മിസൈല്‍ തൊടുക്കും; എല്ലാവരും മരിക്കും’; ദുബായ് വിമാനത്തില്‍ അന്ന് നടന്നത്: എയര്‍ഹോസ്റ്റസ്

flight-1.jpg.image
SHARE

ചെറിയ അശ്രദ്ധ പലപ്പോഴും വലിയ വിമാനാപകടങ്ങൾക്ക് കാരണമാകാറുണ്ട്. അതുകൊണ്ട് തന്നെ പൈലറ്റുമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പിഴവ് വലിയ കുറ്റമായാണ് ഒാരോ രാജ്യവും കണക്കാക്കുന്നത്. പൈലറ്റിന്റെ ഭഗത്തുനിന്നുണ്ടായ ഗുരുതരമായ പ്രശ്നങ്ങളെക്കുറിച്ച് കോടതിയിൽ തുറന്നു പറയുകയാണ് ഒരു എയർഹോസ്റ്റസ്. ജോലിസമയത്ത് മദ്യപിച്ചും, യാത്രക്കാരെയും ജീവനക്കാരെയും ആശങ്കയിലാഴ്ത്തിയും വിമാനം തകർക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത ഓഫ് ഡ്യൂട്ടിയിലുള്ള പൈലറ്റിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാണ്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പ്രശ്നങ്ങൾക്ക് സാക്ഷിയായ എയർഹോസ്റ്റസ് കോടതിയെ അറിയിച്ചത്.

2018 ജൂൺ ഒന്നിന് വിമാനത്തിൽ നടന്ന കാര്യങ്ങളെല്ലാം യുവതി ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിൽ വ്യക്തമാക്കുകയും ചെയ്തു. ഇറാഖി മിസൈൽ ഉപയോഗിച്ച് വിമാനം തകർക്കുമെന്നാണ് ഓഫ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൈലറ്റ് ഭീഷണിപ്പെടുത്തിയത്. തന്റെ കൈവശം സ്ഫോടക വസ്തുക്കൾ ഉണ്ടെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. 

ഉസ്ബക്കിസ്ഥാൻ സ്വദേശിയായ എയർ ഹോസ്റ്റസ് കോടതിയിൽ കാര്യങ്ങൾ വിശദീകരിച്ചത് ഇങ്ങനെ: ‘മാൻഡ്രിൽ നിന്നും ദുബായിലേക്കായിരുന്നു വിമാനം. പ്രതിയായ വ്യക്തി ആദ്യം മുതൽ തന്നെ മോശമായ രീതിയില്‍ ആണ് പെരുമാറിയിരുന്നത്. അനുവാദം കൂടാതെ നാലു കാൻ ബിയർ ഇയാൾ എടുത്തു കഴിച്ചു. വിമാനം ഇറാഖിനു മുകളിലൂടെ പറക്കുമ്പോൾ ബാഗ്ദാദിലുള്ള തന്റെ സുഹൃത്തിനെ വിളിച്ചിട്ടുണ്ടെന്നും വിമാനത്തെ ലക്ഷ്യമാക്കി മിസൈൽ തൊടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതി പറഞ്ഞു. എല്ലാവരും മരിക്കാൻ പോവുകയാണെന്ന് ഇയാൾ ആക്രോശിച്ചു. ഒരു വിധത്തിൽ ഇയാളെ ശാന്തനാക്കി സീറ്റിൽ ഇരുത്തിയപ്പോൾ വിമാനത്താവളത്തിൽ ഒരു വിഐപി നമ്മളെ കാത്തിരിക്കുന്നുണ്ടെന്നും എല്ലാവരും മരിക്കുമെന്നും ഇയാൾ പറഞ്ഞു. എനിക്ക് സ്വന്തം ജീവനിലും കുടുംബത്തിന്റെ സുരക്ഷയിലും ഭയം തോന്നി. ജോലി പോകുമോ എന്നും ഭയന്നു. ഇപ്പോഴും ആ ഭയം ഉണ്ട്’–പ്രസീഡിങ് ജഡ്ജ് അറഫ മുഹമ്മദിന് മുന്നിൽ എയർ ഹോസ്റ്റസ് വ്യക്തമാക്കി. 

