മലയാളിയായ കമ്പനിയുടമ മുങ്ങി; പൊട്ടിക്കരഞ്ഞ് മുത്തുവേലു; പറ്റിക്കപ്പെട്ടത് നൂറിലേറെ പേർ

dubai-cargo
SHARE

ദെയ്റ നയിഫിലെ മലയാളിയുടെ അടഞ്ഞ കാർഗോ കമ്പനി ഒാഫിസിനു മുൻപില്‍ തടിച്ചുകൂടിയവരുടെ കൂട്ടത്തിൽ നിന്ന് ഒരാൾ പൊട്ടിക്കരഞ്ഞു. മുഹൈസിനയിൽ കെട്ടിട നിർമാണ കമ്പനിയിൽ ജോലി ചെയ്യുന്ന ചെന്നൈ സ്വദേശി മുത്തുവേലു. ഏറെ നാളത്തെ തന്റെ വിയർപ്പുതുള്ളികൾ വീണ പണം ചെലവഴിച്ച് ഇയാള്‍ വാങ്ങിയ വീട്ടുസാധനങ്ങൾ നഷ്ടമായതാണ് ഇൗ മധ്യവയസ്കന്റെ വിലാപത്തിനു കാരണം. 

നായിഫിൽ തന്നെ കഫ്റ്റീരിയ ജോലിക്കാരനായ കോഴിക്കോട് വടകര സ്വദേശി റഫീഖിന് തന്റെ ആദ്യത്തെ കൺമണിക്കുള്ള കുഞ്ഞുടുപ്പുകളടക്കമുള്ള സാധനങ്ങൾ അയച്ചത് എവിടെയെന്നറിയാത്ത അവസ്ഥയാണ്. കാസർകോട് എരിയാൽ സ്വദേശി ഹനീഫ് പുതിയ വീട്ടിലേയ്ക്കയച്ച വീട്ടുപകരണങ്ങള‌ടക്കം സാധനങ്ങളും ഇതയക്കാനായി നൽകിയ 25,000 ദിർഹവും പോയി. ഇത്തരത്തിൽ നൂറുകണക്കിന് പേരുടെ വിലപിടിപ്പുള്ള സാധനങ്ങളും പണവുമാണ് കാര്‍ഗോ ഉടമ മുങ്ങിയതോടെ നഷ്ടമായത്. ഇതുസംബന്ധമായി ഉപയോക്താക്കളിൽ പലരും പൊലീസിൽ പരാതി നൽകി.

ദെയ്റ നായിഫിൽ വെസ്റ്റ് ഹോട്ടലിന് പിൻവശത്ത് വർഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന മലയാളിയുടെ ഉടമസ്ഥതയിലുള്ള കാർഗോ – ഡോർ ടു ഡോർ സ്ഥാപനമാണ് 15 ദിവസം മുൻപ് ഒരു സുപ്രഭാതത്തിൽ  മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാപനങ്ങളിലേയ്ക്കു ഡോർ ടു ഡോർ കാർഗോ കപ്പൽ മാർഗവും വിമാന മാർഗവുമായിരുന്നു അയച്ചിരുന്നത്. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ ഇവരുടെ പതിവു ഉപയോക്താക്കളുമായിരുന്നു. കിലോയ്ക്ക് 11 ദിർഹം നിരക്കിലാണ് വിമാന മാർഗമുള്ള കാർഗോ നിരക്ക്. കപ്പൽമാർഗം എട്ട് ദിർഹവും. ഇത്തരത്തിൽ ഉപയോക്താക്കളിൽ നിന്നു വാങ്ങിയ ലക്ഷക്കണക്കിന് ദിർഹവുമായാണ് ഉടമ മുങ്ങിയത്. 

ഏറെ ദിവസങ്ങളായി തങ്ങളുടെ സാധനങ്ങൾ വീട്ടിലെത്തിയിട്ടില്ലെന്ന് അറിഞ്ഞപ്പോൾ പലരും കാർഗോ സ്ഥാപനത്തിലെത്തി അന്വേഷിക്കുകയായിരുന്നു. പക്ഷേ, കടയുടെ വാതിൽ അടഞ്ഞുകിടക്കുന്നതായാണ് കണ്ടത്. തൊഴിലാളികളും സാധാരണ ജോലിക്കാരും കഴിഞ്ഞ രണ്ടു വെള്ളിയാഴ്ചകളിലും സ്ഥലത്തെത്തുന്നുണ്ട്. ചിലർ മിക്ക ദിവസങ്ങളിലും വൈകിട്ട് ഇവിടെയെത്തി കട തുറക്കുന്നതും കാത്തിരിക്കുന്നു. ഇത്തരത്തിൽ മണിക്കൂറോളം തലയിൽ കൈ വച്ച് കടയ്ക്ക് മുന്നിൽ കുത്തിയിരിക്കുന്നത് പതിവു കാഴ്ചയായി. ബില്ലിലുള്ള ഫോൺ നമ്പരിൽ വിളിച്ചുനോക്കിയെങ്കിലും ഫോൺ നിലവിലില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് പരാതിപ്പെട്ടു. തങ്ങളു‌ടെ തുച്ഛമായ സമ്പാദ്യത്തിൽ നിന്ന് ബാക്കി വച്ച പണം കൊടുത്തു പ്രിയപ്പെട്ടവര്‍ക്കായി അയച്ച സാധനങ്ങൾ എന്നെങ്കിലും ലഭിക്കാതിരിക്കില്ല എന്ന പ്രതീക്ഷയിലാണ് ഇവരെല്ലാം.

MORE IN GULF
SHOW MORE