പാക്കിസ്ഥാനി അടിച്ചുമാറ്റിയ മലയാളിയുടെ ഫോണ്‍ കിട്ടിയത് ഇങ്ങനെ: ഒരു ദുബായ് കഥ

biju
SHARE

മലയാളിയിൽ നിന്ന് പാക്കിസ്ഥാനി യുവാവ് തട്ടിപ്പറിച്ച മൊബൈൽ ഫോൺ തിരിച്ചുകിട്ടാൻ ഇടയാക്കിയത് അവിചാരിതമായി കയറിവന്ന വാട്സ് ആപ്പ് സന്ദേശങ്ങൾ. ദുബായ് ഖിസൈസിൽ ജോലി ചെയ്യുന്ന എറണാകുളം പറവൂർ സ്വദേശി ബിജു റാഫേലിൻ്റെ മൊബൈൽ ഫോണാണ് ഷാർജ വ്യവസായ മേഖല രണ്ടിലെ ഫസ്റ്റ് ചോയിസ് മൊബൈൽ ഫോൺ കടയുടമ കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ആഷിഖ് മുഹമ്മദിൻ്റെയും തൻ്റെ സുഹൃത്തുക്കളുടേയും സമയോചിത ഇടപെടൽ മൂലം ഭദ്രമായി തിരിച്ചുകിട്ടിയത്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ജോലി ആവശ്യാർഥം ഖിസൈസ് വ്യവസായ മേഖല രണ്ടിൽ ചെന്ന ബിജു രാത്രി ഒൻപതോടെ താമസ സ്ഥലത്തേയ്ക്ക് തിരിച്ചുപോകാൻ വേണ്ടി ബസ് സ്റ്റേഷനിൽ നിൽക്കുകയായിരുന്നു. കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ അതുവഴി സൈക്കിളിൽ വന്ന പാക്കിസ്ഥാനി യുവാവ് നൊടിയിടയിൽ തട്ടിപ്പറിച്ച് വേഗത്തിൽ കടന്നുകളഞ്ഞു. പരിസരത്ത് ആരുമുണ്ടായിരുന്നില്ല. അഞ്ച് മിനിറ്റോളം അയാളുടെ പിന്നാലെ ഒാടിയെങ്കിലും ഇടവഴിയിലൂടെ അക്രമി അപ്രത്യക്ഷനായി. തുടർന്ന് ദുബായ് പൊലീസിൻ്റെ കോൾ നമ്പരിൽ വിളിച്ച് കാര്യം പറഞ്ഞു. പൊലീസെത്തി ചുറ്റുവട്ടത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടർന്ന്, പരാതിയുണ്ടെങ്കിൽ പൊലീസ് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ട് അവർ പോയി.

ഇതിന് ശേഷം നടന്ന കാര്യങ്ങളാണ് രസകരം. ഷാർജ വ്യവസായ മേഖലയിലെ കേറ്റർപില്ലർ റൗണ്ടെബൗട്ടിനടുത്തെ ആഷിഖിൻ്റെ മൊബൈൽ കടയിലേയ്ക്ക് പാക്കിസ്ഥാനി യുവാവ് കടന്നുചെന്നു. തൻ്റെ മൊബൈൽ ഫോണ്‍ അൺലോക്ക് ചെയ്യണമെന്നതായിരുന്നു ആവശ്യം.  11 വർഷമായി ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന ആഷിഖിന് ആവശ്യം കേട്ടപ്പോഴേ പന്തികേട് തോന്നി. ഫോൺ അൺലോക്ക് ചെയ്യുന്നതിന് മുൻപേ മൊബൈല്‍ ഡാറ്റാ ഹോട്ട് സ്പോട് ഒാൺ ചെയ്തപ്പോൾ മഴ പെയ്യുമ്പോലെ വാട്സ് ആപ്പ് മെസേജുകൾ വന്നു. ഇതിൽ പലതും മലയാളത്തിലുള്ളത്. ഫോൺ ആരുടേതാണെന്ന് ചോദിച്ചപ്പോൾ തൻ്റെ സുഹൃത്ത് സമ്മാനിച്ചതാണെന്നും അയാൾ നാട്ടിലേയ്ക്ക് പോകാനായി വിമാനത്താവളത്തിലെത്തി എന്നുമായിരുന്നു മറുപടി. ഇത് ഒരു മലയാളിയുടേതാണെന്ന് തോന്നുന്നല്ലോ എന്ന് പറഞ്ഞപ്പോൾ അയാളൊന്നു പരുങ്ങി. മൊബൈൽ അൺലോക്ക് ചെയ്യണമെങ്കിൽ എമിറേറ്റ്സ് എെഡി വേണമെന്ന് കള്ളം പറഞ്ഞതനുസരിച്ച് അതെടുക്കാൻ പോയ സമയം മൊബൈലിൻ്റെ ഏറ്റവുമുകളിൽ വന്നുനിന്നിരുന്ന ഇന്ത്യൻ നമ്പരിലുള്ള മൂന്ന് വാട്സ് ആപ്പ് സന്ദേശങ്ങളിൽ ഏറ്റവും ആദ്യത്തേതിലെ നമ്പരിലേയ്ക്ക് വിളിച്ചപ്പോൾ എടുത്തത് ഡൽഹിയിലെ മലയാളി മാധ്യമപ്രവർത്തകൻ ഷെമിൻ ജോയ്.  വിവരം ഷെമിൻ തങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലേയ്ക്ക് കൈമാറി. അഖില കേരളാ ബാലജനസഖ്യത്തിൻ്റെ യുഎഇ ചാപ്റ്ററിൻ്റെ മുൻകാല പ്രവർത്തകരുടെ സഖ്യം, ശ്രുതിമധുരം എന്ന ഗ്രൂപ്പായിരുന്നു അത്. ആ ഗ്രൂപ്പിലെ അംഗങ്ങളായിരുന്നു ബിജു, ഷെമിൻ, റോജിൻ പൈനുംമൂട്, ഷൈല തോമസ്, റീന സലീം എന്നിവർ. ഉടൻ തന്നെ എല്ലാവരും ഫോൺ ബിജുവിൻ്റേതാണെന്ന് തിരിച്ചറിഞ്ഞു. ബിജു ഇന്ന് രാവിലെ ചെന്ന് ഫോൺ കൈപ്പറ്റുകയും ചെയ്തു.

ആഷിഖിൻ്റെ സന്ദർഭത്തിനനുസരിച്ച പ്രവർത്തനമാണ് നഷ്ടപ്പെട്ടു എന്ന് കരുതിയ ഫോൺ തിരിച്ചുകിട്ടാൻ കാരണമെന്ന് ബിജു പറഞ്ഞു. ഫോൺ വീണ്ടുമൊന്ന് വാങ്ങിക്കാവുന്നതതേയുള്ളൂ. അതിലെ ഡാറ്റകളും പടങ്ങളും മറ്റും നഷ്ടപ്പെടുന്നതിലായിരുന്നു പ്രയാസം. വാട്സ് ആപ്പ് ഗ്രൂപ്പുകൾ പലപ്പോഴും ശല്യമായി തോന്നാറുണ്ടെങ്കിലും ഇതുപോലെ പ്രയോജനവും ലഭിക്കുന്നു. ഇൗ സംഭവത്തോടെ തങ്ങൾക്ക് പുതിയൊരു സുഹൃത്തിനെക്കൂടി ലഭിച്ചതായി ബിജു പറഞ്ഞു.

MORE IN GULF
SHOW MORE