ലുബാന്‍ ദിശമാറി; ദോഫാറില്‍ ശക്തമായ മഴ, മലയിടിച്ചിൽ, വൻനാശം

luban-cyclone
SHARE

സലാല: ലുബാന്‍ ചുഴലിക്കാറ്റ് യമന്‍ തീരത്തേക്ക് ഗതിമാറിയതിന് പിന്നാലെ ദോഫാര്‍ മേഖലയില്‍ മഴ ശക്തമായി. വാദികള്‍ നിറഞ്ഞൊഴുകി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. നിരവധി പേരെ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു. ശക്തമായ മഴയിലും കാറ്റിലും വന്‍ നാശനഷ്ടമാണ് മേഖലയിലുണ്ടായതെന്ന് പ്രദേശവാസികള്‍ പറയുന്നു.

102 പേരെയാണ് ഒരു ദിവസത്തിനിടെ രക്ഷപ്പെടുത്തിയത്. ദേശീയ സിവില്‍ ഡിഫന്‍സ് വിഭാഗം ഒരുക്കിയ ക്യാമ്പുകളിലുമായി 773 പേരാണ് കഴിയുന്നത്. മിര്‍ബാത്ത് വിലായത്തിലെ കടല്‍ തീരത്തോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ താമസിക്കുന്ന സ്വദേശികളും വിദേശികളെയും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് ഉദ്യോഗസ്ഥരെത്തിയാണ് രക്ഷപ്പെടുത്തിയത്. മുഴുവന്‍ പേരെയും ക്യാമ്പുകളിലേക്ക് മാറ്റി.

ദോഫാര്‍ ഗവര്‍ണറേറ്റില്‍ 24 മണിക്കൂറിനിടെ 91.4 മില്ലിമീറ്റര്‍ മഴ ലഭിച്ചതായി സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. സദാഹ് വിലായത്തിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്, 37.2 മില്ലിമീറ്റര്‍. ഖൈറൂന്‍ ഹൈറിത്ത് (11.2 മില്ലിമീറ്റര്‍), മിര്‍ബാത്ത് (10.2 മില്ലിമീറ്റര്‍), ശാലിം (9.0 മില്ലീമീറ്റര്‍) എന്നിങ്ങനെയാണ് മറ്റു സ്ഥലങ്ങളില്‍ ലഭിച്ച മഴയുടെ തോത്. രണ്ട് ദിവസം കൂടി ദോഫാറില്‍ കനത്ത മഴ തുടരുമെന്നും സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.

റോഡുകളില്‍ കല്ലും മണ്ണും

മഴ ശക്തമായതോടെ ദോഫാര്‍ ഗവര്‍ണറേറ്റിലെ വിവിധ വിലായത്തുകളില്‍ മലയിടിഞ്ഞു. റോഡുകളിലേക്ക് മണ്ണ് വീണതോടെ ഗതാഗതം തടസ്സപ്പെട്ടു. അല്‍ ശുവൈമിയ - ഹാസിക് റോഡിലാണ് ഏറ്റവും കൂടുതല്‍ മണ്ണുനിറഞ്ഞത്. ശാലിം വിലായത്തിലെ വിവിധ റോഡുകളിലും മണ്ണ് വീണ് ഗതാതതം തടസ്സപ്പെട്ടു. എന്നാല്‍, റോയല്‍ ഒമാന്‍ പോലീസ് ഉദ്യോഗസ്ഥരെത്തി റോഡുകളില്‍ നിന്നും തടസ്സങ്ങള്‍ നീക്കി ഗതാഗത യോഗ്യമാക്കി. 

'വിമാനത്താവളം അടച്ചിട്ടില്ല'

സലാല രാജ്യാന്തര വിമാനത്താവളം അടിച്ചിട്ടില്ലെന്നും സര്‍വ്വീസുകള്‍ സാധാരണ നിലയില്‍ തുടരുന്നതായും നാഷനല്‍ കമ്മിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ്. വിമാത്താവളത്തില്‍ വെള്ളം കയറിയെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കേണ്ട സാഹചര്യം നിലവിലില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചരണം തുടര്‍ന്നതോടെ അധികൃതര്‍ രംഗത്തെത്തുകയായിരുന്നു. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള അറിയിപ്പുകള്‍ മാത്രമെ പ്രചരിപ്പിക്കാവൂ എന്നും നാഷനല്‍ കമ്മിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി.

സ്‌കൂളുകള്‍ക്ക് അവധി

മേഖലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ദോഫാര്‍ ഗവര്‍ണറേറിലെ സ്‌കൂളുകള്‍ക്ക് ഞായറാഴ്ചയും അവധിയായിരിക്കുമെന്ന് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ സ്‌കൂളിനും അവധിയായിരിക്കും. നാളെ മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കും. വ്യാഴാഴ്ച മുതല്‍ സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. ഇതിനിടെ എട്ട് സ്‌കൂളുകള്‍ അധികൃതര്‍ ക്യാമ്പുകളാക്കി മാറ്റിയിട്ടുണ്ട്.

MORE IN GULF
SHOW MORE