ദുബായിൽ ഒറ്റ ഷോറും ഉടൻ; എന്റെ കടങ്ങൾ പെരുപ്പിച്ചു കാട്ടി: അറ്റ്ലസ് രാമചന്ദ്രൻ

altlas-ramachandran
SHARE

പരീക്ഷണങ്ങൾ പുതമയല്ല അറ്റ്ലസ് രാമചന്ദ്രന്. ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കാനുളള ഊർജ്ജം ഈ എഴുപത്തഞ്ചാം വയസിലും തനിക്കുണ്ടെന്ന് ഒട്ടും പതറാതെ അറ്റ്ലസ് രാമചന്ദ്രൻ പറയും. ചാരത്തിൽ നിന്ന് ഉയരങ്ങളിലേയ്ക്ക് വീണ്ടും പറക്കാൻ ഒരുങ്ങുകയാണ് അറ്റ്ല‌സ് രാമചന്ദ്രൻ.  എല്ലാം തരുകയും എല്ലാം അവസാനിപ്പിക്കുകയും ചെയ്ത ദുബായിലെ മണ്ണിൽ രണ്ടാം ജൻമം ആരംഭിക്കാൻ ഒരുങ്ങുകയാണ് അറ്റ്ലസ് രാമചന്ദ്രൻ. ദുബായിൽ ഉടൻ തന്നെ പുതിയ ഷോറും തുറക്കുമെന്ന് ചങ്കുറ്റത്തോടെയുളള പ്രഖ്യാപനം. ഖലിജ് ടൈംസിന്  അനുവദിച്ച പുതിയ അഭിമുഖത്തിലാണ്  രാമചന്ദ്രന്റെ തുറന്നു പറച്ചിൽ.  

പുറത്തിറങ്ങിയതിനു ശേഷം  ഒരു ദിനപത്രത്തിനു നൽകുന്ന ആദ്യ അഭിമുഖത്തിൽ തോൽക്കാൻ താൻ തയ്യാറല്ലെന്ന് വ്യക്തമാക്കുകയാണ് രാമചന്ദ്രൻ.  1990 ൽ കുവൈത്ത് യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട് തകർന്ന് തരിപ്പണമായ ഒരു ഭൂതകാലം തനിക്കുണ്ടായിരുന്നു അവിടെ നിന്ന് കെട്ടിപ്പൊക്കിയത് ഒരിക്കൽ കൂടി തകർന്നു. സംശയം വേണ്ട തിരിച്ചു വരും. രാമചന്ദ്രന്റെ ചങ്കുറപ്പുളള പ്രഖ്യാപനം.

atlas-ramachandran-wife

ഞാൻ സ്വയം പ്രാപ്തിയുളള ഒരാളാണ്. 1980 ൽ ദുബായിയിൽ ആദ്യ ഷോറും തുറന്നപ്പോൾ സെയിൽസ്മാന്റെ ജോലിയും ഞാൻ ചെയ്തിരുന്നു. യുഎയിലുളള 19 ഷോറുമുകൾ ഇതിനകം അടച്ചു കഴിഞ്ഞിരുന്നു.  കൊടുക്കാനുളള കടം മാധ്യമങ്ങൾ പെരുപ്പിച്ചു കാട്ടിയെന്ന പരാതിയും രാമചന്ദ്രനുണ്ട്. എനിക്ക് എത്ര കടമുണ്ടെന്ന് എനിക്കു തിട്ടമുണ്ട്. അത് എത്രയും പെട്ടെന്ന് തന്നെ കൊടുത്തു വീട്ടും– രാമചന്ദ്രൻ പറഞ്ഞു. 

