സൗദിയിൽ ലെവി പിൻവലിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് തൊഴിൽ മന്ത്രാലയം

saudi-levi-t
SHARE

സൗദി അറേബ്യയിൽ വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ ലെവി പിൻവലിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് തൊഴിൽ മന്ത്രാലയം. ലെവി പിൻവലിക്കുമെന്ന പ്രചാരണം തെറ്റാണെന്നും അടുത്ത വർഷം മുതൽ ലെവി കൂട്ടുമെന്നും മന്ത്രാലയം അറിയിച്ചു.

ലെവി വർധന പിൻവലിക്കാൻ സൌദി ഭരണാധികാരി സൽമാൻ രാജാവിന് തൊഴിൽ, സാമൂഹിക വികസനകാര്യ മന്ത്രാലയം ശുപാർശ സമർപ്പിച്ചതായി വാർത്തകൾ പ്രചരിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത അടിസ്ഥാനരഹിതമാണെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വർഷം 2400 റിയാൽ ആയിരുന്ന ലെവി ഈ വർഷം 4800 റിയാലായി ഉയർത്തിയിരുന്നു. അടുത്ത വർഷം ഇത് 7200 റിയാലായി വർധിപ്പിക്കും. മാസലെവി അടുത്തവർഷം അറുന്നൂറു റിയാൽ ആയിരിക്കും. 

ഇതിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. 2020 ആകുന്നതോടെ വാർഷിക ലെവി 9600 റിയാലായി ഉയർത്തുമെന്നാണ്‌ തൊഴിൽ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, സ്വദേശികൾ കൂടുതലുള്ള സ്ഥാപനങ്ങളിലെ വിദേശ ജീവനക്കാർക്ക് മാസലെവി 300 റിയാലാണ്. സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനും സ്വകാര്യ മേഖലയിൽ വിദേശ തൊഴിലാളികളെ കുറയ്ക്കുന്നതിനുമാണ് കഴിഞ്ഞവർഷം മുതൽ രാജ്യത്ത് ലെവി ബാധകമാക്കിയത്. വിദേശികൾക്ക് ഏർപ്പെടുത്തിയ ലെവി, തൊഴിലുടമകളാണ് അടയ്ക്കേണ്ടതെന്നും തൊഴിൽ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

MORE IN GULF
SHOW MORE