ചെറിയ കുട്ടികളെ വാഹനങ്ങളില്‍ ഒറ്റയ്ക്ക് ഇരുത്തുന്നതിനെതിരെ മുന്നറിയിപ്പുമായി അബുദാബി പൊലീസ്

abudabi-police-t
SHARE

ചെറിയ കുട്ടികളെ വാഹനങ്ങളില്‍ ഒറ്റയ്ക്ക് ഇരുത്തി പോകുന്നതിനെതിരെ അബുദാബി പൊലീസിന്‍റെ മുന്നറിയിപ്പ്. വാഹനത്തില്‍ അകപ്പെടുന്ന കുട്ടികള്‍ കൊടും ചൂടില്‍ ശ്വാസംമുട്ടി മരിക്കാന്‍ ഇടയായ സംഭവം ചൂണ്ടിക്കാട്ടിയാണ് അതീവജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയത്.

ദീര്‍ഘ നേരം കുട്ടികളെ ഒറ്റയ്ക്ക് വാഹനങ്ങളില്‍ ഇരുത്തുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് അബുദാബി പൊലീസിലെ  അത്യാഹിത, പൊതുസുരക്ഷാ വിഭാഗം ഡയറക്ടര്‍ കേണല്‍ മുഹമ്മദ് ഇബ്രാഹിം അല്‍ ആമിരി പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉണ്ടാകാനിടയുള്ള അപകട സാധ്യത തുറന്നുകാട്ടിയാണ് പൊലീസ് ജനങ്ങളെ ബോധവല്‍കരിക്കുന്നത്. ഇതിനായി മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബിക്, ഉര്‍ദു ഉള്‍പെടെ വിവിധ ഭാഷകളില്‍ സമൂഹ മാധ്യമങ്ങളില്‍ ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്. പിന്‍സീറ്റില്‍ പ്രത്യേക ഇരിപ്പിടത്തിലാണ് ചെറിയ കുട്ടികളെ ഇരുത്തേണ്ടത്. യാത്രക്കിടെ പിന്‍ സീറ്റിലിരുന്ന് ഉറങ്ങുന്ന കുട്ടികളെ മറന്ന് രക്ഷിതാക്കൾ വാഹനം പൂട്ടി പോകുന്നപതിവ് അപകടമുണ്ടാക്കുമെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. പൊരി വെയിലത്ത് മണിക്കൂറുകളോളം വാഹനത്തിലിരിക്കുന്ന കുട്ടികള്‍ക്ക് ശ്വാസ തടസം ഉണ്ടാകുകയും അത് മരണത്തിലേക്ക് നയിക്കുകയും ചെയ്തേക്കാം. വേനല്‍കാലത്ത് സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിടുന്ന വാഹനം ചൂടായി അഗ്നിബാധ വരെ ഉണ്ടാകാനിടയുണ്ട്. ഒപ്പം വാഹനം ഓടിച്ചുനോക്കാനുള്ള പ്രേരണ കുട്ടികളെ അപകടത്തിലേക്ക് നയിക്കും. പ്രായമായവരെയും  തനിച്ച് വാഹനത്തിലിരുത്തി പോകരുതെന്നും പൊലീസ് ഓര്‍മിപ്പിക്കുന്നു.

MORE IN GULF
SHOW MORE