലഞ്ച് ഏറ്റെടുക്കണമെന്നായിരുന്നു യുഎഇ സന്ദർശനത്തിൽ മുഖ്യമന്ത്രിയുടെ പ്രധാന നിർദേശം. ലുലു ഗ്രൂപ്പിലെ ഉന്നതഉദ്യോഗസ്ഥർ പത്തുകോടി രൂപ നൽകിയതടക്കം മലയാളികളായ നാൽപ്പതോളം പേർ സാലറി ചാലഞ്ചിന്റെ ഭാഗമാകുന്നതായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പ്രഖ്യാപിച്ചു. ലുലു എക്സ്ചേഞ്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഏഴ് കോടി രൂപ കൈമാറി. വീട്, സ്കൂൾ നിർമാണ പ്രവർത്തനങ്ങൾക്കും വിവിധ പ്രവാസിസംഘടനകൾ സഹായം പ്രഖ്യാപിച്ചു.  നിക്ഷേപസാധ്യത പ്രയോജനപ്പെടുത്തണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടും അനുകൂല നിലപാടാണ് വ്യവസായികൾ സ്വീകരിക്കുന്നത്. 

യു.എ.ഇയിലെ ഔദ്യോഗിക സന്നദ്ധസംഘടനയായ റെഡ് ക്രസൻറ് വീടുനിർമാണത്തിന് സഹായം നൽകാമെന്നു മുഖ്യമന്ത്രിയെ അറിയിച്ചു. അതേസമയം, തുടർപ്രവർത്തനങ്ങൾക്കായി ലോകകേരള സഭയുടെ നേതൃത്വത്തിൽ ഏഴ് എമിറേറ്റുകളിലും പ്രത്യേക സമിതി രൂപീകരിച്ച് പ്രവർത്തനം നടത്താനും തീരുമാനമായി. അബുദാബി, ഷാർജ, ദുബായ് എമിറേറ്റുകളിലെ സന്ദർശനത്തിനു ശേഷം പുലർച്ചെയോടെ മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തും.

MORE IN GULF
SHOW MORE