മസ്കത്തിൽ യുവാവിന്റെ ബ്ലാക്ക് മെയില്‍ ഭീഷണിയില്‍ കുടുങ്ങി പ്രവാസി യുവതി

blackmail-muscut
SHARE

മസ്‌കത്ത്: വൈവാഹിക വെബ്‌സൈറ്റ് (മാട്രിമോണി) വഴി പരിചയപ്പെട്ട യുവാവിന്റെ ബ്ലാക്ക് മെയില്‍ ഭീഷണിയില്‍ കുടുങ്ങി പ്രവാസി യുവതി. കേരള പോലീസില്‍ പരാതി നല്‍കിയിട്ടും പ്രതിയെ പിടികൂടാത്തതിനെ തുടര്‍ന്ന് മസ്‌കത്ത് ഇന്ത്യന്‍ എംബസിയിലും ഒമാന്‍ പബ്ലിക് പ്രൊസിക്യൂഷനിലും നടപടിക്ക് ഒരുക്കുകയാണ് പത്തനംതിട്ട സ്വദേശിയായ യുവതി. മലപ്പുറം തിരൂര്‍ സ്വദേശിയും മസ്‌കത്തില്‍ പ്രവാസിയുമായിരുന്ന നിഖില്‍ ഉണ്ണിക്കെതിരെയാണ് പരാതി.

കൊച്ചി, തിരൂര്‍ എന്നിവിടങ്ങളില്‍ ഡിവൈഎസ്പിക്കും പത്തനംതിട്ടയില്‍ എസ്പിക്കും പരാതി നല്‍കിയെങ്കിലും ഇയാളെ പിടികൂടിയിട്ടില്ല. മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ പരാതിയുമായി ചെന്നെങ്കിലും പബ്ലിക് പ്രൊസിക്യൂഷനില്‍ പരാതി നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന്, പബ്ലിക് പ്രൊസിക്യൂഷനില്‍ പോയെങ്കിലും നവോത്ഥാനദിന അവധി കഴിഞ്ഞ് ചൊവ്വാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

വ്യാജ അക്കൗണ്ട് ഉപയോഗിച്ച് വഞ്ചിച്ച ശേഷം നിഖില്‍ ഉണ്ണി ഇവരില്‍ നിന്നും ഫോട്ടോകള്‍ സ്വന്തമാക്കുകയും ഇവ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍  ചെയ്യുകയുമായിരുന്നു.

2013ല്‍ വിവാഹ മോചിതയായ യുവതി എറാണുകുളത്തെ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെ 2017ലാണ് മുസ്‌ലി മാട്രിമോണി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. തുടര്‍ന്ന് വെബ്‌സൈറ്റ് വഴി മസ്‌കത്തില്‍ നിന്നും നിജില്‍ എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്ന് വ്യക്തിപരമായ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു. വൈവാഹിക വെബ്‌സൈറ്റ് ആയതിനാല്‍ തന്നെയും ഇവര്‍ക്കിടയില്‍ കൂടുതല്‍ വിവരങ്ങള്‍ കൈമാറുകയും ചെയ്തു.

