വീടു പൂട്ടി പോകുന്നവര്‍ സുരക്ഷ ഉറപ്പുവരുത്തണം, അബുദാബി പൊലീസിൻറെ മുന്നറിയിപ്പ്

lock
SHARE

വേനലവധിക്കാലത്ത് വീട് പൂട്ടി പോകുന്നവര്‍ സുരക്ഷ ഉറപ്പുവരുത്തണമെന്ന് അബുദാബി പൊലീസ്. സ്വര്‍ണം, പണം തുടങ്ങി വിലപിടിപ്പുള്ള സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കരുതെന്നും പൊലീസ് ഓര്‍മിപ്പിച്ചു. വേനല്‍ അവധിക്കാലം തുടങ്ങിയതോടെ മോഷണം  റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിൽ സുരക്ഷ കര്‍ശനമാക്കി.

യാത്രയ്ക്ക് മുന്‍പ് വീടിന്‍റെ വാതിലുകള്‍ യഥാവിധം പൂട്ടി എന്ന് ഉറപ്പുവരുത്തണമെന്ന് സ്വദേശികളോടും വിദേശികളോടും പൊലീസ് ഓര്‍മിപ്പിച്ചു. പണവും ആഭരണവും സെയ്ഫ് ലോക്കറിലേക്ക് മാറ്റണം. വൈദ്യുതിയും പാചകവാതക കണക്ഷനും വിഛേദിക്കുക, ഗ്യാസ് സിലിണ്ടര്‍ വെയിലത്തല്ലെന്ന് ഉറപ്പുവരുത്തുക, വാഹനങ്ങള്‍ മോഷണംപോകുന്നത് തടയാനായി അലാറം സംവിധാനം സ്ഥാപിക്കുക തുടങ്ങിയവയാണ് മറ്റു നിര്‍ദേശങ്ങള്‍.

മോഷണം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷിത യാത്ര എന്ന പേരില്‍  സമൂഹ മാധ്യമങ്ങളിലടക്കം പ്രത്യേക ബോധവല്‍കരണ ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്. വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയത്തിന്‍റെ സഹകരണത്തോടെയാണ് ക്യാംപെയിന്. സുരക്ഷാ സംബന്ധമായി പൊലീസിന്‍റെ സേവനം ആവശ്യമുള്ളവര്‍ 800 2626 നമ്പറില്‍ ബന്ധപ്പെടണം. www.mofa.gov.ae വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും സേവനം ആവശ്യപ്പെടാവുന്നതാണ്.

MORE IN GULF
SHOW MORE