മാധ്യമ പ്രവർത്തകന്റ തിരോധാനം; സൗദിക്കെതിരെ കടുത്ത നടപടിയുമായി അമേരിക്ക

Jamal-Khashoggi-Trump
SHARE

തുർക്കിയിലെ സൌദി കോൺസുലേറ്റിൽ നിന്നു മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കാണാതായ സംഭവത്തിൽ അമേരിക്കയും ഐക്യരാഷ്ട്രസംഘടനയും ഇടപെടുന്നു. ഖഷോഗി കൊല്ലപ്പെട്ടതാണെങ്കിൽ സൌദിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകി. അതേസമയം, സൌദിയോടുള്ള പ്രതിഷേധസൂചകമായി ചില വ്യവസായികളും മാധ്യമങ്ങളും സൌദി നിക്ഷേപക സംഗമം ബഹിഷ്കരിക്കുമെന്നു വ്യക്തമാക്കി. 

സൗദി ഭരണകൂടത്തിന്റെ വിമർശകനായ മാധ്യമപ്രവർത്തകൻ ജമാല്‍ ഖഷോഗ്ഗിയെ ഈ മാസം രണ്ടുതുടങ്ങിയാണ് കാണാതായത്. ഇസ്താബുളിലെ സൗദി കോൺസുലേറ്റിൽ പ്രവേശിച്ചശേഷം ഖഷോഗ്ഗിയെ കാണാതായെന്നാണ് റിപ്പോർട്ട്. യുഎസ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പ്രസിഡൻറ് ട്രംപ് സൌദിക്ക് മുന്നറിയിപ്പു നൽകിയത്. സൌദി കിരീടാവകാശിയുടെ നിർദേശപ്രകാരം ഖഷോഗിയെ കൊലപ്പെടുത്തിയിരിക്കാമെന്ന വാർത്തയോട്, അക്കാര്യം അറിയില്ലെന്നും സത്യം പുറത്തുവരുമെന്നും ട്രംപ് വ്യക്തമാക്കി. സംഭവത്തിൽ സത്യം പുറത്തുകൊണ്ടുവരണമെന്ന് യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടേരാസും ഫ്രാൻസ് പ്രസിഡൻ്ര് ഇമ്മാനുവൽ മക്രോയും പറഞ്ഞു. അതേസമയം, ഈ മാസാവസാനം റിയാദിൽ നടക്കേണ്ട നിക്ഷേപക സംഗമം, ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് എന്നിവയിൽനിന്നും നിരവധി വ്യവസായികളും മാധ്യമങ്ങളും പിന്മാറുന്നതായാണ് വിവരം.

 മാധ്യമപ്രവർത്തകനെ കാണാതായ സംഭവത്തിൽ ദുരൂഹത നീക്കാതെ പരിപാടിയിൽ പങ്കെടുക്കില്ലെന്നു ഫിനാൻഷ്യൽ ടൈംസ്, ബ്ലൂംബർഗ്, സിഎൻഎൻ, സിഎൻബിസി എന്നീ മാധ്യമങ്ങൾ വ്യക്തമാക്കി. ലോകബാങ്ക് പ്രസിഡണ്ട് ജിം യോങ് കിം, ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലാണ് സംഗമം സംഘടിപ്പിക്കുന്നത്. അതിനിടെ, തിരോധാനവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിനായി സൌദി സംഘം അങ്കാറയിലെത്തി.

MORE IN GULF
SHOW MORE