തൊഴിൽ നിയമം ലംഘിക്കുന്നവർക്ക് രണ്ടുവർഷത്തേക്ക് തൊഴിൽ വീസ അനുവദിക്കില്ലെന്ന് കുവൈത്ത്

kuwait45
SHARE

കുവൈത്തിൽ തൊഴിൽ നിയമം ലംഘിക്കുന്നവർക്ക് രണ്ടുവർഷത്തേക്ക് തൊഴിൽ വീസ അനുവദിക്കില്ലെന്ന് മാൻപവർ അതോറിറ്റി. തൊഴിൽ നിയമലംഘനം വർധിക്കുന്നസാഹചര്യത്തിലാണ് നടപടിയെന്ന് അതോറിറ്റി വ്യക്തമാക്കി. 

തൊഴിൽ നിയമം ലംഘിക്കുന്ന വിദേശതൊഴിലാളികൾക്ക് രണ്ടുവർഷത്തേക്ക് തൊഴിൽ വീസ അനുവദിക്കില്ല. അതേസമയം, തൊഴിലുടമയാണ് നിയമം ലംഘിക്കുന്നതെങ്കിൽ സ്ഥാപനവുമായി ബന്ധപ്പെട്ട ഫയലുകൾ മരവിപ്പിക്കും. നിയമലംഘനത്തിനുള്ള പിഴയുൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ച ശേഷം മാത്രമേ ഫയലുകൾ കൈകാര്യം ചെയ്യുകയുള്ളൂവെന്ന് അതോറിറ്റി വ്യക്തമാക്കുന്നു. പ്രശ്നത്തിൽ തീർപ്പുണ്ടാക്കുന്നതിനുള്ള അവസരത്തിനായി ഫയലുകൾ മരവിപ്പിച്ച നടപടി താത്കാലികമായി റദ്ദ് ചെയ്യാൻ അതോറിറ്റിയിലെ ഭരണനിർവഹണ ഡയറക്ടർക്ക് അവകാശമുണ്ടാകും.

എന്നാൽ വ്യാജരേഖ ചമയ്ക്കൽ അടക്കമുള്ള ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഫയലുകൾ സ്ഥിരമായി മരവിപ്പിക്കും.  തൊഴിലിടത്തിൽ അറിയിപ്പില്ലാതെ തുടർച്ചയായി ഏഴു ദിവസം ഹാജരാകാത്ത തൊഴിലാളിക്കെതിരെ പരാതി നൽകാൻ തൊഴിലുടമക്ക് അവകാശമുണ്ടാകുമെന്നും അതോറിറ്റി വ്യക്തമാക്കുന്നു.

MORE IN GULF
SHOW MORE