കോഴിക്കോട്ടുക്കാരൻ കുട്ടി ഷൂമാക്കർ;വളയം പിടിച്ചത് രണ്ടാംവയസിൽ

shonal
SHARE

കാറോട്ടത്തിന്റെ രാജാവായ മൈക്കൽ ഷൂമാക്കറെ നമുക്കറിയാം. ഈ എപ്പിസോഡിലൂടെ ഒരു കുട്ടി ഷൂമാക്കറെ പരിചയയപെടാം. ഏഴുവയസുള്ള ഷോണാൽ കുനിമലെന്ന മിടുക്കനാണ് റേസിങ് രംഗത്തെ പുത്തൻ താരോദയം. പ്രവാസിമലയാളിയായ ഈ കൊച്ചുമിടുക്കന്റെ വിശേഷങ്ങളാണ് ഇനി..

എഴു വയസുകാരൻ ഷോണാൽ കുനിമലിന് കാറുകളിഷ്ടമാണ്. ഉൽസവങ്ങൾക്കും ഷോപ്പിങ് മാളുകളിൽ നിന്നുമൊക്കെ വാങ്ങുന്ന കളിപ്പാട്ടക്കാറുകളല്ല, റേസിങ് ട്രാക്കിലെ കാര്‍ട്ടുകളാണ് ഷോണാലിന്റെ കളിക്കോപ്പുകള്‍. രണ്ടാം വയസിൽ അച്ഛന്റെ മടിയിലിരുന്നു സ്റ്റിയറിങ് പിടിച്ചുതുടങ്ങിയതാണ്. ചുരുങ്ങിയ കാലം കൊണ്ട് കാർ റേസിങ് ലോകത്ത്‌ വിസ്മയം തീർക്കുകയാണ് കോഴിക്കോട് മേരിക്കുന്ന് സ്വദേശി ഷോജിയുടെ മകനായ ഷോണാൽ. രണ്ട് രാജ്യാന്തരമൽസരങ്ങളിലായി പതിനാറ് റേസുകളിലാണ് ഈ കൊച്ചുമിടുക്കൻ മികവു തെളിയിച്ചത്.

ഒമാനിലെ ഒന്പത് വയസിന് താഴെയുള്ളവരുടെ മൽസരത്തിൽ ഒന്നാംസ്ഥാനക്കാരൻ, പങ്കെടുത്ത മത്സരത്തിൽ എല്ലാം ആദ്യമൂന്നിലെത്തി. 2017–18ൽ യുഎഇ റോട്ടക്സ് മാക്സ് ചാലഞ്ച് ചാംപ്യനായാണ് ഷോണാൽ ലോകശ്രദ്ധ പിടിച്ചുപറ്റിയത്. പങ്കെടുത്ത ആദ്യ പ്രധാന ചാംപ്യൻഷിപ്പിൽത്തന്നെയാണ് ഈ നേട്ടമെന്നത് ഷോണാലിന്റെ മികവിന്റെ സാക്ഷ്യമാണ്. 

ഒമാൻ ഓട്ടോ മൊബൈൽ ക്ലബ് അംഗങ്ങളായ ആയ പിതാവ് ഷോജിയും മാതാവ് ഡോ.നബ്രീസിയും വിനോദത്തിനായി റേസിംഗ് കാറുകൾ ഓടിച്ചിരുന്നു. ഇതാണ് കുഞ്ഞ് ഷോണാലിനു കാറോട്ടകാരൻ ആകാനുള്ള  പ്രചോദനമായത്. രണ്ടാം വയസിലാണ് കാറുകളോടുള്ള ഷോണാലിന്റെ ഇഷ്ടം പിതാവ് ഷോജിയുടെ ശ്രദ്ധയിൽ പെട്ടത്.    അന്നുതുടങ്ങി, ചെറിയ റേസിംഗ് കാറുകൾ വാങ്ങിനല്കി. കൂട്ടുകാരെല്ലാം കംപ്യൂട്ടര്‍ ഗെയിമിലും ടെലിവിഷന്‍ പരിപാടികളിലും സമയം ചിലവഴിച്ചപ്പോൾ കാറുകളും, റേസിംഗ് മത്സരങ്ങളുമായിരുന്നു ഷോണാലിനു കൂട്ട്.

മസ്കത്ത് സ്പീഡ് വേ ട്രാക്കിൽ ഗോ കാർട്ടിങ്ങിന് ഇറങ്ങുമ്പോൾ ഷോണാലിനു വയസ്സ് അഞ്ച്. ഏഴും ഒൻപതും വയസ്സുള്ള, മൽസരപരിചയമുള്ള എതിരാളികളെ മറികടന്നുള്ള ഷോണാലിന്റെ കുതിപ്പ് മാതാപിതാക്കളെയും മെക്കാനിക് സോണി എറിക്സൺ ലൊസാനോയെയും അമ്പരപ്പിച്ചു. കുട്ടിയുടെ അതിവേഗം ചരിത്രത്തിന്റെ സർക്യൂട്ടിലേക്കാണെന്ന് അവർഅന്നു മനസ്സിൽ കുറിച്ചു. 

