ഗൾഫിൽ നിന്നും നാട്ടിലേക്കുള്ള ടിക്കറ്റ് തൊട്ടാൽ പൊള്ളും

ticket
SHARE

യു.എ.ഇയില്‍ വേനല്‍ അവധിക്കാലം തുടങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും തൊട്ടാല്‍ പൊള്ളുന്ന ടിക്കറ്റ് നിരക്ക് മാറ്റമില്ലാതെ തുടരുന്നു. ഇക്കണോമി ക്ളാസ് ടിക്കറ്റുകൾ കിട്ടാനില്ലാതെ പ്രവാസികൾ വലയുകയാണ്. 

കഴിഞ്ഞ മാസം മുപ്പതിനാണ് ഗള്‍ഫ് രാജ്യങ്ങളില്‍ വേനല്‍ അവധി തുടങ്ങിയത്. നേരത്തെ ടിക്കറ്റെടുത്തവര്‍ നാട്ടിലെത്തിക്കഴിഞ്ഞു. രണ്ടാഴ്ചയ്ക്കുശേഷം ടിക്കറ്റ് നിരക്ക് കുറയുന്നതു കാത്തിരുന്ന കുടുംബങ്ങളാണ് നാട്ടിലേക്ക് പോകാനാകാതെ വെട്ടിലായിരിക്കുന്നത്. ചില വിമാനങ്ങളില്‍ ഫസ്റ്റ് ക്ളാസ്, ബിസിനസ് ക്ലാസ് ടിക്കറ്റുകൾ ലഭ്യമാണെങ്കിലും പോയി വരണമെങ്കില്‍ ഒന്നര ലക്ഷത്തോളം രൂപയാകും. 

അറുപത്തിഅയ്യായിരം രൂപയ്ക്ക് ചില വിമാനങ്ങളില്‍ ടിക്കറ്റുണ്ടെങ്കിലും കണക്ഷന്‍ ഫ്ളൈറ്റായതിനാല്‍ നാട്ടിലെത്താന്‍ എട്ടു മുതല്‍ 21 മണിക്കൂര്‍ വരെ എടുക്കും. അവധിക്കാലം മുന്നില്‍ കണ്ട് പീക്ക് ടൈമെന്ന ഓമനപ്പേരില്‍ വിവിധ വിമാന കമ്പനികള്‍ നാലിരട്ടിയോളം ഉയര്‍ത്തിയ ടിക്കറ്റ് നിരക്ക് ഇതുവരെ കുറച്ചിട്ടില്ല. സെപ്റ്റംബർ പകുതിവരെയെങ്കിലും ഈ നിരക്ക് തുടരുമെന്നാണ് സൂചന. 

അപ്പോഴേക്കും ഗൾഫിലെ സ്കൂളുകൾ തുറക്കുമെന്നതിനാൽ നാട്ടിലെ അവധിക്കാലം പലർക്കും സ്വപ്നമായി മാറുമെന്നതാണ് അവസ്ഥ.  വിമാനക്കമ്പനികളുടെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന പതിവ് ആവശ്യം ഇക്കുറിയും പ്രവാസികൾ മുന്നിലേക്ക് വയ്ക്കുന്നു. പക്ഷേ, നിലവിൽ ആരും സഹായത്തിന് ചെറുവിരൽ പോലും അനക്കിയിട്ടില്ലെന്നാണ് പരാതി. 

MORE IN GULF
SHOW MORE