രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു, പ്രവാസികള്‍ക്ക് കോളടിച്ചു

money-exchanging
SHARE

അബുദാബി: രാജ്യാന്തര വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു രൂപവുമില്ലാതെ ഇടിഞ്ഞതോടെ പ്രവാസികള്‍ക്ക് ചരിത്രത്തിലെ എക്കാലത്തെയും മികച്ച നേട്ടം. വിനിമയ നിരക്ക് ഗള്‍ഫ് കറന്‍സികളുടെ മൂല്യത്തിലും ചലനമുണ്ടാക്കിയതാണ് ഇടപാടില്‍ പ്രവാസികള്‍ക്ക് കൂടുതല്‍ രൂപ ലഭിക്കാനിടയായത്. ഇതോടെ പണമിടപാട് സ്ഥാപനങ്ങളിലേക്ക് പ്രവാസികളുടെ ഒഴുക്കായിരുന്നു.

യുഎഇ ദിര്‍ഹമിന് 19 രൂപയ്ക്ക് മുകളില്‍ കടക്കുന്നത് ചരിത്രത്തില്‍ ആദ്യം. ആഗോള വിപണിയില്‍ ഇന്നലെ രാവിലെ പ്രസിദ്ധീകരിച്ച മികച്ച നിരക്ക് ഒരു ദിര്‍ഹമിന് 19 രൂപ 06 പൈസയായിരുന്നു. എന്നാല്‍ ഇത് ഏറെ സമയം നീണ്ടുനിന്നില്ല.  പ്രാദേശിക വിപണിയില്‍ ഒരു ദിര്‍ഹമിന് 18 രൂപ 93 പൈസയാണ് ഇന്നലെ നല്‍കിയ മെച്ചപ്പെട്ട നിരക്ക്.  വിപണിയിലെ ചാഞ്ചാട്ടവും എക്സ്ചേഞ്ചുകളുടെ മാറ്റവും അനുസരിച്ച് ഈ നിരക്കില്‍ നേരിയ വ്യത്യാസമുണ്ടായിരുന്നു.

ഒരു ദിര്‍ഹമിന് 18.90, 18.91, 18.92, 18.93 രൂപ എന്നിങ്ങനെയാണ് യുഎഇയിലെ പ്രമുഖ എക്സ്ചേഞ്ചുകള്‍ തിങ്കളാഴ്ച നല്‍കിയ നിരക്ക്. ഒരു ലക്ഷം രൂപയെക്കാള്‍ കൂടുതല്‍ അയക്കുന്നവര്‍ക്ക് അല്‍പം മെച്ചപ്പെട്ട നിരക്ക് നല്‍കാമെന്ന വാഗ്ദാനത്തിലും ചില എക്സ്ചേഞ്ചുകള്‍ ജനങ്ങളെ ആകര്‍ഷിച്ചിരുന്നു.  ആയിരം ഇന്ത്യന്‍ രൂപ ലഭിക്കാന്‍ ഇന്നലെ 52 ദിര്‍ഹം 82 ഫില്‍സ് നല്‍കിയാല്‍ മതിയായിരുന്നു.

