ചതിയിൽ കുടുങ്ങി; പതിനഞ്ചുകാരി ദുബായിൽ പെൺവാണിഭ സംഘത്തിൽ: നടന്നത്

rape-representative-image
SHARE

പതിനഞ്ചു വയസുളള പെൺകുട്ടിയെ പാസ്പോർട്ടിൽ വയസ്സു തിരുത്തി ദുബായിൽ എത്തിച്ചു ലൈംഗീകമായി പീഡിപ്പിക്കുകയും  പെൺവാണിഭത്തിനു നിർബന്ധിക്കുകയും ചെയ്ത പാക്ക് സ്വദേശികളായ രണ്ടു പുരുഷൻമാരുടെയും ഒരു സ്ത്രീയുടെയും അപ്പീൽ കോടതി തള്ളി. മൂവരും അഞ്ചു വർഷം ജയിൽ ശിക്ഷ അനുഭവിക്കണം. ഇക്കഴിഞ്ഞ ജൂലൈയിൽ ദുബായ് പ്രാഥമിക കോടതി പ്രതികൾ കുറ്റക്കാരാണെന്നു കണ്ടെത്തി അഞ്ചു വർഷം തടവും 20,000 ദിർഹം പിഴയും വിധിച്ചിരുന്നു. ഇതു ചോദ്യം ചെയ്താണ് 32, 38 വയസ്സുള്ള പുരുഷൻമാരും 27 വയസ്സുള്ള സ്ത്രീയും ദുബായ് അപ്പീൽ കോടതിയെ സമീപിച്ചത്. 

ശിക്ഷ കുറയ്ക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, തടവു ശിക്ഷ ശരിവച്ച കോടതി പിഴ ഒഴിവാക്കി പ്രതികളെ നാടുകടത്താനും ഉത്തരവിട്ടു. പെൺവാണിഭത്തിൽ പങ്കാളിയായ 25 വയസ്സുള്ള മറ്റൊരു പാക്ക് യുവതിയുടെ അപ്പീലും കോടതി തള്ളി. മൂന്നു വർഷത്തെ ജയിൽ ശിക്ഷയ്ക്കു ശേഷം ഇവരെയും നാടുകടത്താൻ ഉത്തരവിട്ടു. നാലു പേരും അപ്പീൽ കോടതിയിൽ കുറ്റം നിഷേധിച്ചു.

ജനുവരിയിൽ 27 വയസ്സുള്ള യുവതിയാണ് പെൺകുട്ടിയെ ഫോണിലൂടെ ബന്ധപ്പെട്ട് ദുബായിലെ നൈറ്റ്ക്ലബിൽ ഡാൻസറുടെ ജോലി നൽകാമെന്ന് വാഗ്ദാനം നടത്തിയത്. ഇതിനോട് പെൺകുട്ടി താൽപര്യം കാണിക്കുകയും ചെയ്തു. തുടർന്ന് 32 വയസ്സുള്ള പാക്ക് ക്ലർക്കും സുഹൃത്തും പാക്കിസ്ഥാനിൽ ചെന്ന് പെൺകുട്ടിയുടെ രണ്ടാനച്ഛനെ നേരിട്ട് കണ്ട് കാര്യങ്ങൾ അവതരിപ്പിച്ചു. ദുബായിൽ നൈറ്റ് ക്ലബിൽ ഡാൻസർ ആയി പോകാൻ രണ്ടാനച്ഛൻ സമ്മതിക്കുകയും ചെയ്തു. 32 വയസ്സുള്ള പാക്ക് പൗരൻ തന്നെയാണ് പെൺകുട്ടിയുടെ യാത്രാ രേഖകൾ ശരിയാക്കുകയും ദുബായിൽ എത്തിച്ച് നൈഫിലെ ഫ്ലാറ്റിൽ താമസിപ്പിക്കുകയും ചെയ്തത്.

ദുബായിൽ എത്തിക്കഴിഞ്ഞപ്പോഴാണ് താൻ ഡാൻസർ അല്ലെന്നും പെൺവാണിഭമാണ് ചെയ്യേണ്ടതെന്നും പെൺകുട്ടിക്ക് മനസിലായത്. ഇതിന് തയാറാകാതിരുന്ന പെൺകുട്ടി തന്നെ തിരികെ നാട്ടിലേക്ക് പോകാൻ അനുവദിക്കണമെന്നു ആവശ്യപ്പെട്ടു. എന്നാൽ, ഇതിനു അവിടെയുള്ളവർ സമ്മതിച്ചില്ല. പെൺകുട്ടിയെ ദുബായിൽ എത്തിക്കാൻ ചെലവായ പണം തിരികെ നൽകണമെന്ന് പറഞ്ഞു. മറ്റു വഴികൾ ഇല്ലാത്തതിനാൽ പ്രതികളുടെ ആവശ്യത്തിന് വഴങ്ങേണ്ടി വന്നുവെന്നും പെൺകുട്ടി പറഞ്ഞു.

ദുബായ് പൊലീസിന്റെ മനുഷ്യക്കടത്ത് വിരുദ്ധ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയെ ഫ്ലാറ്റിൽ നിന്നും രക്ഷിച്ചത്. ഈ അപാർട്ട്മെന്റ് പെൺവാണിഭകേന്ദ്രമായി പ്രവർത്തിക്കുകയായിരുന്നുവെന്നും വ്യക്തമായി. ആവശ്യക്കാരൻ എന്ന വ്യാജേന ദുബായ് പൊലീസ് സംഘത്തിലെ അംഗം എത്തുകയും അപാർട്ട്മെന്റ് റെയ്ഡ് ചെയ്യുകയുമായിരുന്നു. ഈ സമയമാണ് 25 വയസ്സുള്ള പാക്ക് യുവതിയെയും 32, 38 വയസ്സുള്ള പുരുഷൻമാരെയും പിടികൂടിയത്. തന്ത്രപൂർവം നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് പ്രതികൾ കുടുങ്ങിയതെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു. കേസിൽ രണ്ടു പേർ കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

‘ദുബായിലേക്ക് കൊണ്ടുവരുന്നതിന് അവർ പാസ്പോർട്ടിൽ എന്റെ വയസ്സ് തിരുത്തി. യാത്രാ രേഖകളിലും ഇത്തരത്തിൽ മാറ്റങ്ങൾ ഉണ്ടാക്കി. ദുബായിൽ എത്തിയപ്പോഴാണ് ഡാൻസർ ആയല്ല എന്റെ ജോലിയെന്നും പെൺവാണിഭ കേന്ദ്രത്തിലാണ് എത്തിയതെന്നും. ഇക്കാര്യം ചെയ്യാൻ സാധിക്കില്ലെന്നും തിരികെ വീട്ടിലേക്ക് പോകണമെന്നും പറഞ്ഞപ്പോൾ അവർ എതിർത്തു. വീട്ടിൽ പോകണമെങ്കിൽ എന്നെ ഇവിടെ എത്തിക്കാൻ ചെലവാക്കിയ 18,000 ദിർഹം തിരികെ നൽകണമെന്ന് പറഞ്ഞു. ഇതേ തുടർന്ന് എനിക്ക് അവർ പറയുന്നത് അനുസരിക്കേണ്ടി വന്നു. പ്രതികളായ രണ്ടു പുരുഷൻമാരും സ്ത്രീയും ആളുകളെ കൊണ്ടുവരുമായിരുന്നു. അവരുടെ ആവശ്യങ്ങൾക്കും വഴങ്ങേണ്ടിവന്നു’ – പെൺകുട്ടി കോടതിയിൽ പറഞ്ഞു.

MORE IN GULF
SHOW MORE