വെള്ളപ്പൊക്കക്കെടുതി: പ്രവാസികൾക്കും സഹായിക്കാം, സേവന ഫീസില്ല

idukki-rain-water
SHARE

അബുദാബി: കേരളത്തിൽ വെള്ളപ്പൊക്കക്കെടുതിയിൽ വിഷമിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരള സർക്കാർ രൂപീകരിച്ച ദുരിതാശ്വാസ നിധിയിലേക്ക് ഗൾഫിൽ നിന്നുൾപ്പെടെ ലോകത്തിലെല്ലായിടത്തുമുള്ള യൂണിമണി - യുഎഇ എക്സ്ചേഞ്ച് ശാഖകളിൽ നിന്ന് സേവന ഫീസ് കൂടാതെ പണമയക്കാൻ സംവിധാനമായി. മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രത്യേക അഭ്യർത്ഥന മാനിച്ച് പ്രസ്തുത സേവനം ലഭ്യമാക്കാൻ തങ്ങൾ തീരുമാനിച്ചതായി ഫിനാബ്ലർ എക്സിക്യൂട്ടീവ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒ.യുമായ പ്രമോദ് മങ്ങാട്ട് വാർത്ത സ്ഥിരീകരിച്ചു. 

തിരുവനന്തപുരത്ത് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ചുള്ള അവലോകന വിവരങ്ങൾ മാധ്യമങ്ങളോട് വിശദീകരിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഗൾഫിൽ കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിലെ യൂണിമണി ശാഖകളിൽ നിന്നു യുഎഇ, ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിലെ യുഎഇ എക്സ്ചേഞ്ച് ശാഖകളിൽ നിന്നും Chief Minister's Distress Relief Fund (CMDRF), Account Number:  67319948232, Bank: State Bank of India, City Branch, Thiruvananthapuram, IFS Code: SBIN0070028 എന്ന അക്കൗണ്ടിലേക്ക് അയക്കുന്ന എല്ലാ ഇടപാടുകളും സൗജന്യമായിരിക്കും. ഈ വിധത്തിൽ അയക്കുന്ന പണത്തിന് നാട്ടിൽ നൂറ് ശതമാനം നികുതിയിളവും സർക്കാർ അനുവദിച്ചിട്ടുണ്ട്. യൂണിമണിയും യുഎഇ എക്സ്ചേഞ്ചും പ്രവർത്തിക്കുന്ന എല്ലാ നാടുകളിൽ നിന്നുമുള്ള ഇടപാടുകൾക്ക് ഈ സൗജന്യങ്ങൾ ബാധകമാണ്.

യൂണിമണി, യുഎഇ എക്സ്ചേഞ്ച്, എക്സ്‌പ്രസ് മണി, ട്രാവലക്സ് തുടങ്ങിയ ബ്രാൻഡുകൾ ഉൾക്കൊള്ളുന്ന ഫിനാബ്ലർ ഹോൾഡിങ് കമ്പനിയുടെ ചെയർമാൻ ഡോ.ബി.ആർ.ഷെട്ടി നേരത്തെ മുഖ്യമന്ത്രിയുടെ പ്രസ്തുത നിധിയിലേക്ക് രണ്ട് കോടി രൂപ വാഗ്‌ദാനം ചെയ്തിട്ടുണ്ട്. ചില മാധ്യമങ്ങൾ ശേഖരിക്കുന്ന സഹായ ഫണ്ടുകളിലേക്കും യുഎഇ എക്സ്ചേഞ്ച്, എൻ.എം.സി.സ്ഥാപനങ്ങൾ 25 ലക്ഷം രൂപ നൽകിയിട്ടുണ്ട്‌. ഇതോടൊപ്പം ഇവരുടെ ജീവനക്കാരും കെടുതിയിൽ പെട്ടവർക്കു വേണ്ടി സംഭാവനകൾ സ്വരൂപിക്കുകയും സാധനസാമഗ്രികൾ സമാഹരിച്ച് എത്തിക്കുകയും ചെയ്യുന്നുണ്ടെന്ന് പ്രമോദ് മങ്ങാട്ട് പറഞ്ഞു. കേരളത്തിലെ ജനജീവിതം സാധാരണ നില വീണ്ടെടുക്കുന്നതു വരെ എല്ലാ ആശ്വാസ പ്രവർത്തനങ്ങളിലും തങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MORE IN GULF
SHOW MORE