മസ്കത്തിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ പത്ത് പേര്‍ മരിച്ചു

muscut-fire-tragedy
SHARE

മസ്‌കത്ത്: ബാത്തിന ഗവര്‍ണറേറ്റിലെ സഹം ഖോര്‍ അല്‍ ഹമ്മാം പ്രദേശത്ത് വീടിന് തീപിടിച്ച് സ്വദേശി കുടുംബത്തിലെ പത്ത് പേര്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് തീപിടിത്തമുണ്ടായത്. പുക ശ്വസിച്ചാണ് പത്ത് മരണം സംഭവിച്ചതെന്നും പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അധികൃതര്‍ അറിയിച്ചു. തീപിടിത്ത സ്ഥലത്ത് സിവില്‍ ഡിഫന്‍സ് അധികൃതര്‍ എത്തും മുമ്പെ മരണം സംഭവിച്ചിരുന്നു.

താഴത്തെ നിലയിലെ മുറിയില്‍ നിന്നാണ് തീപിടിത്തമുണ്ടായത്. ഇത് മുകളിലെ നിലയിലേക്കുള്‍പ്പടെ പടര്‍ന്നു. ഈ സമയം ഉറങ്ങിക്കിടക്കുകയായിരുന്നു വീട്ടുകാര്‍ അമിതമായ പുകയില്‍ അകപ്പെടുകയും പുക ശ്വസിച്ച് മരണം സംഭവിക്കുകയായുമായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. തീ പൂര്‍ണമായും നിയന്ത്രിക്കുകയും മൃതദേഹങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു.

തീപിടിത്ത കാരണങ്ങള്‍ വ്യക്തമല്ല. അതേസമയം, അടിക്കടിയുണ്ടാകുന്ന താമസ സ്ഥലങ്ങളിലെ തീപ്പിടത്തങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസവും പിഎസിഡി എ താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വീടുകളില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണമെന്നും കാലപ്പഴക്കം ചെന്ന ഉപയോഗിക്കരുതെന്നും അധികൃതര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി മുന്നറിയിപ്പ് നല്‍കിയിരുന്നു

MORE IN GULF
SHOW MORE