ഖഷോഗി എവിടെ ? അമേരിക്കയ്ക്കു സൗദി നൂറു മില്യൻ ‍ഡോളർ കൈമാറി; സംഭവിക്കുന്നതെന്ത്

us-saudi-khamoshi
SHARE

സൗദി അറേബ്യൻ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി എവിടെയെന്ന ചോദ്യത്തിനു ഇപ്പോഴും കൃത്യമായ ഉത്തരമില്ല. അമേരിക്ക ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ ഖഷോഗിയ്ക്കു എന്തു സംഭവവിച്ചുവെന്നു ആവർത്തിച്ചു ചോദിക്കുമ്പോഴും സൗദി അറേബ്യൻ ഭരണകൂടം മൗനം തുടരുന്നു. ഇതിനിടെയാണ് വിരോധാഭാസമുള്ള ഒരു സംഗതി നടന്നിരിക്കുന്നത്. 

ഖഷോഗി വിഷയത്തിൽ മുറുമുറുപ്പ് തുടരുന്നതിനിടെ സൗദി അമേരിക്കയ്ക്കു നൂറു മില്യൻ ‍ഡോളറാണ് കൈമാറിയത്. തുക സ്വീകരിച്ചെന്നു യുഎസ് അധികൃതർ സ്ഥിരീകരിച്ചു. ഖഷോഗിയുടെ തിരോധാനം ചർച്ച ചെയ്യാനായി യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക് പോംപിയോ റിയാദിൽ എത്തിയ ദിവസം തന്നെയാണ് തുക കൈമാറിയത്. ഖഷോഗിയുടെ തിരോധാനത്തെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും അന്വേഷണം പൂർത്തിയാകട്ടെയെന്നുമായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു പോംപിയോയുടെ പ്രതികരണം. 

അതേസമയം, മൈക് പോംപിയോയുടെ സന്ദർശനവും പണകൈമാറ്റവും തമ്മിൽ ബന്ധമില്ലെന്നാണ് സൗദിയുടെ വിശദീകരണം. സിറിയയിൽ ആഭന്തരസുരക്ഷയ്ക്കായി യുഎസിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് തുക നൽകിയത്. 

അമേരിക്കയും സൗദിയുടെ ശക്തമായ ബന്ധം സൂക്ഷിക്കുന്ന രാജ്യങ്ങളാണ്. സൗദി ഭരണാധികാരി മുഹമ്മദ് ബിൻ സൽമാനും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വളരെ അടുത്ത ബന്ധം പുലർത്തുന്നവരാണ്. ഖഷോഗിയുടെ തിരോധാനം മറക്കുന്നതിന്റെ ഭാഗമാണ് തുക കൈമാറ്റമെന്നാണ് ലോകരാഷ്ട്രങ്ങൾക്കിടെയിലെ സംസാരം. 

തുർക്കിയിൽ സൗദി മാധ്യമപ്രവർത്തകൻ കാണാതായ സംഭവത്തിൽ സൗദി രാജാവ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇസ്താംബുളിലെ സൗദി കോൺസുലേറ്റ്, തുർക്കിയുടെ അന്വേഷണസംഘം പരിശോധിക്കുമെന്നു വ്യക്തമാക്കിയതിനു പിന്നാലെയാണ് ആഭ്യന്തര അന്വേഷണം. 

സൗദി പൌരനും ഭരണകൂടവിമർശകനുമായ ജമാൽ ഖഷോഗിയെ ഈ മാസം രണ്ടിനാണ് ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ നിന്നു കാണാതായത്. സൗദി ഭരണകൂടത്തിന്റെ നിർദേശപ്രകാരം ഖഷോഗി കൊല്ലപ്പെട്ടതാകാമെന്ന സൂചനകൾക്കിടെയാണ് ഭരണാധികാരിയായ സൽമാൻ രാജാവ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനായി പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തി. 

അതിനിടെ, കോൺസുലേറ്റിനുള്ളിൽ കടന്നു പരിശോധന നടത്തുമെന്ന് തുർക്കി വ്യക്തമാക്കി. ഖഷോഗിയുടെ ആപ്പിൾ വാച്ചിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹം കൊല്ലപ്പെട്ടിരിക്കാമെന്നാണ് തുർക്കി വിശ്വസിക്കുന്നതെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 

MORE IN GULF
SHOW MORE