വിമാനത്താവളത്തിൽ തനിച്ച് 12 മണിക്കൂർ, വയോധികയ്ക്ക് രക്ഷകരായി ദുബായ് പൊലീസ്

dubai-airport
SHARE

ദുബായ് വിമാനത്താവളത്തിൽ തനിച്ചായിപ്പോയ വയോധികയെ ദുബായ് പൊലീസ് തിരികെ കുടുംബത്തിന്റെ അരികിൽ എത്തിച്ചു. 12 മണിക്കൂറോളമാണ് ഇവർ വിമാനത്താവളത്തിൽ അകപ്പെട്ടത്. തുടർയാത്രയ്ക്കുള്ള വിമാനം നഷ്ടപ്പെട്ട സ്ത്രീയ്ക്ക് പുതിയ ടിക്കറ്റും സംഘം എത്തിച്ചു കൊടുത്തു. അമ്മയുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നു പറഞ്ഞ് മകൾ ദുബായ് പൊലീസിനെ വിളിച്ച് സഹായം അഭ്യർഥിക്കുകയായിരുന്നു. ജൊഹനാസ്ബെർഗിൽ താമസിക്കുന്ന മകളാണ് ദുബായ് വിമാനത്താവളത്തിൽ വച്ച് അമ്മയുമായുള്ള ബന്ധം നഷ്ടമായെന്നു കാണിച്ച് പൊലീസിനെ വിളിച്ചത്. 

യുഎസിലേക്കുള്ള വിമാനത്തിലായിരുന്നു ഈ സ്ത്രീ യാത്ര ചെയ്യേണ്ടിയിരുന്നതെന്ന് എയർപോർട്ട് സെക്യൂരിറ്റിയുടെ ഡയറക്ടറേറ്റ് ജനറൽ ഡയറക്ടർ ബ്രി. മുഹമ്മദ് ബിൻ ദയാലിൻ അൽ മസൂറി പറഞ്ഞു. വിമാനത്താവളത്തിൽ കുടുങ്ങിപ്പോയ സ്ത്രീയ്ക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും ഉയർന്ന രക്ത സമ്മർദം ഉണ്ടെന്നും ഫോൺ ചെയ്ത മകൾ അറിയിച്ചിരുന്നു. കൂടാതെ ഇവരുടെ കൈവശം അധികം പണവും ഉണ്ടായിരുന്നില്ലെന്നും മകൾ പറഞ്ഞതായി ബ്രി. മുഹമ്മദ് ബിൻ ദയാലിൻ അൽ മസൂറി വ്യക്തമാക്കി. ജോഹനാസ്ബെർഗിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിലാണ് സ്ത്രീ ദുബായിൽ എത്തിയത്. ഇവിടെ നിന്നും യുഎസിലേക്കുള്ള കണക്ഷൻ വിമാനത്തിലാണ് ഇവർ യാത്ര ചെയ്യേണ്ടിയിരുന്നത്

വിവരം ലഭിച്ചയുടൻ സുരക്ഷാ ഉദ്യോഗസ്ഥർ വയോധികയ്ക്കായി തിരച്ചിൽ ആരംഭിച്ചു. ഇവർ ബോർഡിങ് ഗേറ്റിൽ എത്തിയിട്ടില്ലെന്ന് ആദ്യ പരിശോധനയിൽ തന്നെ വ്യക്തമായി. തുടർന്ന് സ്ത്രീയുടെ പാസ്പോർട്ടിലെ ഫോട്ടോ എല്ലാ സുരക്ഷാ ഉദ്യോഗസ്ഥർക്കും കൈമാറി. രണ്ടു മണിക്കൂറിനുള്ളിൽ സ്ത്രീയെ ടെർമിനൽ മൂന്നിലെ ഒരു റസ്റ്ററന്റിൽ കണ്ടെത്തി. തളർന്ന അവസ്ഥയിലായിരുന്നു ഇവർ. ഉടൻ തന്നെ വെള്ളവും ഭക്ഷണവും ആവശ്യമായ വൈദ്യസഹായവും നൽകിയെന്ന് അധികൃതർ അറിയിച്ചു.

പോവാൻ ടിക്കറ്റ് എടുത്തിരുന്ന വിമാനം പോയതോടെ സ്ത്രീയുടെ തുടർ യാത്ര അനിശ്ചിതത്വത്തിലായി. എന്നാൽ, ഡയറക്ടർ ജനറൽ ഓഫ് എയർപോർട്ട് സെക്യൂരിറ്റി, ദുബായ് എയർപോർട്ട്, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി, എമിറേറ്റ്സ് എന്നിവർ ചേർന്ന് സ്ത്രീയ്ക്ക് തുടർയാത്രയ്ക്കുള്ള ടിക്കറ്റ് സൗജന്യമായി നൽകി. വിമാനത്താവളത്തിൽ നിന്നും പോകുന്നത് വരെ ഇവരുടെ ആരോഗ്യസ്ഥിതി കൃത്യമായി പരിശോധിച്ചിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. സ്ത്രീയുടെ മകളുമായി സംസാരിക്കാൻ വിമാനത്താവള അധികൃതർ സൗകര്യം ചെയ്തു നൽകി. തുടർന്ന്, മറ്റൊരു വിമാനത്തിൽ യാത്ര ചെയ്യാൻ സൗകര്യം ഏർപ്പാടാക്കിയ കാര്യം മകൾ ഇവരെ അറിയിക്കുകയും ചെയ്തു. 

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാട് യാഥാർഥ്യമാക്കാനാണ് തങ്ങൾ ശ്രമിച്ചതെന്ന് ബ്രി. മുഹമ്മദ് ബിൻ ദയാലിൻ അൽ മസൂറി പറഞ്ഞു. ആളുകൾക്ക് സന്തോഷം നൽകുകയെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനാൽ തന്നെ ജനങ്ങൾക്ക് പരമാവധി സൗകര്യങ്ങളും സന്തോഷവും നൽകും. എല്ലാ ഉപഭോഗ്താവിനും തൃപ്തി നൽകുന്ന രീതിയിൽ പ്രവർത്തിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

വിമാന അധികൃതർ നൽകിയ ദയയ്ക്കും ആതിഥ്യമര്യാദയ്ക്കും അമ്മയും മകളും നന്ദി അറിയിച്ചു. വയോധികയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകുകയും അവർക്ക് പ്രിയപ്പെട്ടവരുടെ അടുത്തേക്ക് സുരക്ഷിതമായി എത്തിക്കുകയും ചെയ്ത സംഘത്തെ എയർപോർട്ട് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടറേറ്റ് കേണൽ ഹമൗദ അഴ്‍ അമേരി അഭിനന്ദിച്ചു

MORE IN GULF
SHOW MORE