മൂന്ന് ലോകകപ്പുകളിൽ കളി നിയന്ത്രിച്ച റഫറി ബൂജസീം വിരമിച്ചു

bujsaim
SHARE

ലോകം പന്തിനു പുറകെ സഞ്ചരിക്കുമ്പോൾ വിധി നിർണയത്തിന്റെ സന്തോഷവും സങ്കീർണതയും ഓർത്തെടുക്കയാണ് യുഎഇയുടെ മുൻ ലോകകപ്പ് റഫറീ ബൂജസീം. മൂന്ന് ലോകകപ്പ് മൈതാനങ്ങളിൽ വിസിലടിച്ച ശേഷമാണ് ഈ ഫുട്ബോൾ വിദഗ്ധൻ  വിരമിച്ചത്.

യു എ ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബ്ൻ സുൽത്താൻ ആലു നഹിയാൻ ആശിർവദിച്ചും അഭിനന്ദിച്ചുമാണ്  കളിക്കളത്തിലേക്ക് അയച്ചതെന്ന് ബൂ ജസീം പറഞ്ഞു . 1994, 1998, 2002 കാലങ്ങളിൽ കളികൾ നിയന്ത്രിക്കാൻ അവസരം ലഭിച്ചു. രാജ്യത്തിനു പുറത്തും വലിയ സ്വീകാര്യതയും അംഗീകാരവും ലഭിച്ച പദവി ജീവിതത്തിൽ മറക്കാൻ കഴിയാത്ത മുഹൂർത്തങ്ങളാണ്.  1994 ൽ അമേരിക്കയിൽ നടന്ന ലോകകപ്പിൽ രണ്ട് മത്സരങ്ങളാണ് ബൂജസീം നിയന്ത്രിച്ചത് .ഗ്രീസ് - ബൾഗേറിയ പോരാട്ടത്തിനാണ് ആദ്യം പോർക്കളത്തിൽ ഇറങ്ങിയത്. ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരനെ  കണ്ടെത്താനുള്ള മത്സരം നിയന്ത്രിക്കാൻ സാധിച്ചഅറബ്, ഏഷ്യൻ , ആഫ്രിക്കൻ രാജ്യക്കാരുടെ ഏക വിധികർത്താവാണ് ഇദ്ദേഹം.

കളിക്കളത്തിലെ ഓരോ മത്സരവും കടുത്ത പരീക്ഷണമായിരുന്നു. പരമ്പരാഗത വൈരികളും അധിനിവേശത്തിനു മധുരമായ പ്രതികാരം വീട്ടാൻ പന്തുകളിയെ പ്രയോജനപ്പെടുത്തിയിവരും പോർക്കളത്തിലെന്ന  പോലെ പോരാടി. വീറും വാശിയും  മുഴച്ചു നിന്ന കളിക്കളം പലപ്പോഴും കയ്യാങ്കളിയിലേക്കും വഴുതി. തനിക്കറിയാത്ത ഭാഷയിൽ അസഭ്യ വർഷം നടത്തിയവരെ ചുവപ്പ് കാർഡ് കൊണ്ട് തളയ്ക്കേണ്ടി വന്നിട്ടുണ്ട്.  ഫുട്ബോൾ മാന്ത്രികൻ മറഡോണ കൈ കൊണ്ടടിച്ച വിവാദ ഗോൾഫുട്ബോൾ പ്രേമികൾ മറക്കില്ല.  പ്രശസ്തനായ ടുനീസ്യൻ റഫറീ അലി ബ്ൻ നാസറിന്റ മാത്രമല്ല അറബ് റഫറീമാരുടെയെല്ലാം ഗരിമയ്ക്ക് മങ്ങലേൽപ്പിച്ച വിധിയും വിസിലും ആയിരുന്നു അന്നവിടെ മുഴങ്ങിയത്. ഗ്രൗണ്ടിലെ ഓരോ നിയോഗവും ഭംഗിയായി നിർവഹിച്ചപ്പോൾ അതു പഴയ കറകൾ കളയാൻ കൂടി വഴിയൊരുക്കിയെന്നു ബൂജസീം സൂചിപ്പിച്ചു.

98 ൽ ഫ്രാൻസ് ലോകകപ്പിൽ മൂന്ന് മത്സരങ്ങൾ നിയന്ത്രിച്ച ബൂജസീം റെക്കോർഡ് ഇപ്പോഴും നിലനിൽക്കുന്നു. മുൻകാല സേവന മികവിന്റെ ബലത്തിലാണ് 2002ലും അവസരം തേടിയെത്തിയത്. ബൂജസീം അടയാളപ്പെടുത്തിയ നീതിയുടെ കാൽപന്ത് മുദ്രകൾ പാഴായില്ല. ആ വഴിത്താരയിൽ പിൻമുറക്കാരായി മൂന്ന് പേരുകൾ ഇപ്പോൾ ഇടം പിടിച്ചു. റഷ്യൻ ലോകകപ്പ് നിയന്ത്രിക്കുന്നതിൽ മൂന്ന് പേർ യു.എ.ഇ പൗരന്മാരാണ്. പ്രധാന റഫറിയായി നിയമിക്കപ്പെട്ട മുഹമ്മദ് അബ്ദുല്ലയും അസി. റഫറിമാരായ മുഹമ്മദ് അഹ്മദും ഹസൻ അൽ മുഹൈരിയും . മൂവരും ബൂജസീം വെട്ടിത്തെളിയിച്ച വഴിയിലെ പുതിയ ഫുട്ബോൾ വിളക്കുകളായി മോസ്ക്കോ മൈതാനങ്ങളിൽ തിളങ്ങുകയാണ്.

MORE IN GULF
SHOW MORE