ബഹ്റൈനിൽ വാറ്റ് ജനുവരിയിൽ; അവശ്യസാധനങ്ങളെ ഒഴിവാക്കും

bahrain-new
SHARE

ബഹ്റൈനിൽ ജനുവരി ഒന്നുതുടങ്ങി അഞ്ചുശതമാനം വാറ്റ് നിലവിൽ വരും. വാറ്റ് നിയമത്തിന് ബഹ്റൈൻ പാർലമെന്റ് അംഗീകാരം നൽകി. അവശ്യസാധനങ്ങൾ ഒഴികെയുള്ള വസ്തുക്കൾക്കും സേവനങ്ങൾക്കും നികുതി ഏർപ്പെടുത്തും.

ഗൾഫ് മേഖലയിൽ സൌദി അറേബ്യക്കും യുഎഇക്കും പിന്നാലെയാണ് ബഹ്റൈനും മൂല്യവർധിത നികുതി ഏർപ്പാടാക്കുന്നത്. രണ്ടായിരത്തിപത്തൊൻപതു ജനുവരി ഒന്നു തുടങ്ങി വാറ്റ് നിലവിൽ വരും. ജീവിതച്ചെലവ് വർധിക്കുമെന്ന കാരണത്താൽ വാറ്റ് ബിൽ വീറ്റോ ചെയ്യണമെന്ന് ആവശ്യപ്പെട്ട പാർലമെന്ററി സമിതി പിന്നീട് നിലപാട് തിരുത്തിയിരുന്നു. 

തുടർന്ന് എംപിമാരുടെ അനുകൂലവോട്ടോടെ ബിൽ പാർലമെന്റിൽ പാസാക്കി. മൂല്യവർധിത നികുതി നടപ്പാക്കാനുള്ള ജിസിസി രാഷ്ട്രങ്ങളുടെ ഏകീകൃത കരാറിൽ ബഹ്റൈൻ ധനകാര്യ മന്ത്രി ഷെയ്ഖ് അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ ഒപ്പ് വെച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ബിൽ അവതരിപ്പിച്ചത്. 

ബഹ്റൈൻ നടത്തുന്ന സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായി വാറ്റ് ഏർപ്പെടുത്തണമെന്ന് ഐഎംഎഫും നിർദേശിച്ചിരുന്നു. അതേസമയം, അവശ്യ ഭക്ഷ്യ ഉല്പന്നങ്ങൾക്കും മരുന്നുകൾക്കും  അനുബന്ധ വസ്തുക്കൾക്കും വാറ്റ് ഏർപ്പെടുത്തില്ലെന്നാണ് സൂചന.

MORE IN GULF
SHOW MORE