യുവതി ഒാടിച്ച കാര്‍ പെട്രോളൊഴിച്ച് കത്തിച്ചു; പരിഹാസം; രണ്ടുപേര്‍ അറസ്റ്റില്‍

car-fire-pic
SHARE

വനിതകള്‍ക്ക് ചരിത്രത്തിലാദ്യമായി ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ച സൗദിയില്‍ നിന്നും അശുഭവാര്‍ത്ത. മക്ക സ്വദേശിനിയായ സൽമ അൽ ഷെരീഫ് എന്ന യുവതിയുടെ കാര്‍ അക്രമികള്‍ തീവച്ചുനശിപ്പിച്ചു. തന്റെ പുത്തൻ കാർ അഗ്നിക്കിരയാകുന്നത് വിലപിക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പ്രതികളായ രണ്ട് പേരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാൾ പെട്രോൾ കൊണ്ടുവരികയും രണ്ടാമൻ ഇയാളെ സഹായിക്കുകയുമായിരുന്നുവെന്ന് മക്ക അധികൃതർ പറഞ്ഞു.

അതിനിടെ, വാഹനം നഷ്ടമായ സൽമ അൽ ഷരീഫിന് ഏറ്റവും പുതിയ മോഡൽ കാർ വാങ്ങി നൽകുമെന്ന് മക്ക മുനിസിപ്പിൽ കൗൺസിൽ വൈസ് പ്രസിഡന്റ് ഫഹദ് അൽ റൂഖി അറിയിച്ചു. കാഷ്യറായി ജോലി ചെയ്യുന്ന സൽമയാണു പ്രായമായ മാതാപിതാക്കളടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണി. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും പ്രതികൾക്കു പരാമവധി ശിക്ഷ ഉറപ്പാക്കുമെന്നും മക്ക ഗവർണറേറ്റ് വ്യക്തമാക്കി. പ്രശ്നപരിഹാരം ആകുംവരെ യുവതിക്കു വാഹന സൗകര്യം നൽകാനും ചിലർ രംഗത്തെത്തി. വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാർ കഴിഞ്ഞദിവസം പുലർച്ചെയാണ് അക്രമികൾ പെട്രോൾ ഒഴിച്ചു കത്തിച്ചത്.

വാഹനമോടിക്കുന്നതു സംബന്ധിച്ച് അയൽവാസി നേരത്തെ മോശമായി പെരുമാറിയെന്നും ശകാരിച്ചെന്നും സൽമ പറയുന്നു. വാഹനമോടിക്കാൻ തുടങ്ങിയതോടെ കുടുംബത്തിന്റെ സാമ്പത്തിക പ്രയാസം കുറഞ്ഞു. നേരത്തെ വരുമാനത്തിന്റെ പകുതിയും ചെലവഴിച്ചിരുന്നതു ഡ്രൈവർക്കു ശമ്പളം കൊടുക്കാനായിരുന്നെന്നും അവർ പറയുന്നു. ശൂറ കൗൺസിൽ വനിതാ അംഗങ്ങൾ ഉൾപ്പെടെയുള്ളവർ സൽമയ്ക്കു പിന്തുണ അറിയിച്ചിട്ടുണ്ട്. താൻ ഡ്രൈവിങ് ആരംഭിച്ചതു ഇഷ്ടപ്പെടാത്ത അയൽപക്കത്തെ യുവാക്കള്‍ മനപ്പൂർവം തീ വയ്ക്കുകയായിരുന്നുവെന്ന് സൽമ പൊലീസിൽ പരാതിപ്പെട്ടു. 

കാറോടിക്കാൻ തുടങ്ങിയ ആദ്യ ദിനം തൊട്ട് പുരുഷന്മാരിൽ നിന്ന് താൻ പരിഹാസം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു. സൽമയ്ക്ക് പുതിയ കാർ സമ്മാനിക്കുമെന്ന് മക്ക മുനിസിപൽ കൗൺസിൽ വൈസ് പ്രസിഡൻ്റ് ഫഹദ് അൽ റുഖി പറഞ്ഞു. ജൂൺ 24നായിരുന്നു സൗദിയിൽ വനിതകൾ വാഹനമോടിച്ചു തുടങ്ങിയത്.  120,000 വനിതകൾ ഇതിനകം ഡ്രൈവിങ് ലൈസൻസിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

MORE IN GULF
SHOW MORE