ഡബ് മാഷിലൂടെ ശ്രദ്ധേയായി; കൊച്ചുമിടുക്കി ദുബായിൽ നിന്ന് സിനിമയിലേയ്ക്ക്

യുഎഇയിൽ നിന്നുള്ള കൊച്ചു മലയാളി കലാകാരിയുടെ ഡബ് മാഷ് വീഡിയോകൾ വൈറലാകുന്നു. ദുബായ് വെസ്റ്റ് മിൻസ്റ്റർ സ്കൂളിലെ ഏഴാം തരം വിദ്യാർഥിനിയും മോഡലും  ബാലതാരവുമായ സമ്രീൻ രതീഷനാണ് പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ ശബ്ദവും ഭാവവും അനുകരിച്ച് ഡബ് മാഷ് വീഡിയോകൾ പുറത്തിറക്കുന്നത്. ഇത് സമൂഹ മാധ്യമങ്ങളിലൂടെ തരംഗമായിക്കഴിഞ്ഞു.

കൂടാതെ, ഡബ് മാഷിലെ പ്രകടനം സമ്രീന് ചലച്ചിത്രത്തിലും അവസരം നൽകി. അടുത്തിടെ നിർമാണം പൂർത്തിയായ പ്രസാദ് നൂറനാട് സംവിധാനം ചെയ്ത ചിലപ്പോൾ പെൺകുട്ടി എന്ന മലയാളം ചിത്രത്തിൽ ആദ്യമായി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. കശ്മീരിൽ ക്രൂരമായി കൊല ചെയ്യപ്പെട്ട ആസിഫ എന്ന പെൺകുട്ടിയുടെ ജീവിത കഥ ആധാരമാക്കിയാണ് ചിലപ്പോൾ പെൺകുട്ടി ഒരുക്കിയിട്ടുള്ളത്. മികച്ച കഥാപാത്രം ലഭിക്കുകയാണെങ്കിൽ തുടർന്നും സിനിമയിൽ അഭിനയിക്കാനാണ് ഇൗ 11 വയസ്സുകാരിയുടെ തീരുമാനം. 

വളരെ ചെറുപ്പം മുതലേ കലാരംഗത്ത് ശ്രദ്ധേയയായ സമ്രീൻ യുഎഇയിലെ വിവിധ മത്സരങ്ങളിൽ സമ്മാനം നേടിയിട്ടുണ്ട്. മികച്ച നർത്തകി കൂടിയാണ്. ഇൗ വർഷത്തെ മികച്ച ബഡ്ഡിങ് ആർടിസ്റ്റ് അവാർഡ്, യുഎഇയിലെ ഫാഷൻ ലീഗിൽ ഒരേയൊരു ചൈൽഡ് മോഡൽ, കൊച്ചിയിൽ നടന്ന ജൂനിയർ മോഡൽ ഹെൽഡിൽ ഫസ്റ്റ് റണ്ണർ അപ്പ് എന്നീ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. കൂടാതെ, ഇന്ത്യൻ ഫാഷൻ ലീഗ് ഒന്നിൽ റാംപ് വാക്ക് നടത്തിയിട്ടുമുണ്ട്. 

സമ്രീന്റെ മാതാവ് വിജി രതീഷും അറിയപ്പെടുന്ന മോഡലും ചലച്ചിത്ര നടിയുമാണ്. 2017ൽ  കൊച്ചിയിൽ നടന്ന മിസിസ് ഗ്ലോബൽ മത്സരത്തിൽ വിജി കിരീടം ചൂടിയിരുന്നു. ഹരിദാസ് സംവിധാനം ചെയ്ത പീരങ്കിപ്പടയും തേനീച്ചയും എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ, ദുൽഖർ സൽമാനെ നായകനാക്കി ബി.സി.നൗഫൽ ഒരുക്കുന്ന ഒരു യമണ്ടൻ പ്രേമ കഥ എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

ദുബായ് എൻഎംസിയിൽ ഉദ്യോഗസ്ഥനായ രതീഷനാണ് പിതാവ്. സഹോദരൻ ആദിത്യ രതീഷൻ മണിപ്പാലിൽ മാസ്സ് കമ്മ്യൂണിക്കേഷന് പഠിക്കുന്നു. സമ്രീനെ ബന്ധപ്പെടാനുള്ള നമ്പർ: +971 55 224 3986.