കരിപ്പൂരിന് വീണ്ടും ചിറകു മുളക്കുന്നു; പ്രവാസികൾക്ക് ആഹ്ലാദം

karipur-airport-t
SHARE

ദുബായ് ∙ കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ വീണ്ടും അനുമതി ലഭിച്ചത് മലബാറിൽ നിന്നുള്ള പ്രവാസികളിൽ ആഹ്ളാദം പകർന്നു. സൗദി എയർ ലൈൻസിന്റെ വിമാനങ്ങൾക്ക് സർവീസ് നടത്താനുള്ള അനുമതിയാണ് കഴിഞ്ഞ ദിവസം ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ നിന്നു ലഭ്യമായത്. ഉടൻ തന്നെ നിർത്തിവച്ച എയർ ഇന്ത്യ, എമിറേറ്റ്സ്  തുടങ്ങിയ കമ്പനികൾക്കും അനുമതി ലഭ്യമാകുമെന്ന ശുഭ പ്രതീക്ഷയിലാണ് പ്രവാസികൾ. ഇതോടെ കോഴിക്കോട്ടു നിന്നു ഹജ് വിമാന സർവീസുകളും പുനരാരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. 

എയർപോർട്ട് റണ്‍വേ ശാക്തീകരണത്തിനു വേണ്ടിയാണു 2015 മേയ്‌ ഒന്നു മുതൽ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു വലിയ വിമാനങ്ങളുടെ സർവീസ് താൽകാലികമെന്നു പറഞ്ഞു നിർത്തലാക്കിയിരുന്നത്. വലിയ വിമാനങ്ങളും മിക്ക രാജ്യാന്തര സർവീസുകളും നിർത്തലാക്കിയതോടെ ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസി യാത്രക്കാർ ദുരിതം പേറുകയായിരുന്നു. സ്‌കൂൾ അവധിയും ഓണം, ഈദ്‌ ആഘോഷങ്ങളുടെയും സമയമായിട്ടുപോലും കുടുംബ സമേതവും അല്ലാതെയും നാട്ടിലേയ്ക്കും തിരിച്ചും അവധി ദിവസങ്ങള്‍ ചിലവഴിക്കാൻ ഒരുങ്ങി നിൽക്കുന്ന പ്രവാസികൾക്ക് മറ്റു വിമാനത്താവളങ്ങൾ ആശ്രയിക്കേണ്ട അവസ്ഥയുണ്ടായി. ഇതിനു പുറമേ വിമാനങ്ങളുടെ ദൗർലഭ്യത മുതലെടുത്തു എയർ ഇന്ത്യ പോലും ഈടാക്കുന്ന അനിയത്രിതമായ ടിക്കറ്റ് നിരക്ക് വര്ധനയും ഇടിത്തീയായി.  

കൂടാതെ, വിമാന മാർഗം വിദേശ രാജ്യങ്ങളിലേയ്ക്കുള്ള ചരക്കു ഗതാഗതവും അവതാളത്തിലായി. ഇത് മലബാർ വാണിജ്യ-വ്യവസായ മേഖലയിൽ തന്നെ വൻ മാന്ദ്യമുണ്ടാക്കി. മലബാർ ടൂറിസം വരുമാനത്തിലും വൻ ഇടിവുണ്ടായി.എന്നാൽ നവീകരണ പ്രവൃത്തികൾ പൂർത്തിയായിട്ടും അകാരണമായി അനുമതി നീട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇതേ തുടർന്ന് പല ആരോപണങ്ങളും വ്യോമയാന മന്ത്രാലയത്തിനും ഉദ്യോഗസ്ഥർക്കുമെതിരെ ഉയരുകയുമുണ്ടായി.   

സമീപ പ്രദേശങ്ങളിലെ സ്വകാര്യ വിമാനത്താവളങ്ങളെ സഹായിക്കാനായി പൊതു മേഖലയിൽ ഏറെ ലാഭകരമായി പ്രവർത്തിച്ചിരുന്ന കരിപ്പൂരിനെ തകർക്കുക എന്ന ലക്ഷ്യമാണ് പിന്നിലെന്ന് പോലും ജനസംസാരമുണ്ടായി. ചുരുക്കം ചിലരൊഴിച്ചു, മലബാറിലെ ഭൂരിപക്ഷം ജനപ്രതിനിധികളും ഈ വിഷയത്തിൽ കൈക്കൊണ്ട മൗനവും സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായിരുന്നു. ഈ ദുരൂഹതയെ കുറിച്ചന്വേഷിക്കണമെന്നാവശ്യപ്പെട്ടു സിബിഐ, വിജിലൻസ് തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് മുൻപാകെ പോലും പരാതികൾ എത്താനുള്ള സാഹചര്യവുമുണ്ടായി. ഇൗ മുറവിളികൾക്കിടയിലാണ് ഒടുവിൽ ഉത്തരവുണ്ടായിരിക്കുന്നത്. 

പ്രശ്നം ഉടലെടുത്തത് മുതൽ കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മലബാർ ഡെവലപ്മെന്റ് ഫോറം മലബാറിന്റെ വികസന കവാടമായ കരിപ്പൂരിൽ വലിയ വിമാനങ്ങൾ നിർത്തലാക്കിയതിനെതിരെ ശബ്ദം ഉയർത്തി വരികയായിരുന്നുവെന്ന് രാജൻ കൊളാവിപ്പാലം പറഞ്ഞു. 

MORE IN GULF
SHOW MORE