2017 ഒക്‌ടോബറിലാണ് രണ്ടും പേരും പരിചയപ്പെടുന്നത്. മാസങ്ങള്‍ക്ക് ശേഷം നേരില്‍ കാണുന്നതിനും ജോലി ശരിപ്പെടുത്തുന്നതിനും യുവതിയോട് മസ്‌കത്തിലേക്ക് വരാന്‍ നിജില്‍ എന്ന അക്കൗണ്ടില്‍ നിന്നും പരിചയപ്പെട്ടയാള്‍ ആവശ്യപ്പെടുകയായിരുന്നു. 2018 ജനുവരിയില്‍ നിജില്‍ അയച്ചുകൊടുത്ത വിസയില്‍ യുവതി മസ്‌കത്തിലെത്തുകയും ചെയ്തു. സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു യുവതി  താമസിച്ചിരുന്നത്. ഇതിനിടെ നിജില്‍ എന്ന പേരില്‍ തന്നെ യുവാവ് ഇവരെ സന്ദര്‍ശിക്കുകയും ചെയ്തു. സുഹൃത്തുക്കള്‍ക്കൊപ്പം മസ്‌കത്തില്‍ ഇവര്‍ വിവിധ ഇടങ്ങളില്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, ദിവസങ്ങള്‍ക്ക് ശേഷം ഇയാള്‍ ബന്ധപ്പെടാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ചില കേസുകളില്‍ പെട്ട് ഒമാനില്‍ നിന്നും ഇയാളെ നാടുകടത്തിയതായി യുവതി അറിയുന്നത്. ഇയാളുടെ പാസ്‌പോര്‍ട്ട് കോപ്പി യുവതിയ്ക്കു ലഭിക്കുകയും ചെയ്തു. എന്നാല്‍, നിഖില്‍ എന്ന പേരിലായിരുന്നു പാസ്‌പോര്‍ട്ട്. നിജില്‍ എന്ന വ്യാജ പേരില്‍ തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് അപ്പോഴാണ് യുവതി മനസ്സിലാക്കുന്നത്.

ഇതിനിടെ ജോലി ശരിപ്പെട്ടതിനെ തുടര്‍ന്ന് പുതിയ തൊഴില്‍ വിസയില്‍ തിരിച്ചുവരുന്നതിന് യുവതി നാട്ടിലേക്ക് മടങ്ങി. പുതിയ വിസയില്‍ കഴിഞ്ഞ ദിവസമാണ് ഇവര്‍ വീണ്ടും മസ്‌കത്തില്‍ ജോലിക്കായി തിരിച്ചെത്തിയത്. എന്നാല്‍, നിഖില്‍ ഉണ്ണി ഇവരുമായി ഇ മെയില്‍ വഴി ബന്ധപ്പെടുകയും പണം ആവശ്യപ്പെടുകയും ചെയ്തു. പണം നല്‍കാത്ത പക്ഷം, ശാരീരിക ബന്ധത്തിന് തയ്യാറാകണമെന്നും ആവശ്യപ്പെടുന്നു. 

ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. വിസിറ്റ് വിസാ ചാര്‍ജ് ഉള്‍പ്പടെ വിവിധ ഘട്ടങ്ങളില്‍ ചെലവായ തുക നല്‍കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 80,000 രുപ ഇതിനോടകം യുവതിയില്‍ നിന്നും നിഖില്‍ കൈവശപ്പെടുത്തി. എന്നാല്‍, കൂടുതല്‍ പണം വേണമെന്ന് നിഖില്‍ ആവശ്യം ഉന്നയിച്ചെങ്കിലും പണമില്ലാത്തതിനാല്‍ നല്‍കാന്‍ സാധിച്ചില്ലെന്ന് യുവതി പറഞ്ഞു. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ നിഖില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

ഇതിനിടെ പുതിയ വിവാഹ ആലോചനയുമായി വന്ന യുവാവിനെയും യുവതിയെയും മോശമായി ചിത്രീകരിക്കാനും നിഖില്‍ ഉണ്ണി ശ്രമം തുടരുകയാണ്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ച് ഇവര്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ നിര്‍മിച്ച് പോസ്റ്റ് ചെയ്യുകയും യുവതിയുമായി വിവാഹത്തിലാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. മൂന്ന് കുട്ടികളുടെ അമ്മയായ യുവതി ഇവര്‍ക്കൊപ്പം മസ്‌കത്തിലാണ് കഴിയുന്നത്. യുവാവ് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ സജീവമായിരിക്കെ തെളിവുകള്‍ ഉള്‍പ്പടെ നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് യുവതി പറഞ്ഞു.

MORE IN GULF
SHOW MORE