തൊഴിൽ വീസ ചട്ടങ്ങളിൽ വ്യാപകമാറ്റവുമായി യു.എ.ഇ

uae-visa-t
SHARE

തൊഴിൽ വീസ ചട്ടങ്ങളിൽ വ്യാപകമാറ്റവുമായി യു.എ.ഇ. രാജ്യത്തെ സ്വകാര്യ തൊഴില്‍, വിനോദസഞ്ചാര, വിദ്യാഭ്യാസ മേഖലയ്ക്ക് ഊര്‍ജ്ജം പകരുന്ന തീരുമാനങ്ങൾ യുഎഇ പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. 

നിലവില്‍ ഒരു തൊഴില്‍ വീസ അനുവദിച്ച് കിട്ടാന്‍ താമസ-കുടിയേറ്റ വകുപ്പില്‍ തൊഴിലുടമ മൂവായിരം ദിര്‍ഹം നിക്ഷേപിക്കണമെന്നാണ് നിയമം. വീസ റദ്ദാക്കുമ്പോള്‍ തിരിച്ച് കിട്ടുന്ന രീതിയിലായിരുന്നു ഈ സെക്യൂരിറ്റി ഡിപ്പോസിറ്റ്. എന്നാൽ ഇനി ഇതിന് പകരം ഓരോ തൊഴിലാളിക്കും വാര്‍ഷിക വരിസംഖ്യയായി അറുപത് ദിര്‍ഹം മാത്രം അടച്ച് ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയില്‍ അംഗങ്ങളാകണം. 20,000 ദിർഹം വരെയുള്ള ചെലവുകൾ ഇൻഷുറൻസ്​ പരിരക്ഷ വഴി ഉറപ്പാക്കും. വീസ കാലാവധി കഴിഞ്ഞ് അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് യുഎഇയിലേക്ക് വരാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് പകരം നിലവിലുള്ള പിഴയടച്ച് അവര്‍ക്ക് വീണ്ടും പുതിയ വീസയില്‍ രാജ്യത്തെത്താം. തൊഴില്‍ വീസ കാലാവധി കഴിഞ്ഞും, ജോലിയില്‍ തുടരാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആറ് മാസത്തെ താല്‍ക്കാലിക വീസ അനുവദിക്കും. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ എത്തുന്നവര്‍ക്ക് രണ്ട് വര്‍ഷത്തെ വീസ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലുള്ള വീസയില്‍ നിന്ന് മറ്റൊരു വീസയിലേക്ക് മാറാന്‍ ഇനി രാജ്യം വിടേണ്ട കാര്യമില്ല, ഇവിടെ തന്നെ വീസ മാറ്റത്തിന് സൗകര്യമൊരുക്കാനും പുതിയ നിയമത്തിലൂടെ സാധിക്കും.

MORE IN GULF
SHOW MORE