രൂപയുടെ മൂല്യം ഇടിഞ്ഞു; ഗൾഫിലെ പണമിടപാട് സ്ഥാപനങ്ങളിൽ തിരക്കേറി

രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗൾഫിലെ പണമിടപാട്  സ്ഥാപനങ്ങളിൽ തിരക്കേറി. പണം കടമെടുത്തും നാട്ടിലേക്ക് അയയ്ക്കാനുള്ള തിരക്കിലാണ് പ്രവാസിമലയാളികൾ. ചരിത്രത്തിലാദ്യമായി ദിർഹവുമായുള്ള വിനിമയത്തിൽ  രൂപയുടെ മൂല്യം പത്തൊൻപത് രൂപ അമ്പതു പൈസയിലെത്തി. 

എണ്ണവില ശക്തിപ്രാപിച്ചതാണ് ലോകസാമ്പത്തിക മേഖലയിൽ ചാഞ്ചാട്ടം ഉണ്ടാക്കിയത്.  ദുർബലമായിരുന്ന  ഇന്ത്യൻ രൂപയുടെ മൂല്യം കൂടുതൽ മോശം അവസ്ഥയിലാക്കി. രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലെത്തിയതോടെ വിദേശകറൻസികൾക്ക് ഏറ്റവും ഉയർന്ന നിരക്കാണ് ലഭിക്കുന്നത്. ഒരു ദിര്‍ഹത്തിന് ഇന്ന് ലഭിച്ച ഏറ്റവും കൂടിയ മൂല്യം പത്തൊൻപതു രൂപ  ഇരുപത്തിയഞ്ചു പൈസയാണ്. 

ഒമാനി റിയാൽ സർവകാല റെക്കോർഡ് ആയ185.50 പൈസ യിൽ എത്തി. കുവൈത്ത് ദിനാറിന് ഇന്നു ലഭിച്ചത് ഇരുന്നൂറ്റിമുപ്പത്തഞ്ചു രൂപ 50 പൈസയാണ്.ഇന്നലെ ഇത് ഇരുന്നൂറ്റിമുപ്പത്തിമൂന്ന് രൂപയായിരുന്നു. ബഹറിൻ ദിനാറു  മായുള്ള വിനിമയ നിരക്ക് നൂറ്റി എൺപത്തിഒന്പത് രൂപയിലെത്തി. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ  ഗൾഫ് നാടുകളിലെ പ്രവാസികൾ നാട്ടിലേക്ക് കൂടുതൽ പണം അയക്കുന്നുണ്ട്. ഈ ആഴ്ച ഇതേ നിരക്കു തുടരുമെന്നാണ് സൂചന.