അവശ്യവസ്തുക്കളുടെ വില നിരീക്ഷിക്കാൻ ഇ സംവിധാനവുമായി കുവൈത്ത് സർക്കാർ

kuwait
SHARE

അവശ്യവസ്തുക്കളുടെ വില നിരീക്ഷിക്കാൻ ഇ സംവിധാനവുമായി കുവൈത്ത് സർക്കാർ. കുറഞ്ഞവില ഉറപ്പാക്കാനും അത് ലഭിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്താനും ഉപഭോക്താക്കളെ സഹായിക്കുന്ന മൊബൈൽ ആപ്പ് പുറത്തിറക്കി. അതേസമയം, അനാവശ്യ വിലക്കയറ്റത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വാണിജ്യ-വ്യവസായമന്ത്രി ഖാലിദ് അൽ റൌദാൻ അറിയിച്ചു. 

കുവൈത്തിലെ അഞ്ഞൂറ് ഉത്പന്നങ്ങളുടെ വില ഇ-സംവിധാനം വഴി വിലയിരുത്താൻ ഉപഭോക്താക്കൾക്ക് സാധിക്കുമെന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. കുറഞ്ഞ വിലയ്ക്ക് ഉത്പന്നം ലഭിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്താനുമാകും. ഉപഭോക്താക്കളുടെ അവകാശങ്ങൾ സം‌രക്ഷിക്കുന്നതിനും ചൂഷണം ഒഴിവാക്കുന്നതിനുമാണ് പുതിയ സംവിധാനം. പ്രത്യേക ആപ്പ് വഴി വിവിധ സ്ഥാപനങ്ങളിലെ വില നിലവാരം ലഭ്യമാകും. കോ-ഓപ്പറേറ്റീവ് സ്റ്റോറുകളും ഹൈപ്പർ മാർക്കറ്റുകളും ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങളുടെ സഹകരണത്തോടെയുള്ള ആപ്പ് കൃത്യമായി അപ്ഡേറ്റ് ചെയ്യുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലക്ക് സാധനങ്ങൾ ലഭിക്കാൻ അവസരം ഒരുങ്ങുന്നതിന് പുറമെ അനധികൃതമായുള്ള വിലവർധന കണ്ടെത്താനും ഈ ആപ്പ് അധികൃതരെ സഹായിക്കും. വിലനിലവാരം നിരീക്ഷിക്കുന്നതിന് മന്ത്രാലയം ഉദ്യോഗസ്ഥർ അടക്കമുള്ള ഒൻപത് സംഘങ്ങൾ ഉൾപ്പെടെ 30 സംഘങ്ങൾ പരിശോധന നടത്തുന്നുണ്ട്. അനധികൃതമായി വില ഈടാക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വാണിജ്യ-വ്യവസായമന്ത്രി ഖാലിദ് അൽ റൌദാൻ അറിയിച്ചു. നിയമലംഘനം നടത്തിയ 63 കടകൾ അടപ്പിച്ചതായും മന്ത്രി വ്യക്തമാക്കി.

MORE IN GULF
SHOW MORE