വാട്സാപ്പിലൂടെ പെൺവാണിഭ പരസ്യം; കുടുക്കിയത് ദുബായ് പൊലീസിന്റെ രഹസ്യനീക്കം

FACEBOOK-WHATSAPP/
SHARE

വാട്സാപ്പിലൂടെ പരസ്യം ചെയത് വീട്ടുജോലിക്കാരിയെ ആവശ്യക്കാർക്ക് കൈമാറാൻ ശ്രമിച്ച മൂന്ന് ബംഗ്ലാദേശികൾക്ക് അഞ്ചു വർഷം തടവ് ശിക്ഷ. മനുഷ്യക്കടത്ത് കേസിൽ ദുബായ് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്.

അബുദാബിയിലെ ഒരു കുടുംബത്തിലേക്കാണ് എത്യോപ്യക്കാരിയായ യുവതി ഒരു വർഷം മുൻപ് ജോലിക്കെത്തിയത്. എട്ടു മാസത്തെ ജോലിക്ക് ശേഷം ഒരു ഇന്തോനേഷ്യൻ കൂട്ടുകാരിയുടെ പ്രേരണയിൽ നഗരത്തിലെ ഈ വീട്ടിൽ നിന്നും ദുബായിലേക്ക് ഒളിച്ചോടി. കൂടുതൽ ശമ്പളം ദുബായിൽ കിട്ടുമെന്ന് മോഹിപ്പിച്ചായിരുന്നു സ്പോൺസറിൽ നിന്നുള്ള ഒളിച്ചോട്ടം . എന്നാൽ പെൺവാണിഭ സംഘത്തിലേക്കാണ് വീട്ടുജോലിക്കാരി എത്തിപ്പെട്ടത്. ജോലിക്കെന്നു വിശ്വസിപ്പിച്ച് ഇവരെ കറാമയിലെ ഒരു ഫ്ലാറ്റിൽ താമസിപ്പിച്ചു. സത്രീകളും പുരുഷന്മാരും ഒന്നിച്ചു കഴിയുന്നതായിരുന്നു താമസയിടം.

പുതിയ 'അൽപവസ്ത്രം ' വാങ്ങിക്കൊടുത്ത ശേഷം ലൈംഗിക തൊഴിലിന് നിർബന്ധിക്കുകയായിരുന്നു പ്രതികൾ. ഇതിനു വിസമ്മതിച്ചതോടെയാണ് സമൂഹമാധ്യമം വഴി ആവശ്യക്കാർക്ക് കൈമാറാൻ തീരുമാനിച്ചത്. ഇതനുസരിച്ച് 3000 ദിർഹം തുക നിശ്ചയിച്ച് വാണിഭ സംഘം ജോലിക്കാരിയെ ആവശ്യക്കാർക്ക് ലഭിക്കുമെന്ന് പരസ്യം ചെയ്യുകയായിരുന്നു.

ജോലിക്കാരിയെ വാങ്ങാനെത്തിയവരെന്നു പെൺവാണിഭ സംഘത്തെ ധരിപ്പിച്ച് ഒരുരഹസ്യ നീക്കത്തിലൂടെയാണ് പ്രതികളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇവർക്ക് പതിനായിരം ദിർഹം പിഴയും കോടതി ചുമത്തി. ശിക്ഷാ കാലാവധിക്ക് ശേഷം മൂന്നു പേരേയും നാടുകടത്താനും കോടതി ഉത്തരവിട്ടു. പ്രതികളിൽ ഒരാൾ ഒളിവിലാണ്.

MORE IN GULF
SHOW MORE