അമേരിക്കയുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ന്നതും ഡോളര്‍ ശക്തിപ്രാപിച്ചതുമാണ് കറന്‍സി വിപണിയില്‍ പ്രതിഫലിച്ചത്. ഇതോടൊപ്പം കഴിഞ്ഞ വെള്ളിയാഴ്ച തുര്‍ക്കിയില്‍നിന്നുള്ള സ്റ്റീല്‍, അലൂമിനിയം എന്നിവയ്ക്ക് അമേരിക്ക 100 ശതമാനം ഇറക്കുമതി നികുതി കൂട്ടിയതും വിനിമയ നിരക്കില്‍ ചലനമുണ്ടാക്കി. ഇതേതുടര്‍ന്ന് തുര്‍ക്കി കറന്‍സിയായ ലിറയുടെ മൂല്യം ഡോളറിനെതിരെ എട്ടു ശതമാനം ഇടിഞ്ഞു. ഈ വര്‍ഷം ഇതുവരെ ഡോളറിനെതിരെ ലിറയുടെ മൂല്യം 45 ശതമാനം ഇടിഞ്ഞിരുന്നു. ഇത് ഇന്ത്യ ഉള്‍പെടെ മറ്റു രാജ്യങ്ങളുടെ കറന്‍സിക്കും പ്രഹരമായി. ഈ സന്ദര്‍ഭത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വേണ്ട രീതിയില്‍ ഇടപെട്ടില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാവുകയും രൂപയുടെ മൂല്യം ഇനിയും ഇടിയാന്‍ കാരണമാവുകയും ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ധനും  ഐബിഎംസി സി.ഇ.ഒയും എംഡിയുമായ പി.കെ സജിത് കുമാർ പറഞ്ഞു. സമീപ ഭാവിയില്‍ ഡോളറിനെതിരെ രൂപ 70ലെത്തുമെന്നും സൂചനയുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപം പിന്‍വലിച്ച് ഡോളറില്‍ നിക്ഷേപിക്കാനുള്ള സാധ്യത കൂടുന്നതും രൂപയ്ക്ക് ക്ഷീണമാകും. 2019ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പും നിയന്ത്രാണാതീതമായ പണപ്പെരുപ്പവും രൂപയുടെ ചാഞ്ചാട്ടത്തിന് കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു. 

കുവൈത്ത് ദിനാറിന് 230 രൂപ 78 പൈസയാണ് രാജ്യാന്തര വിപണിയിലെ നിരക്കെങ്കിലും എക്സ്ചേഞ്ചുകള്‍ നല്‍കിയത് 228 രൂപയായിരുന്നു.  ഒമാനി റിയാല്‍ 181 രൂപ 92 പൈസ, ബഹ്റൈന്‍ ദിനാറിന് 185 രൂപ 72 പൈസ, ഖത്തര്‍ റിയാലിന് 19 രൂപ 23 പൈസ, സൌദി റിയാലിന് 18 രൂപ 67 പൈസ എന്നിങ്ങനെയാണ് രാജ്യാന്തര വിപണിയിലെ ഇന്നലത്തെ മികച്ച നിരക്ക്. പ്രാദേശിക വിപണിയില്‍ രണ്ടോ മൂന്നോ രൂപയുടെ മാര്‍ജിനെടുത്തുള്ള വിപണനത്തില്‍ നിരക്കില്‍ നേരിയ വ്യത്യാസമുണ്ടാകുമെന്ന് മാത്രം.

നിക്ഷേപം ആഗ്രഹിച്ച് അയക്കുന്നവരാണ് തക്കം പാര്‍ത്ത് എക്സ്ചേഞ്ചിലെത്തി പണമയച്ചവരില്‍ കൂടുതലും. രാവിലെ തന്നെ എക്സ്ചേഞ്ചിലെത്തിയ ചിലര്‍ക്ക്  ദിര്‍ഹമിന് പത്തൊന്‍പത് രൂപ ലഭിച്ചു. പിന്നീടെത്തിയവര്‍ക്ക് പത്തും പതിനഞ്ചും ഇരുപതും പൈസ കുറവിനാണ് ലഭിച്ചത്. പലര്‍ക്കും ശമ്പളം കിട്ടിയിട്ട് അധിക സമയം ആയിട്ടില്ലാത്തതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പണം അയക്കാനെത്തുമെന്നാണ് പണമിടപാട് സ്ഥാപനങ്ങളുടെ പ്രതീക്ഷ. കൂടാതെ പെരുനാള്‍ പ്രമാണിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കുന്നതും പ്രവാസികള്‍ക്ക് ഗുണകരമാകും. വിനിമയ നിരക്കിന്‍റെ ഈ ചാഞ്ചാട്ടം ഈ മാസാവസാനം വരെ തുടര്‍ന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് കോടികള്‍ ഒഴുകും.

2013 ഓഗസ്റ്റ് 28നാണ് ഇതിന് മുന്‍പ് മികച്ച നിരക്ക് ലഭിച്ചത്. അന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 69.22 വരെ എത്തിയിരുന്നു.  അന്ന് ഒരു ദിര്‍ഹമിന് 18 രൂപ 65 പൈസയാണ് ലഭിച്ചത്.

MORE IN GULF
SHOW MORE