ദുബായിലെ ഒളിവുജീവിതം താണ്ടി രാജേഷ് മടങ്ങി; അച്ഛനുറങ്ങുന്ന മണ്ണിലേക്ക്

rajesh-dubai
SHARE

രാജേഷിന് അച്ഛന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാം. തന്റെ പൊന്നുമക്കളെ കാണാം. ഒളിഞ്ഞും തെളിഞ്ഞുമുള്ള ജീവിതത്തിനും കാത്തിരിപ്പിനും സുഖപര്യവസാനം. നാടിന്റെ സ്നേഹത്തണലിലേക്ക് രാജേഷ് മടങ്ങി. പൊതുമാപ്പ് രാജേഷിന് സമ്മാനിച്ചത് പുതിയ ജീവിതമാണ്. എന്നോ മാഞ്ഞുപോയ ചിരിയാണ്. ഇന്നലെ വൈകിട്ടോടെയാണ് രാജേഷ് കാത്തിരുന്ന ആ സന്ദേശം എത്തിയത്.

‘ഏറെ പണിപ്പെട്ട് ഔട്ട് പാസ് കിട്ടിയെങ്കിലും വീസയും മറ്റും റദ്ദാക്കണമായിരുന്നു. അതും ഇപ്പോൾ കിട്ടി. ഇനി എനിക്കു നാട്ടിൽ പോകാം. അച്ഛന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാം. എന്റെ മക്കളെ കാണാം’- മക്കളെ കാണാം എന്നു പറഞ്ഞപ്പോഴേക്കും രാജേഷിന്റെ കണ്ണുകൾ ഈറനണിഞ്ഞു. രാജേഷിന്റെ വിവരം അറിഞ്ഞ പ്രവാസി വ്യവസായി രവിപിള്ള അടിയന്തരമായി സൗജന്യ വിമാന ടിക്കറ്റ് നൽകാൻ നിർദേശിക്കുകയായിരുന്നു. 

രാത്രി 9.30നുള്ള എമിറേറ്റ്സ് വിമാനത്തിൽ തന്നെ അതുകൊണ്ടു രാജേഷിനു മടങ്ങാനായി. നെയ്യാറ്റിൻകര മഞ്ചവിളാകം പൂവത്തൂർ പള്ളിവിള വീട്ടിൽ രാജേഷ് ധർമരാജൻ (35) സ്വതന്ത്രവായു ശ്വസിച്ചിട്ടു നാലു മാസമായിരുന്നു. എപ്പോൾ വേണമെങ്കിലും പിടിക്കപ്പെടാം എന്ന ആധിയിൽ വെന്തുള്ള ജീവിതം. സത്വവയിലെ നല്ലവരായ ചില മനുഷ്യരുടെ കാരുണ്യത്തിലാണ് രാജേഷ് പിടിച്ചുനിന്നത്.

മേസ്തിരിയായ രാജേഷ് ഒരു വർഷം മുൻപാണ് നാട്ടിൽനിന്ന് ഏജന്റ് വഴി നിർമാണ കമ്പനി വീസയിൽ എത്തിയത്. ഇതു രണ്ടാം വരവാണ്. മുൻപും ദുബായിൽ എത്തി രണ്ടുവർഷം ജോലി ചെയ്തിട്ട് നാട്ടിലേക്കു മടങ്ങിയിരുന്നു. ഇത്തവണ 80,000 രൂപ ഏജന്റിനു നൽകി. മൂവായിരം ദിർഹം ശമ്പള വാഗ്ദാനത്തിലാണ് വന്നത്. എന്നാൽ നാലുമാസം മുൻപു പിതാവിന് കാൻസർ ഗുരുതരമായ വിവരം അറിഞ്ഞു നാട്ടിലേക്കു പോകാൻ പതിനഞ്ചു ദിവസത്തെ അവധി ചോദിച്ചപ്പോൾ 5000 ദിർഹം നൽകണമെന്ന് കമ്പനി പറഞ്ഞത്രേ. 

തുടർന്നു രണ്ടുമാസത്തെ ശമ്പളവും അവർ നൽകിയില്ല. അതോടെ ആ കമ്പനി വിട്ടു. രാജേഷ് രേഖകളില്ലാത്ത താമസക്കാരനുമായി. ഓഗസ്റ്റ് ഒന്നിനു പൊതുമാപ്പ് ആരംഭിച്ചതോടെ രാജേഷ് അജ്മാനിലെ കേന്ദ്രത്തിലെത്തി. ഭാഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ കടമ്പകളായി.

എന്നാൽ അടുത്ത ദിവസം രാജേഷിന്റെ അച്ഛൻ മരിച്ചു. പത്രത്തിലെ ചരമവാർത്തയാണ് പിന്നീട് തുണയായത്. സാമൂഹിക പ്രവർത്തകരും അജ്മാൻ ഇന്ത്യൻ അസോസിയേഷനും സഹായത്തിനെത്തിയതോടെ കാര്യങ്ങൾ വേഗത്തിലായി. രാജേഷിന്റെ മടക്കയാത്രയ്ക്ക് സഹായമേകിയ അധികൃതർക്കും ആർപി ഗ്രൂപ്പിനുമെല്ലാം അസോസിയേഷൻ ജനറൽ സെക്രട്ടറി രൂപ് സിങ് ഹൃദയംനിറഞ്ഞ നന്ദി പറയുന്നു. 

MORE IN GULF
SHOW MORE