ഷാർജയിൽ നിക്ഷേപസംബന്ധമായ എല്ലാ സേവനങ്ങളും ഇനി ഒരു കുടക്കീഴിൽ

Sharjah
SHARE

ഷാർജയിൽ നിക്ഷേപസംബന്ധമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിലാക്കുന്ന പദ്ധതിയുമായി ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി. വേഗത്തിലും സുതാര്യവുമായ സേവനം ഉറപ്പാക്കാൻ വേണ്ടിയാണ് പദ്ധതിയെന്ന് അതോറിറ്റി വ്യക്തമാക്കി. നിക്ഷേപകരുടെ പട്ടികയിൽ മുൻനിരയിലുള്ള ഇന്ത്യക്കാർക്ക് സഹായകരമാണ് പുതിയ പദ്ധതി

പ്രമുഖ വിവരസാങ്കേതിക കമ്പനിയായ ഇൻജാസത്തുമായി ചേർന്നാണ് 'ഷാർജ ഇൻവെസ്റ്റേർസ് സർവീസസ് സെന്റർ' എന്ന കേന്ദ്രമൊരുക്കുന്നത്. വിവിധ സർക്കാർവകുപ്പുകളിലെ നിക്ഷേപ സംബന്ധമായ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കൂടുതൽ സുതാര്യവും വേഗത്തിലുള്ളതുമായ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ശുറൂഖ് എക്സിക്യൂട്ടീവ് ചെയർമാൻ മർവാൻ അൽ സർക്കാലും ഇൻജാസത്ത് ബോർഡ് ചെയർമാൻ ഖാമിസ് ബിൻ സലിം അൽ സുവൈദിയും ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു. പല ഓഫീസുകൾ കയറിയിറങ്ങി നേടേണ്ട അനുമതികളും വിവരങ്ങളും ഒരു കുടക്കീഴിലെത്തിച്ച് ഏകീകൃത സംവിധാനം ഒരുക്കുന്നതിലൂടെ നിക്ഷേപകർക്കും സംരംഭകർക്കും ലളിതമായി നടപടിക്രമങ്ങൾ പൂർത്തിയാകാനാവും. 

ഷാർജ അൽ ഖസ്ബ ആസ്ഥാനമാക്കിയാവും നിക്ഷേപ സേവനകേന്ദ്രത്തിന്റെ പ്രവർത്തനം. പരിശീലനംനേടിയ സേവനദാതാക്കളും ഏറ്റവും നൂതനമായ ആശയവിനിമയ സംവിധാനങ്ങളും ഏകോപിപ്പിക്കുന്ന സേവനകേന്ദ്രം, പുതിയ സംരംഭങ്ങൾ ആരംഭിക്കാനുള്ള നടപടിക്രമങ്ങളുടെ വേഗം കൂട്ടും. ഒപ്പം നിക്ഷേപസാധ്യതകളെക്കുറിച്ചും ആവശ്യമുള്ള രേഖകളെക്കുറിച്ചുമെല്ലാം ആധികാരികമായ വിവരങ്ങളും ഈ കേന്ദ്രത്തിൽനിന്ന് ലഭ്യമാകുമെന്ന് ശുറൂഖ് എക്സിക്യൂട്ടീവ് ചെയർമാൻ മർവാൻ അൽ സർകാൽ അറിയിച്ചു. 

MORE IN GULF
SHOW MORE