സൗദി ലുലുവില്‍ മലയാളി നടത്തിയത് ആസൂത്രിത തട്ടിപ്പ്; വെട്ടിച്ചത് 4.24 കോടി

saudi-lulu
SHARE

സൗദി അറേബ്യയില്‍ 2.23 മില്യൺ റിയാലിന്റെ (4.24 കോടി രൂപ) സാമ്പത്തിക വെട്ടിപ്പ് നടത്തി മുങ്ങിയ തിരുവനന്തപുരം സ്വദേശി ഷിജു ജോസഫ് (42) നടത്തിയത് ആസൂത്രിതമായ തട്ടിപ്പ്. നാലു വർഷത്തോളമായി റിയാദിലെ മുറബ്ബ ലുലു ഹൈപ്പർമാർക്കറ്റിൽ സൂപ്പർമാർക്കറ്റ് മാനേജറായിരുന്ന ഇയാൾ ജോലിയിലിരിക്കെയാണ് തട്ടിപ്പ് നടത്തിയതെന്ന് ലുലു അധികൃതർ പറഞ്ഞു. കമ്പനിയെ പറ്റിച്ച് നാട്ടിലേക്ക് മുങ്ങിയ ഇയാളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. 

തുടർന്നാണ് കഴിഞ്ഞ ദിവസം ഡിജിപി, തിരുവനന്തപുരം ജില്ലാ കലക്ടർ, സിറ്റി പൊലീസ് കമ്മിഷണർ തുടങ്ങിയവർക്ക് പരാതി നൽകിയത്. സൗദിയിലെ ഇന്ത്യൻ എംബസിക്കും ലുലു അധികൃതർ പരാതി നൽകി. പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം എസ്പിയ്ക്കും ഇന്ത്യൻ എംബസി അധികൃതർ കത്തയച്ചു. എത്രയും വേഗം വിഷയത്തിൽ നടപടിയെടുക്കണമെന്നും എംബസി അധികൃതർ ആവശ്യപ്പെട്ടു.

കോടികളുടെ തട്ടിപ്പ് ഇങ്ങനെ:

ജോലി ചെയ്യുന്ന സ്ഥാപനമറിയാതെ വിതരണക്കാരിൽ നിന്നും വൻതോതിൽ സാധനങ്ങൾ നേരിട്ട് ഓർഡർ ചെയ്ത് മറിച്ച് വിൽക്കുന്ന രീതിയായിരുന്നു ഷിജു അവലംബിച്ചിരുന്നതെന്ന് അധികൃതർ ആരോപിച്ചു. ഇതിനായി സ്ഥാപനത്തിന്റെ പേരിൽ വ്യാജരേഖകളും  സീലും മറ്റും തയാറാക്കിയായിരുന്നു തട്ടിപ്പ്. ഇങ്ങനെ ഓർഡർ ചെയ്ത് വാങ്ങിയ സാധനങ്ങൾ ഷിജു പുറത്ത് മറിച്ച് വിറ്റ് ധനാപഹരണം നടത്തുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

സാധനങ്ങൾ വാങ്ങിയ വകയിൽ ബില്ലുകൾ അക്കൗണ്ട്സിൽ എത്തിയപ്പോഴാണ് തട്ടിപ്പ് വിവരം പുറത്താകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇതിന്റെ സൂത്രധാരൻ ഷിജുവാണെന്ന് വ്യക്തമായി. തട്ടിപ്പിന്റെ വിവരം പുറത്ത് വരുന്നതിനു മുൻപു തന്നെ എമർജൻസി ലീവിൽ ഷിജു നാട്ടിലേക്ക് മുങ്ങിയിരുന്നു. 

എന്നാൽ, വീട്ടുകാരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഷിജു അവിടെ എത്തിയിട്ടില്ല എന്നാണ് അറിയാൻ സാധിച്ചത്. തുടർന്ന് കമ്പനി അധികൃതർ പൊലീസിലും മറ്റുള്ളവർക്കും പരാതി നൽകുകയായിരുന്നു. ഷിജുവിനെ കണ്ടെത്താനുള്ള അന്വേഷണം കഴക്കൂട്ടം പൊലീസ് ഊർജിതമാക്കി

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.