കുവൈത്തിലെ നഴ്സിങ് റിക്രൂട്ട്മെൻ‌റ്: തട്ടിപ്പിൽ വീഴരുതെന്ന് മുന്നറിയിപ്പ്

kuwait
SHARE

കുവൈത്തിലെ എണ്ണക്കമ്പനിയിലേക്ക് എന്ന പേരിലുള്ള നഴ്സിങ് റിക്രൂട്ട്മെൻ‌റ് തട്ടിപ്പിൽ വീഴരുതെന്ന് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. റിക്രൂട്മെന്റിന് അനുമതി ലഭിച്ചെന്ന് അവകാശപ്പെടുന്ന സ്ഥാപനത്തിന്റെ പ്രതിനിധിയുടെ ഫോൺ സംഭാഷണം ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് മുന്നറിയിപ്പ്.

നിയമനത്തിൻ‌റെ സാധുത ആരാഞ്ഞ് എംബസിയെ സമീപിച്ച ഉദ്യോഗാർഥിയുടെ പരാതിയെ തുടർന്ന് അധികൃതർ അന്വേഷണം നടത്തി. കമ്പനി പ്രതിനിധിയെന്ന് അവകാശപ്പെട്ട ആളെ എംബസി അധികൃതർ വിളിച്ചുവരുത്തി വിശദീകരണം തേടി. റിക്രൂട്ട്മെൻ‌റിന് അനുമതിയുണ്ടെന്ന് പറയപ്പെടുന്ന കമ്പനിയുമായി ബന്ധപ്പെട്ട രേഖകളൊന്നും ഇയാൾ ഹാജരാക്കിയിട്ടില്ല. റിക്രൂട്ട്മെൻ‌റ് സംബന്ധിച്ച് കമ്പനി പരസ്യം പോലും നൽകിയിട്ടില്ല. ഏത് സ്ഥാപനത്തിനു വേണ്ടിയാണ് റിക്രൂട്ട്മെൻ‌റ്, എത്ര ഒഴിവുകളാണ് ഉള്ളത് എന്നതിനും വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് എംബസി അറിയിച്ചു. 

നഴ്സിങ് റിക്രൂട്ട്മെൻ‌റ് തട്ടിപ്പിൽ അകപ്പെട്ട് കുവൈത്തിൽ എത്തി വഞ്ചിതരാകുന്നവരുടെ എണ്ണം വർധിക്കുകയും റിക്രൂട്ട്മെൻ‌റ് ഇടപാടുകൾ സംബന്ധിച്ച് പരാതികൾ ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇടനിലക്കാരൻ എന്ന് സംശയിക്കുന്ന ആളെ വിളിച്ചുവരുത്തി വിശദീകരണം തേടിയതെന്ന് എംബസി വ്യക്തമാക്കി. നിയമവശങ്ങൾ പരിശോധിച്ചശേഷം നടപടികളിലേക്ക് കടക്കുമെന്നും എംബസി വ്യക്തമാക്കുന്നു.

MORE IN GULF
SHOW MORE