തൊഴിൽതർക്കവുമായി ബന്ധപ്പെട്ട പരാതികളിൽ സ്വകാര്യത കാത്തുസൂക്ഷിക്കുമെന്ന് യു.എ.ഇ

uae-labour-t
SHARE

തൊഴിൽതർക്കവുമായി ബന്ധപ്പെട്ട പരാതികളിൽ സ്വകാര്യത കാത്തുസൂക്ഷിക്കുമെന്ന് യു.എ.ഇ മനുഷ്യവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. വേതനം കിട്ടാത്ത കമ്പനികൾക്കെതിരെ തൊഴിലാളികൾ നൽകുന്ന പരാതിയിലെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.  

രണ്ടു മാസത്തലധികമായി വേതനം നൽകാത്ത കമ്പനികൾക്കെതിരെ തൊഴിലാളികൾ മന്ത്രാലയത്തിൽ പരാതിനൽകണമെന്നാണ് നിർദേശമുള്ളത്. പരാതി നൽകിയ വ്യക്തിയുടെ യാതൊരു വിവരങ്ങളും പുറത്തുവിടില്ലെന്ന്  മന്ത്രാലയം ഉറപ്പുതരുന്നു. പരാതി ലഭിച്ചു കഴിഞ്ഞാൽ ആദ്യം കമ്പനിക്ക് താക്കീത് നൽകും. ഇതു കൊണ്ട് ശമ്പളപ്രശ്നം പരിഹരിച്ചിട്ടില്ലെങ്കിൽ കമ്പനിയെ താഴ്ന്ന പട്ടികയിലാക്കി തരംതാഴ്ത്തും. എന്നിട്ടും പരിഹാരമായില്ലെങ്കിൽ കേസ് കോടതിയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, കമ്പനിയുടെ നിയമാവലികളും അതിനുള്ള ശിക്ഷനടപടികളും തൊഴിലാളികളെ ബോധ്യപ്പെടുത്താൻ കമ്പനിക്ക് അവകാശമുണ്ട്. നിയമം ലംഘിക്കുന്നവർക്ക് പിഴയും വേതനം പിടിച്ചു വയ്ക്കുന്നത് അടക്കമുള്ള ശിക്ഷാ നടപടികളും സ്വീകരിക്കാം. പരമാവധി 5 ദിവസത്തെ വേതനം മാത്രമേ പിടിച്ചു വയ്ക്കാൻ പാടുള്ളൂവെന്നും മന്ത്രാലയ അധികൃതർ വ്യക്തമാക്കി. യുഎഇയിൽ തൊഴിലാളികളുടെ വേതനം കടിശ്ശികയാക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന നിയമം 2016ൽ ആണു നിലവിൽ വന്നത്. വേതനം കിട്ടാത്ത തൊഴിലാളികൾക്ക് കമ്പനിയുടെ ബാങ്ക് ഗ്യാരണ്ടി തുക പ്രയോജനപ്പെടുത്തിയാണ് മന്ത്രാലയം പരിഹാരംകാണുക.  

MORE IN GULF
SHOW MORE