എണ്ണ ഉൽപാദനം പ്രതിദിനം പത്തുലക്ഷം ബാരല്‍ വരെ വർധിപ്പിക്കാൻ തീരുമാനം

opec
SHARE

എണ്ണ ഉൽപാദനം പ്രതിദിനം പത്തു ലക്ഷം ബാരൽ വരെ വർധിപ്പിക്കാൻ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിന്റെ യോഗത്തിൽ തീരുമാനം. അടുത്തമാസം ഒന്ന് തുടങ്ങിയായിരിക്കും വർധന.തീരുമാനത്തിനു പിന്നാലെ ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ഉയർന്നു.

എണ്ണ ഉപഭോഗത്തിൽ മുന്നിൽ നിൽക്കുന്ന യുഎസ്, ചൈന, ഇന്ത്യ എന്നിവരിൽ നിന്നുണ്ടായ ശക്തമായ സമ്മർദ്ദമാണ് ഉൽപാദനം വർധിപ്പിക്കാൻ ഒപെകിനെ പ്രേരിപ്പിച്ചത്. ഒപെക് ഉൽപാദനം വർധിപ്പിക്കണമെന്നും അതുവഴി രാജ്യാന്തര  വിപണിയിൽ വില നിയന്ത്രിക്കണമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.

യുഎസിന്റെ സമ്മർദ്ദത്തെ തുടർന്ന് ഉൽപാദന വർധനയ്ക്കു വേണ്ടി സൗദി അറേബ്യ ശക്തമായി വാദിച്ചു. എന്നാൽ, യുഎസ് സമ്മർദ്ദത്തിനു വഴങ്ങുന്നതിനെതിരെ ഇറാൻ രംഗത്തു വരികയും ചെയ്തു. ഒപെകിലെ ഓരോ രാജ്യവും വരുത്തേണ്ട ഉൽപാദന വർധനയെ കുറിച്ച് നാളെ  തീരുമാനമെടുക്കും. അതേ സമയം, പ്രതിദിനം 6 മുതൽ 10 ലക്ഷം വരെ ബാരലിന്റെ വർധന രാജ്യാന്തര  വിപണിയിലുണ്ടാവുമെന്നാണ് പ്രതീക്ഷ. ഉൽപാദന വർധന മൂലം സൗദി അറേബ്യയ്ക്കാണ് ഏറെ നേട്ടമുണ്ടാകുക. ഒപെക് തീരുമാനത്തിന് അനുസൃതമായി റഷ്യയുൾപ്പെടെ ഒപെക് ഇതര എണ്ണ ഉൽപാദക രാജ്യങ്ങളും ഉൽപാദന വർധന നടപ്പിൽ വരുത്തും. ഇതോടെ ആഗോള വിപണിയിൽ വില കുറയാൻ ഇടയാകുമെന്നാണ് കരുതുന്നത് രാജ്യാന്തര  വിപണിയിൽ മതിയായ തോതിൽ എണ്ണ ലഭ്യമാക്കാൻ ഒപെക് രാജ്യങ്ങൾ തയ്യാറാവണമെന്നു  കേന്ദ്ര ഊർജ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ആവശ്യപ്പെട്ടിരുന്നു. ഒപെക് രാജ്യങ്ങളിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന പ്രധാനപ്പെട്ട മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.

MORE IN GULF
SHOW MORE