സഞ്ചാരികളെ വിസ്മയിപ്പിച്ച് ചരിത്രശേഷിപ്പായി റുസ്താഖ് കോട്ട

rustaq-fort
SHARE

അതിമനോഹരമായ ഭൂപ്രകൃതി കൊണ്ട് സമൃദ്ധമാണ് ഒമാൻ. ചരിത്രത്തിന്റെ ഭാഗമായ കൊട്ടാരങ്ങളും കോട്ടകളും സഞ്ചാരികളെ വിസ്മയിപ്പിക്കാറുണ്ട്. ആറാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച റുസ്താഖ് കോട്ടയുടെ വിശേഷങ്ങളാണ് ഇനി....

ഇന്ത്യയെപ്പോലെ നാട്ടുരാജ്യങ്ങളുടെ ചരിത്രകഥകൾ ഒമാനും ഏറെ പറയാനുണ്ട്. വടക്കൻ ഒമാനിലെ അൽ ബത്തിനാഹ് പ്രദേശത്തെ റുസ്താഖ് അത്തരം ചരിത്രകഥകളാൽ പ്രസിദ്ധമാണ്. ഇമാം ബിന്‍ അറൂബ് ബിന്‍ സുല്‍ത്താന്‍ അല്‍ അറുബിയുടെ കാലഘട്ടമായിരുന്നു റുസ്താഖിന്റെ സുവർണ കാലം. ആറാം നൂറ്റാണ്ടിൽ ഇമാം ബിൻ നിർമിച്ച ആഡംബര വസതിയായ സുൽത്താൻ അൽ അറുബിയുടെ ഷാഹുമാൻ കോട്ടയാണ് റുസ്താഖ് ഫോർട്ട് എന്നറിയപ്പെട്ടിരുന്നത്. 

ഇമാമിനും കുടുംബത്തിനും താമസിക്കാൻ ആഞ്ചു മുറികൾ കോട്ടയുടെ പ്രധാന ഭാഗങ്ങളിൽ അതീവസുരക്ഷാ സംവിധാനങ്ങളോടെ നിർമിച്ചിട്ടുണ്ട്‌. കോട്ടയുടെ പ്രധാന പ്രതേകതകളിൽ ഒന്നായിരുന്നു ഭക്ഷ്യ കലവറ. താഴത്തെ നിലയിൽ ഈത്തപ്പഴം ശേഖരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായുള്ള വലിയ നിലവറ. മറ്റുഭാഗങ്ങളായി എല്ലവിധ ഭക്ഷ്യവസ്തുക്കളും  വിശാലമായി ശേഖരിച്ചിരുന്നു. ഇത് കേടുകൂടാതെ വെക്കാനുള്ള കളിമൺ ഭരണികളുമുണ്ടായിരുന്നു. 

കോട്ടയിൽ രണ്ട് നിലകളുള്ള ജയിലുമുണ്ട്. ചെറിയ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ടവരെ താഴത്തെ നിലയിലും വലിയ കുറ്റവാളികളെ രണ്ടാം നിലയിലും പാർപ്പിച്ചിരുന്നു. പത്തിലധികം വർഷങ്ങളെടുത്താണ് ഓരോ നിലകളും പൂർത്തിയാക്കിയത്.  കോട്ടയുടെ മറുവശത്തു ശവകുടീരങ്ങളും  കാണാൻ സാധിക്കും. ഉയർന്നുനിൽക്കുന്ന കോട്ടയ്ക്കുള്ളിൽ മറഞ്ഞിരുന്നു ശത്രുവിന്റെ നീക്കങ്ങൾ അറിയുവാനും പ്രതിരോധിക്കുവാനും സംവിധാനങ്ങളുണ്ടായിരുന്നു.

കോട്ടയോടനുബന്ധിച്ച് 1892 ൽ നിർമിച്ച വാട്ടർ കനാൽ ഇന്നും നിലനിർത്തിയിട്ടുണ്ട്. നാടൻ ആഡംബര വസിതി ഇന്ന് വിശേഷിപ്പിക്കുന്ന ഈ കോട്ട റുസ്താഖ് അൽഹാസ് ഭാഗത്തേക്കുള്ള ദുർഘട യാത്രയിൽ വിശ്രമ കേന്ദ്രമായും ഉപയോഗിച്ചിരുന്നു. റുസ്താഖ് കോട്ടയിൽ നിന്നും ബർക്ക ഫോർട്ടിലേക്ക് പോകാനുള്ള ഭൂഗർഭ അറകളും ഈ കോട്ടയുടെ മുഖ്യ പ്രതേകതയാണ്. 

ഒമാന്റെ ചരിത്രത്തോട് കെട്ടുപിണഞ്ഞുകിടക്കുന്ന റുസ്താഖ് കോട്ടയെ അതേ പ്രധാന്യത്തോടെയാണ് ഒമാൻ സർക്കാർ സംരക്ഷിക്കുന്നത്.  കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടത്തി പഴമ ചോരാതെയാണ് കോട്ട നിലനിർത്തുന്നത്. വിനോദസഞ്ചാരികൾ മാത്രമല്ല കോട്ടയിൽ സന്ദർശനത്തിനെത്തുന്നത്. ഒമാന്റേയും പേർഷ്യയുടേയും ചരിത്രം പഠിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുളളവർ ഇവിടം സന്ദർശിക്കാറുണ്ട്. കോട്ടയുടെ നിർമാണരീതിയും നിലനിൽപ്പും ചരിത്രാന്വേഷികൾക്ക് കൌതുകമാണ്.

MORE IN GULF
SHOW MORE