മരുഭൂമിയിലെ മലയാളിനാട്

gw-cheraman-perumal-t
SHARE

മരുഭൂമിയിൽ മലയാളി നാടിനെ ഓർമിപ്പിക്കുന്ന ഒമാനിലെ  സലാലയെക്കുറിച്ചുള്ള വാർത്ത കഴിഞ്ഞ എപ്പിസോഡിലുണ്ടായിരുന്നു. പ്രകൃതിഭംഗിയുടെ കാര്യത്തിൽ മാത്രമല്ല സലാലയ്ക്ക് കേരളവുമായി ബന്ധമുള്ളത്. കൊടുങ്ങല്ലൂർ ഭരിച്ചിരുന്ന ചേരമാൻ പെരുമാളിന്റെ കബറിടം ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്. നവീകരണത്തിന് തയ്യാറാകുന്ന ആ കബറിടത്തിന്റെ വാർത്തയിലേക്ക്....

സലാല...മരുഭൂമിയിലെ പച്ചപ്പ്...സലാലയിലെ മനോഹാരിത കേരളത്തെ ഓർമിപ്പിക്കുന്നതിനൊപ്പം മലയാളി നാടുമായി ഈ മണ്ണിന് മറ്റൊരു ബന്ധം കൂടിയുണ്ട്. കൊടുങ്ങല്ലൂർ ആസ്ഥാനമായി ഭരിച്ചിരുന്ന ചേരവംശരാജാവ് ചേരമാൻ പെരുമാൾ അന്ത്യവിശ്രമം കൊള്ളുന്നയിടം. കൊടുങ്ങല്ലൂരിൽ വച്ച് ഇസ്ളാം മതത്തെക്കുറിച്ചുകേട്ട ചേരമാൻ പെരുമാൾ മക്കയിലെത്തി. അവിടെ വച്ചു ഇസ്ലാം മതം സ്വീകരിച്ച് അബ്ദു റഹ്മാന്‍ താജുദ്ദീന്‍ എന്ന പേരു സ്വീകരിച്ചു. തുടർന്ന് മുഹമ്മദ് നബിയുടെ ആഗ്രഹപ്രകാരം മതപ്രചാരണത്തിനായി കപ്പലിൽ കൊടുങ്ങല്ലൂരിലേക്ക് തിരിച്ചു. പക്ഷേ, പ്രകൃതിക്ഷോഭത്തിൽ പെട്ട് ഒമാനിലെ സലാലയിലെത്തി. തുടർന്ന് രോഗബാധിതനായ ചേരമാൻ പെരുമാൾ ഇവിടെ വച്ച് മരണപ്പെട്ടു. പെരുമാൾ അന്ത്യവിശ്രമം കൊള്ളുന്ന ഈ ഇടം നൂറ്റാണ്ടുകളായി വിശ്വാസികൾടക്കമുള്ളവർ സംരക്ഷിച്ചുപോരുന്നു. സുൽത്താൻ ഓഫ് മലബാർ എന്നാണ് കബറിടത്തിലെ മീസാൻ കല്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 

ചേരമാൻ പെരുമാളിന്റെ ഒപ്പമുണ്ടായിരുന്ന പതിനഞ്ചുപേർ സലാലയിൽ തങ്ങിയെന്നും ബാക്കിയുണ്ടായിരുന്നവർ മാലിക് ഇബ്നു ദിനാറിന്റെ നേതൃത്വത്തിൽ കേരളത്തിലേക്ക് മടങ്ങിയെന്നുമാണ് വിശ്വാസം. ഇതേ മാലിക് ദിനാറാണ് എ.ഡി അറുന്നൂറ്റിഇരുപത്തിയൊൻപതിൽ ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളിയായ ചേരമാൻ ജുമാ മസ്ജിദ്‌ സ്ഥാപിച്ചത്. മാലിക് ദിനാർ പിന്നീട് കാസർകോട് തളങ്കര എന്ന സ്ഥലത്തു വച്ചാണ് മരണപ്പെട്ടതെന്നു കരുതുന്നു. കേരളത്തിൽ നിന്ന് അറേബ്യയിലേക്ക് പോയി വിശ്വാസപ്രചാരണത്തിന് തയ്യാറായ ചേരമാൻ പെരുമാൾ അറേബ്യൻ നാട്ടിലും അറേബ്യൻ നാട്ടിൽ നിന്ന് മതപ്രചാരണത്തിന് കേരഴത്തിലെത്തിയ മാലിക് ദിനാറും അറബിക്കടലിന്റെ രണ്ട് തീരങ്ങളിൽ അന്ത്യവിശ്രമം കൊള്ളുന്നുവെന്നതും കൌതകകരമായ ചരിത്രം. 

സലാലയിലെത്തുന്ന മലയാളികൾ പെരുമാളിന്റെ ഖബർ കാണാതെ മടങ്ങാറില്ല. കാലമേറെപിന്നിട്ടിട്ടും മലയാളികൾ ചരിത്രബന്ധം തേടി ഈ കബറിലെത്തുന്നത് ഇവിടത്തെ സ്വദേശികൾക്ക് വിസ്മയമാണ്. സലാല മുനിസിപ്പാലിറ്റിയുടെ സംരക്ഷണയിലായിരുന്ന കബറിടം ഇപ്പോൾ മതകാര്യ മന്ത്രാലയം ഏറ്റെടുത്തിട്ടുണ്ട്.   പ്രവാസി മലയാളികളുടെ നിരന്തരആവശ്യപ്രകാരം കൂടിയാണ് കബറിടം സംരക്ഷിച്ച് നവീകരിക്കുന്നത്. നവീകരണപ്രവർത്തനങ്ങൾക്ക് പൂർണപിന്തുണയുമായി പ്രവാസിമലയാളികൾ കൂടെയുണ്ട്. ഇന്ത്യയും ഒമാനും തമ്മിലുള്ള സൌഹൃദത്തിന്റെ സ്മാരകമായാണ് കബറിടത്തെ വിശേഷിപ്പിക്കുന്നത്.  

MORE IN GULF
SHOW MORE