മോഷണ ശ്രമം തടഞ്ഞ് മലയാളികൾ; സാഹസികം; ആദരിച്ച് ഒമാന്‍ പൊലീസ്: സംഭവിച്ചത്

malayali-honoured
SHARE

മോഷണ ശ്രമം തടയുകയും പ്രതികളെ സാഹസികമായി പിടികൂടുകയും ചെയ്ത മലയാളികളെ ആദരിച്ച് ഒമാൻ. റോയല്‍ ഒമാന്‍ പൊലീസാണ് മലയാളി യുവാക്കളുടെ ധീരകൃത്യത്തിന് അഭിനന്ദനവുമായി എത്തിയത്. മസ്‌കത്തില്‍ നിന്നു നൂറ് കിലോമീറ്റര്‍ അകലെ തര്‍മദിലെ മക്ക ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായ കണ്ണൂര്‍ സ്വദേശി റയിസ്, കണ്ണൂര്‍ തില്ലേങ്കരി സ്വദേശി നൗഷാദ്, കോഴിക്കോട് വടകര സ്വദേശി രാജേഷ് എന്നിവരാണ് പൊലീസിന്റെ ആദരവ് ഏറ്റുവാങ്ങിയത്. ബാത്തിന ഗവര്‍ണറേറ്റിലെ പൊലിസ് മേധാവി ബ്രിഗേഡിയര്‍. അബ്ദുല്ല അല്‍ ഗൈലാനി ഉപഹാരങ്ങള്‍ കൈമാറി. പൊലീസ് ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

തര്‍മദിലെ മക്ക ഹൈപ്പര്‍മാര്‍ക്കറ്റില്‍ കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് മോഷണ ശ്രമം നടന്നത്. താഴത്തെ നിലയിലെ പ്രധാന വാതിലിന്റെ പൂട്ട് പൊട്ടിച്ചാണ് പ്രതികള്‍ അകത്തുകയറിയത്. ഇതേസമയം, ഹൈപ്പര്‍മാര്‍ക്കറ്റിനകത്ത് സാധനങ്ങള്‍ ഒരുക്കിവെക്കുന്ന ഡ്യൂട്ടിയിലായിരുന്നു റയിസും നൗഷാദും രാജേഷും. ശബ്ദം കേട്ട് ഇവര്‍ മുന്‍വശത്തേക്ക് എത്തിയപ്പോഴാണ് മോഷ്ടാക്കളെ കണ്ടത്. കടയില്‍ ആളുണ്ടെന്ന് കണ്ട മോഷ്ടാക്കള്‍ മുന്‍ വശത്തെ വാതിലിെന്റ ചില്ല് ഇടിച്ചുപൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, പിന്നാലെ ഓടിയ മൂവരും ചേര്‍ന്ന് പ്രതികളില്‍ ഒരാളെ പിടികിട്ടി. 

ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. മിനിട്ടുകള്‍ക്കകം പൊലീസ് എത്തുകയും പിടിയിലായ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു ഇയാളില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് രണ്ടാമനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് തര്‍മത്ത് മക്ക ഹൈപ്പര്‍മാര്‍ക്കറ്റില്‍ മോഷണശ്രമം നടക്കുന്നത്. ഒരു തവണ പണം നഷ്ടപ്പെട്ടിരുന്നു. തുടര്‍ച്ചയായ മോണശ്രമങ്ങള്‍ മുന്‍നിര്‍ത്തി ജോലിയിലുണ്ടായിരുന്ന ജീവനക്കാരും ജാഗ്രതയിലായിരുന്നതിനാലാണ് മോഷണശ്രമം തടയാനും പ്രതികളെ പിടികൂടാനും സാധിച്ചത്.

കുറ്റകൃത്യം തടയുന്നതിനു പങ്കുവഹിച്ചതിനാണ് മലയാളികളെ ആദരിച്ചതെന്നു റോയല്‍ ഒമാന്‍ പൊലിസ് ട്വിറ്ററില്‍ അറിയിച്ചു. നിയമലംഘനങ്ങള്‍ക്കെതിരെ സ്വദേശികളും വിദേശികളും നല്‍കിവരുന്ന പിന്തുണക്ക് നന്ദി രേഖപ്പെടുത്തുന്നതായും പൊലീസ് വ്യക്തമാക്കി

MORE IN GULF
SHOW MORE