ആ വിസ്മയം തുടരുകയാണ്. കഴിവും വേഗതയും കൊണ്ട് സൂപ്പർതാരങ്ങളടക്കമുള്ളവരുടെ അഭിനന്ദനം നേടി ഈ മിടുക്കൻ. ട്രാക്കിലും റേസിലും വിവിധ രാജ്യക്കാരായ മത്സരാർഥികളോട് ഏറ്റുമുട്ടിയും സമരസപ്പെട്ടും, വിജയിച്ചും  കാലം നീങ്ങിയപ്പോള്‍ കുഞ്ഞു ഷോണാൽ പോരാട്ടവീര്യം കൂടി, കുട്ടി ഷുമാക്കർ ആയി. ലോക പ്രശസ്ത കാറോട്ടക്കാരൻ ഷൂമാക്കറെ പൊലെ മികവിന്റെ ഉന്നതിയിലെത്തുകയെന്നതാണ് ഗൂബ്ര ഇന്ത്യൻ സ്കൂളിലെ രണ്ടാം ക്ളാസുകാരനായ ഈ എഴു വയസുകാരന്റെ സ്വപ്നം. പ്രായം കുറവെന്ന കാരണത്താൽ പല മൽസരങ്ങളിലും ഒഴിവാക്കുന്നതാണ് ഷോണാലിന്റെ പ്രധാനവിഷമം. 

അബുദാബി, മസ്കറ്റ് എന്നിവിടങ്ങളില്‍ നടന്ന ബാംബിനോ ചാംപ്യൻഷിപ്പിലെ എട്ടു മൽസരങ്ങളിലും പോഡിയം കണ്ട അദ്ഭുത ബാലൻ 510 പോയിന്റുമായാണു കിരീടം ചൂടിയത്. നാലിടത്ത് ഒന്നാമനായി കിരീടമണിഞ്ഞപ്പോൾ മൂന്നിടത്തു രണ്ടാമനായി. അൽ ഐൻ റേസ് വേയിൽ നടന്ന അവസാന മൽസരത്തിൽ യന്ത്രം പ്രതികൂലമായിട്ടും മൂന്നാം സ്ഥാനത്തെത്തി ചാംപ്യൻഷിപ് പിടിച്ചെടുക്കുയായിരുന്നു.

അതും ചാംപ്യൻഷിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഡ്രൈവർ എന്ന മികവോടെ. അയാമി ചാംമ്പ്യൻഷിപ്പിൽ ഓവറോൾ റണ്ണർ അപ്പായും മികവുതുടർന്നു. സനത് അൽ റവാഹി, നാച്ചോ ഗിരോന, മാക്സി സിസെക് എന്നിവരാണു ഷോണാലിന്റെ പരിശീലകർ. ‌

കാര്യങ്ങൾ മനസിലാക്കിപഠിക്കുന്നതാണു ഷോണാലിന്റെ മികവ്. ഒപ്പം ജന്മനാ റേസിങ്ങിലുള്ള വാസനയും. വ്യക്തമായി നിരീക്ഷിച്ചു പഠിക്കാനുള്ള കഴിവും കാർട്ടിങ്ങിലുള്ള അപാര താൽപര്യവും ഈ വിജയങ്ങൾക്കു പിന്നിലുണ്ട്. ആഴ്ചയിൽ നാലോ അഞ്ചോ ദിവസം നാലു മണിക്കൂർ വരെ കഠിനപരിശീലനം നടത്തിയാണു ഷോണാൽ സ്വയം പാകപ്പെടുത്തിയത്.  പരിശീലകനും ഒമാന്റെ കാർട്ടിങ് ചാംപ്യനുമായ സനദ് അൽ റവാഹിക്കു ശിഷ്യനെക്കുറിച്ചു നൂറുശതമാനവും മതിപ്പാണ്. 

ഇത്തവണ അയാമി ചാംമ്പ്യൻഷിപ്പിൽ ഓവറോൾ ചാംമ്പ്യനാകാനും ഒപ്പം കാഡറ്റ് മൽസരങ്ങൾ ക്ക് പങ്കെടുക്കാനും തയ്യാറെടുക്കുകയാണ്. ഷോണാൽ. മൂന്ന് മാസത്തിനിടയിൽ ഒരു റേസിനെകിലും ഇറങ്ങാൻ അവസരം ലഭിച്ചാൽ മൂന്ന്​ വർഷത്തിനുള്ളിൽ ഇനിയും നേട്ടങ്ങൾ എത്തിപ്പിടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

രാജ്യാന്തര പരിശീലനവും സ്ഥിരമായി സ്പോണ്‍സര്‍ഷിപ്പും ലഭിച്ചാല്‍ ഇന്ത്യയുടെ പുതിയ പ്രതീക്ഷയാകാന്‍ ഷോണാലിനു സാധിക്കും. ഷൂമാക്കറെപ്പോലെ, വെറ്റലിനെപ്പോലെ, ഹാമിൽട്ടനെപ്പോലെ ഫോർമുല വൺ കാറോട്ടത്തിന്റെ രാജസിംഹാസനത്തിൽ കണ്ണുവച്ചുകഴിഞ്ഞു ഒമാനിൽ സ്ഥിരതാമസമാക്കിയ മലയാളിയായ ഷോണാൽ കുനിമൽ എന്ന ഈ കുട്ടി ഷുമാക്കർ.

MORE IN GULF
SHOW MORE