'നിന്റെ പണി ഞാൻ കളയും' ; ഇന്ത്യക്കാരനെ അപമാനിച്ച ബ്രിട്ടീഷുകാരന് ശിക്ഷ: ഓർമ്മയില്ലെന്ന് പ്രതി

representation-image
SHARE

ഇന്ത്യക്കാരനായ വിമാന ജീവനക്കാരനോടും പൊലീസ് ഉദ്യോഗസ്ഥനോടും മോശമായി പെരുമാറിയ ബ്രിട്ടിഷ് പൗരനു മൂന്നു മാസം ജയിൽ ശിക്ഷ. അമിതമായി മദ്യപിച്ച് വിമാനത്താവളത്തിൽ എത്തിയ 37 വയസ്സുള്ള പ്രതി ഇന്ത്യക്കാരനെ അപമാനിക്കുകയും കൈകൊണ്ട് മോശം ചേഷ്ടങ്ങൾ കാണിക്കുകയും ചെയ്തു. ഇതു ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെയും പ്രതി കയ്യേറ്റം ചെയ്തുവെന്നാണ് കേസ്. ജൂലൈയിൽ ദുബായിൽ നിന്നും എമിറേറ്റ്സ് വിമാനത്തിൽ ബെർമിംഹാമിലേക്ക് യാത്ര ചെയ്യേണ്ടിയിരുന്ന വ്യക്തിയാണ് പ്രതി. 

പൊലീസ് ഉദ്യോഗസ്ഥനോടും ഇന്ത്യക്കാരനോടും പ്രതി മോശമായി പെരുമാറിയെന്ന് കോടതിയിൽ വ്യക്തമായി. ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. പൊലീസുകാരനെ ജോലിയിൽ നിന്നും പരിച്ചുവിടുമെന്നും ഇന്ത്യക്കാരനു നേരെ കൈകൊണ്ട് മോശം ചേഷ്ട കാണിച്ചുവെന്നും പ്രതി സമ്മതിച്ചു. മദ്യപിച്ചതിന് 2000 ദിർഹം പിഴയും പ്രസീഡിങ് ജഡ്ജി വിധിച്ചു. ഞാൻ അമിതമായി മദ്യപിച്ചിരുന്നു. എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഓർത്തെടുക്കാൻ സാധിക്കുന്നില്ലെന്നും ബ്രിട്ടിഷ് പൗരന്‍ കോടതിയിൽ പറഞ്ഞു. ശിക്ഷ പൂർത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്താനും ഉത്തരവിട്ടു.

സംഭവം ഇങ്ങനെ

ചെക്ക് ഇൻ കൗണ്ടറിൽ എത്തിയ ഇയാൾ അമിതമായി മദ്യപിച്ചിരുന്നു. നടപടികളുടെ ഭാഗമായി ഇയാൾ ഇന്ത്യക്കാരനായ ഗ്രൗണ്ട് സ്റ്റാഫിന് പാസ്പോർട്ട് നൽകി. കാത്തിരിക്കാൻ ജീവനക്കാരൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ഉടൻ തന്നെ ഇയാൾ വരികയും തന്നെ അനാവശ്യമായി വൈകിപ്പിക്കുകയാണെന്നും പറഞ്ഞ് മോശമായി പെരുമാറാൻ തുടങ്ങി. ഇന്ത്യക്കാരനായ ജീവനക്കാരനെ ചീത്തവിളിക്കുകയും മാതാവിനെ അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തു. തുടർന്ന് കൈകൊണ്ട് മോശം ചേഷ്ടകളും കാണിച്ചു. 

താൻ ബ്രിട്ടിഷ് പൗരൻ ആണെന്നും ജോലി കളയിക്കുമെന്നും അതിനുള്ള സ്വാധീനം തനിക്കുണ്ടെന്നും പ്രതി ഇന്ത്യക്കാരനെ ഭീഷണിപ്പെടുത്തി. തുടർന്ന് ജീവനക്കാരന്റെ സമ്മതമില്ലാതെ ഇയാളുടെ സ്വകാര്യതയിലേക്ക് കടന്നു കയറി ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പൊലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോൾ ബ്രിട്ടിഷ് പൗരൻ അവരോടും മോശമായി പെരുമാറി. പൊലീസിനെ ചവിട്ടിയ ഇയാൾ അവരെ തള്ളിമാറ്റാനും ശ്രമിച്ചു. പൊലീസ്‍സേനയിൽ നിന്നും ഉദ്യോഗസ്ഥനെ മാറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഇന്ത്യക്കാരൻ പറയുന്നത് ഇങ്ങനെ

എല്ലാ യാത്രക്കാരുടെയും മുന്നിൽ വച്ചാണ് അദ്ദേഹം എന്നെ ചീത്തവിളിക്കുകയും അപമാനിക്കുകയും ചെയ്തത്. ഞാൻ ബ്രിട്ടിഷ് പൗരൻ ആണ് നിന്റെ ജോലിയിൽ നിന്നും പിരിച്ചുവിട്ട് തിരികെ വീട്ടിലേക്ക് അയക്കുമെന്നും ഭീഷണിപ്പെടുത്തി. പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ എടുത്ത ഇയാൾ എന്റെ ദൃശ്യങ്ങൾ പകർത്തി. ഇത് മറ്റുള്ള യാത്രക്കാരെ പ്രകോപിപ്പിച്ചു. എന്റെ വീട്ടിലുള്ള രക്ഷിതാക്കളെ കുറിച്ച് മോശമായി അയാൾ സംസാരിച്ചു. കൈകൊണ്ട് ചില ചേഷ്ടകൾ കാണിക്കുകയും ചെയ്തു.

MORE IN GULF
SHOW MORE