അച്ഛന്‍‌ കരുതിക്കാണില്ല, ഈ മകന്‍ ജയിലഴി... കണ്ണീരുവീണ് അറ്റ്ലസ് രാമചന്ദ്രന്റെ ആത്മകഥ

atlas-ramachandran
SHARE

‘എന്റെ അച്ഛൻ കമലാകര മേനോൻ വിയൂർ ജയിലിൽ കുറച്ചുകാലം ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തെ തുടർച്ചയായി കുറേ ദിവസം കാണാതെ കാണുമ്പോൾ ചോദിക്കും, അല്ല, മേൻ നേ.. നിങ്ങളെവിടെയായിരുന്നു ഇത്രയും കാലം.. അപ്പോൾ അച്ഛൻ പറയും, ഞാൻ വിയ്യൂർ ജയിലിലായിരുന്നെടോ.. കേൾക്കുന്നവർ അന്തം വിട്ടു നോക്കുമ്പോൾ അച്ഛൻ തുടരും, അതേയ്.. ഞാനവിടുത്തെ അന്തേവാസിയായിട്ടല്ല കേട്ടോ ചെന്നത്, ഉദ്യോഗസ്ഥനായിട്ടാ.. അവിടുത്തെ തടവു പുള്ളികളുടെ കഥകൾ അച്ഛൻ തന്റെ സുഹൃത്തുക്കളോട് പറയുന്നത് അന്ന് ബാലനായിരുന്ന ഞാൻ സാകൂതം കേട്ടിരുന്നു. അന്ന് ആ പാവം സ്വപ്നത്തിൽപോലും കരുതിയിരിക്കില്ല, ഒരിക്കല്‍ തന്റെ മകനും ഇതുപോലെ...’– ഇംഗ്ലീഷിൽ എഴുതുന്ന തന്റെ ഒാർമക്കുറിപ്പുകളിലെ ഒരു ഭാഗം വായിക്കുമ്പോൾ പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ വാക്കുകൾ ഇടറി. ആ കൺകോണുകളിൽ ഒരു തുള്ളി ജലം നിറഞ്ഞുനിന്നു. അതു മുന്നിലെ കടലാസിൽ വീണ് അക്ഷരങ്ങൾ പടർന്നുപോകാതിരിക്കാൻ അദ്ദേഹം പെട്ടെന്ന് അവ മാറ്റിവച്ചു, പിന്നെ ഒരു നിമിഷം കണ്ണടച്ചിരുന്നു. ആ മനസിൽ കുറേ ഓര്‍മകള്‍ പിന്നെയും ഇരമ്പിയെത്തി.

atlas-ramachandran-wife

33 മാസമായിരുന്നു തടവറയ്ക്കുള്ളിൽ കഴിഞ്ഞത്. സമയം കളയാൻ കണ്ടെത്തിയ പോം വഴി പഴയ ഒാർമകളെ പൊടിതട്ടിയെടുത്ത് എഴുതി വയ്ക്കുക എന്നതായിരുന്നു. എങ്കിലും ഒന്നര വർഷം കഴിഞ്ഞാണ് എഴുത്തിലേയ്ക്ക് തിരിഞ്ഞത്. ഇംഗ്ലീഷിലാണ് എഴുതുന്നത്. ഏറ്റവും പഴയ കാലം മുതലാണ് തുടക്കം. ജനനം മുതൽ എന്നാണോ എഴുതി പൂർത്തിയാക്കുന്നത് അതുവരെയുള്ള കഥകൾ പങ്കുവയ്ക്കുന്നു. 

ബാല്യകാലത്തെ സംഭവങ്ങൾ ഒാർമിച്ചെടുക്കാൻ വലിയ പ്രയത്നം വേണ്ടി വന്നു. എങ്കിലും ഒാർത്തു തുടങ്ങിയപ്പോൾ തിരമാലകൾ പോലെ അവ ഒാരോന്നായി വന്നു ആഞ്ഞടിച്ചു. പിന്നീട് എഴുത്ത് വേഗത്തിലായി. ജനന സ്ഥലമായ തൃശൂർ നഗരം, അച്ഛനെയും അമ്മയെയും കുറിച്ചുള്ള ഒാർമകൾ, ആദ്യത്തെ വിദ്യാലയം, കേരള വർമ കോളജിലെ ഒാർമകൾ, ഡൽഹിയിലെ ബാങ്കുദ്യോഗം, തുടർന്ന്, 1974ൽ കുവൈത്തിലേയ്ക്കുള്ള മാറ്റം, അവിടുത്തെ ബാങ്കുദ്യോഗം, 1981ൽ അവിടെ അറ്റ്ലസ് ജ്വല്ലറിക്ക് തുടക്കമിട്ടത്, വിവാഹം,  സ്വർണാഭരണ മേഖലയിലേയ്ക്കുള്ള പ്രവേശനം, ദുബായിലെ ബിസിനസ്, തളർച്ച, വിഷമസന്ധികൾ എന്നിവ ജീവിച്ച നാടിന്റെ സാമൂഹിക സാംസ്കാരിക പശ്ചാത്തലത്തോടെ പുസ്തകത്തിൽ അനാവരണം ചെയ്യും. എല്ലാ വിഷയങ്ങളും വളരെ വിശദമായി പുസ്തകത്തിൽ കടന്നുവരുന്നു. ചെറുപ്പകാലത്ത് നന്നായി വായിക്കുമായിരുന്നു. ആ ഗുണമാണ് ഇപ്പോൾ എഴുത്ത് സുഗമമാക്കിയതെന്ന് അദ്ദേഹം വിശ്വസിക്കുന്നു.  

2015 നവംബർ 12നായിരുന്നു അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ എം.എം. രാമചന്ദ്രനെ ദുബായ് കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചത്. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകൾ മടങ്ങുകയും ചെയ്തതിനെത്തുടർന്ന് ബാങ്കുകൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് തൃശൂർ സ്വദേശിയായ രാമചന്ദ്രനെ ദുബായ് പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചത്. പത്തിൽപ്പരം ബാങ്കുകളിൽനിന്നാണ് അറ്റ്‌ലസ് ഗ്രൂപ്പ് വായ്‌പയെടുത്തത്. ചെക്കുകൾ മടങ്ങിയതുമായി ബന്ധപ്പെട്ട് ആറു കേസുകളാണു ദുബായിലുണ്ടായിരുന്നത്. 

atlas-ramachandran

പ്രശ്ന പരിഹാരത്തിന് അറ്റ്ലസ് ഗ്രൂപ്പ് ശ്രമം നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ല. മൂന്നു പതിറ്റാണ്ട് മുൻപ് ആരംഭിച്ച അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന് യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലായി 48 ശാഖകളുണ്ടായിരുന്നു; യുഎഇയിൽ മാത്രം 19 ഷോറൂമുകൾ. കേരളത്തിലും ശാഖകളുണ്ട്. ഹെൽത്ത്കെയർ, റിയൽ എസ്‌റ്റേറ്റ്, ചലച്ചിത്രനിർമാണ മേഖലകളിലും അറ്റ്‌ലസ് സാന്നിധ്യമുറപ്പിച്ചിരുന്നു. 

MORE IN GULF
SHOW MORE