ഗൾഫിൽ ചാകര, തകർത്ത് മീൻ വിപണി, ഉണക്കമീനും സമൃദ്ധം, വാങ്ങാൻ മുന്നിൽ മലയാളികൾ

fish-market
SHARE

കടൽ കനിഞ്ഞു തുടങ്ങിയതോടെ വിപണിയിൽ മീൻവരവ് കൂടി. എമിറേറ്റിലെ മാർക്കറ്റുകളിൽ എല്ലായിനം മീനുകളും ധാരാളമായി എത്തിത്തുടങ്ങി. അടുത്തമാസത്തോടെ ദുബായ് തീരത്തു ചാകരയെത്തുമെന്നാണു മൽസ്യത്തൊഴിലാളികളുടെ പ്രതീക്ഷ. ചൂടു കുറയുന്നതോടെ മീൻവരവു കൂടുകയും വില കുറയുകയും ചെയ്യും.

വാട്ടർഫ്രണ്ട് ‍‌തകർപ്പൻ വിൽപ്പനയാണ് നടക്കുന്നത്. ഒമാനിൽ നിന്നു ധാരാളം മൽസ്യം എത്തുന്നതായി വ്യാപാരികൾ പറയുന്നു. ആയിരം പല്ലി, വേളാപ്പാര, മത്തി, അയില, കോര, കൂന്തൽ എന്നിവയാണ് ഒമാനിൽ നിന്ന് ഇപ്പോൾ എത്തുന്നത്. വേളാപ്പാര കിലോ 20 ദിർഹം, ആയിരം പല്ലി 15 ദിർഹം, മത്തി മന്നിന് 15 ദിർഹം എന്നിങ്ങനെയാണ് ഏകദേശ വില. ഓരോ ദിവസവും വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകും. പതിവുകാർക്കായി പ്രത്യേക വില്‍പന വേറെയും. 

പലതരം മീനുകളുടെ മുട്ടയും സുലഭം. മലയാളികളും ഫിലിപ്പീൻ സ്വദേശികളും മൽസരിച്ചെന്നവണ്ണമാണു മീൻവാങ്ങുന്നത്. പലതരം ചെമ്മീനുകളും ധാരാളം. സൗദിയിൽ നിന്നു ഞണ്ട്, കൂന്തൽ, കസബിൽ നിന്നു കറുത്ത ആവോലി, വെളുത്ത ആവോലി, പാക്കിസ്ഥാനിൽ നിന്നും ബംഗ്ലദേശിൽ നിന്നും വരാൽ, മുഷി, കാരി, ഈജിപ്തിൽ നിന്ന് തിലാപ്പിയ എന്നിവ ധാരാളമായി എത്തുന്നുണ്ടെന്നാണ് മൽസ്യവ്യാപാരിയായ പരപ്പനങ്ങാടി സ്വദേശി വാഹിദ് പറയുന്നത്.

സാൽമൺ മൽസ്യം നോർവേയിൽ നിന്നാണു കൂടുതലായി എത്തുന്നത്. 45 ദിർഹം മുതലാണു കിലോയ്ക്കു വില. സാധാരണക്കാർക്ക് ഇതത്ര പഥ്യമില്ല. തായ്‌ലൻഡിൽ നിന്നുള്ള ഫ്രോസൻ തിലാപ്പിയയ്ക്കും ആവശ്യക്കാരേറെ. മലയാളികൾക്കു പൊതുവെ തിലാപ്പിയയോടു വലിയ താൽപര്യമില്ല. ഫിലിപ്പിനോകൾ തിലാപ്പിയ കണ്ടാൽ വിടുകയുമില്ല.

അടുത്തമാസം മുതൽ ദുബായ് കടലിലും മീൻ ലഭ്യത കൂടുന്നതോടെ വില ഇനിയും കുറയും. അയക്കൂറ, ഷേരി, സാഫി, മാലാൻ, തിണ്ട, വാള എന്നിവയുടെ വരവു കൂടും. ചൂടുകുറഞ്ഞതാണു മീൻ ലഭ്യത കൂടാൻ കാരണമെന്നും തൊഴിലാളികൾ പറയുന്നു.

വാട്ടർഫ്രണ്ട് മാർക്കറ്റിൽ ഉണക്കമീനും സമൃദ്ധമാണ്. നാട്ടിലേക്കാൾ കൂടുതൽ ഉണക്കമീൻ കിട്ടുമെന്നതിനാൽ ഇവിടെയും മലയാളികളുടെ തിരക്കുണ്ട്. ഉണക്ക സ്രാവ്, തിരണ്ടി, മുള്ളൻ, മാന്തൾ, അയില, കടവരാൽ, ചെമ്മീൻ തുടങ്ങിയവയുടെ കച്ചവടം പൊടിപൊടിക്കുന്നു. പച്ചക്കറി മാർക്കറ്റിലെ എല്ലാ വിൽപനകേന്ദ്രങ്ങളും വാടകയ്ക്കു പോയതോടെ നല്ല തിരക്കായി. കച്ചവടക്കാരിൽ നല്ലൊരു വിഭാഗം മലയാളികളാണ്.

അതുകഴിഞ്ഞാൽ പാക്കിസ്ഥാൻ സ്വദേശികൾ. മാർക്കറ്റിൽ തനിനാടൻ പച്ചക്കറികൾ സമൃദ്ധം. ഇന്ത്യയിൽ നിന്നും ഒമാനിൽ നിന്നും ധാരാളം പച്ചക്കറികൾ എത്തുന്നു. എന്നാൽ നാടൻ പാവയ്ക്കയുടെ വരവു കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. പ്രളയത്തിൽ വ്യാപക കൃഷിനാശമുണ്ടായതിനാൽ കേരളത്തിൽ നിന്നുള്ള പച്ചക്കറി വരവു കുറഞ്ഞതായും ചൂണ്ടിക്കാട്ടി. തണുപ്പുകാലമാകുന്നതോടെ യുഎഇയിലെ കൃഷിയിടങ്ങളിൽ നിന്നുള്ള പച്ചക്കറിവരവു കൂടും.

MORE IN GULF
SHOW MORE