ഈ വിമാനത്തിൽ സ്പെയിനിലെ യുഎഇ എംബസിയിലെ നാലു ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. വിമാനത്തിൽ കയറി അൽപസമയം കഴിഞ്ഞപ്പോൾ ഞാൻ പുകവലിച്ചിട്ട് 15 മിനിറ്റായി എന്നു പ്രതി പറഞ്ഞു. വിമാനത്തിനുള്ളിൽ പുകവലിക്കാൻ സാധിക്കില്ലെന്നു ഞാൻ മറുപടി പറഞ്ഞു. ഒരു പൈലറ്റായ അദ്ദേഹത്തിന് ഇക്കാര്യം അറിയാത്തതല്ല. പ്രശ്നങ്ങൾ ഉണ്ടാക്കാനായിരുന്നു ശ്രമം. അടുക്കളയിൽ വന്ന് അനുവാദമില്ലാതെ രണ്ടു ബിയർ എടുക്കുകയും ചെയ്തു. മറ്റു യാത്രക്കാരെ ഉപദ്രവിക്കുകയും ചെയ്തുവെന്ന് എയർഹോസ്റ്റസ് കോടതിയിൽ പറഞ്ഞു. മൂന്നംഗ ബെഞ്ചിനു മുന്നിലായിരുന്നു കാര്യങ്ങൾ വിശദീകരിച്ചത്. പ്രതിയുടെ പെരുമാറ്റം എങ്ങനെയായിരുന്നുവെന്ന് നേരിട്ട് അഭിനയിച്ചു കാണിച്ചു നൽകാമെന്നും യുവതി പറഞ്ഞു. സംഭവ ദിവസം ഉണ്ടായിരുന്ന ക്യാബിൻ സൂപ്പർവൈസറും ഇക്കാര്യങ്ങൾ സമ്മതിച്ചു. കേസ് വീണ്ടും ഒക്ടോബർ 24ന് പരിഗണിക്കും.

ഷൂസ് ഊരി എറിഞ്ഞു, യാത്രക്കാരെ മർദിച്ചു

ഗുരുതരമായ നിരവധി വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പൈലറ്റിനെതിരെ കേസെടുത്തത്. വിമാന ജീവനക്കാരുടെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തി, ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു, ഭീഷണിപ്പെടുത്തുക, പൊതുമുതൽ നശിപ്പിക്കുക, ലൈസൻസ് ഇല്ലാതെ മദ്യപിക്കുക, മറ്റുയാത്രക്കാരെ അപമാനിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. വിമാനത്തിലെ ഒരു സീറ്റും ജനൽവാതിലിന്റെ ഒരു കവറും പ്രതി മനഃപൂർവം നശിപ്പിച്ചു. ഇതിന് ഏതാണ്ട് 10324 ദിർഹം വില വരും.

വിമാനത്തിലെ ജീവനക്കാർ നിർദേശിച്ചത് അനുസരിച്ചു ബ്രിട്ടിഷ് സർവീസ് മാനേജർ ആണ് വിഷയം പൊലീസിനെ അറിയിച്ചത്. ദുബായ് പൊലീസ് സംഘം വിമാനം ലാൻഡ് ചെയ്യുമ്പോൾ തന്നെ സ്ഥലത്ത് എത്തുകയും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. പ്രതിയായ വ്യക്തി വിമാനത്തിൽ കയറുമ്പോൾ തന്നെ സ്വബോധത്തിൽ അല്ലായിരുന്നുവെന്നു റൊമാനിയൻ ഫ്ലൈറ്റ് അറ്റൻഡ് പറഞ്ഞു. വിമാനം പുറപ്പെട്ട് ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ ഇയാൾ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി.

പൈലറ്റിനെ നിയന്ത്രിക്കാൻ ശ്രമിച്ച യാത്രക്കാരെയും ഉപദ്രവിച്ചു. ഷൂസ് ഊരിമാറ്റി എറിയാൻ ശ്രമിക്കുമ്പോൾ ഒരു യാത്രക്കാരൻ പ്രതിയെ തടഞ്ഞു. പിന്നീട്, ഇയാളെ ആക്രമിക്കുകയും നെഞ്ചിൽ ശക്തമായി ഇടിക്കുകയും ചെയ്തു. യാത്രക്കാരൻ താഴെ വീഴുകയും ചെയ്തു. തുടർന്ന് മറ്റൊരു യാത്രക്കാരൻ പ്രതിയെ പിടിച്ചു കെട്ടുകയായിരുന്നു. ഈ സമയത്താണു തന്റെ കൈവശം ബോംബ് ഉണ്ടെന്നും എല്ലാവരെയും തകർക്കുമെന്നും പൈലറ്റ് പറ‍ഞ്ഞത്. യാത്രക്കാർ എല്ലാവരും പരിഭ്രാന്തരായെന്നും ദൃക്സാക്ഷി മൊഴി നൽകി. 

തല വിമാനത്തിലെ ടെലിവിഷൻ സ്ക്രീനിൽ ഇടിച്ചു മുറിവുണ്ടാക്കിയ പ്രതി, ഇതു വിമാന ജീവനക്കാർ തന്നെ മർദിച്ചതിനെ തുടർന്ന് ഉണ്ടായതാണെന്ന് പറയുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. വിശദമായ പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. അമിതമായി മദ്യപിച്ചിരുന്നുവെന്നും ഇയാൾ പറഞ്ഞു.

MORE IN GULF
SHOW MORE