 3.5 ബില്യൺ ദിർഹം വാർഷിക വരുമാനം ഉണ്ടായിരുന്ന ബിസിനസ് സാമ്രാജ്യമാണ് തകർന്നടിഞ്ഞത്. ദുബായിലുളള ഒരു ബാങ്കിന് തിരിച്ചടയ്ക്കാനുളള പണത്തിൽ വീഴ്ച വരുത്തിയിതാണ് വീഴ്ച വലുതാക്കിയത്. അത് തന്നെയായിരുന്നു വീഴ്ചയുടെ ആദ്യ പടിയും. പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിക്കപ്പെട്ടപ്പോൾ ഒരിക്കലും ഇത്രയും നാൾ ഇരുമ്പഴിയ്ക്കുളളിൽ കിടക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ലെന്നും അറ്റ്‌ലസ് രാമചന്ദ്രൻ പറഞ്ഞു.  ഭാര്യ ഇന്ദുവായിരുന്നു എന്റെ ബലം. എനിക്കു വേണ്ടി അവൾ ഒരുപാട് സഹിച്ചു. ജയിലിൽ നിന്ന് പലതവണ ഞാൻ അവളെ വിളിക്കുമായിരുന്നു. 

atlas-ramachandran-gold

തടവറയിലെ തണുപ്പിൽ ജീവിക്കുമ്പോഴും മനസ്സ് മരവിച്ചിരുന്നില്ല. എല്ലാ പ്രശ്നങ്ങളും തീർക്കാമെന്നും ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കാമെന്നും ആത്മവിശ്വാസമുണ്ട്. ബാധ്യതകളിൽ നിന്ന് ഒളിച്ചോടരുതെന്നു നിർബന്ധമുണ്ടായിരുന്നു. കഷ്ടപ്പെട്ട് ഉണ്ടാക്കിയ ചില ആസ്തികൾ കുറഞ്ഞ വിലയ്ക്കു വിൽക്കേണ്ടിവന്നതിൽ വിഷമമുണ്ട് – അദ്ദേഹം പറഞ്ഞു.

ജയിലിൽ കിടന്ന 33 മാസവും ഞാൻ എന്റെ മനസിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചത് എന്റെ ശരീരം മാത്രമാണ് ഇരുമ്പഴിക്കുളളിൽ ഉളളതെന്നായിരുന്നു. എന്റെ മനസ് ജനങ്ങൾക്കൊപ്പമായിരുന്നു. എന്റെ സ്വപ്നങ്ങൾക്കൊപ്പമായിരുന്നു. 300 പേജുളള ആത്മകഥയിലൂടെ എല്ലാം ജനങ്ങളോട് പറയുമെന്നും രാമചന്ദ്രൻ പറഞ്ഞു. ദൈവത്തിനും കൂടെ നിന്നവർക്കും കൈകൂപ്പി രാമചന്ദ്രൻ നന്ദി പറഞ്ഞു. 

atlas-ramachandran-life

പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ എം.എം. രാമചന്ദ്രൻ മൂന്നുവർഷത്തോളം നീണ്ട ജയിൽവാസത്തിനുശേഷമാണ് മോചിതനായത്. വായ്പ നൽകിയ ബാങ്കുകളും സ്വകാര്യ സ്ഥാപനങ്ങളുമായി ഒത്തുതീർപ്പിലെത്തിയതിനെ തുടർന്നാണു മോചനം. എന്നാൽ കർശന ജാമ്യവ്യവസ്ഥകളുള്ളതിനാൽ വിദേശയാത്രാ വിലക്കുണ്ടെന്ന് അറിയുന്നു. വിവിധ ബാങ്കുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നുമായി 55കോടിയിലേറെ ദിർഹത്തിന്റെ (ആയിരം കോടിയോളം രൂപ) വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയെന്ന കേസിൽ 2015 ഓഗസ്റ്റിലാണ് അറസ്റ്റിലായത്. ആദ്യം നടന്ന ഒത്തുതീർപ്പ് ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നു ദുബായ് കോടതി മൂന്നുവർഷ തടവുശിക്ഷ വിധിക്കുകയായിരുന്നു.

atlas-ramachandran-1

രാമചന്ദ്രന്റെ മോചനത്തിനായി കേന്ദ്രസർക്കാർ ഉൾപ്പെടെ ശ്രമം നടത്തിയിരുന്നു. കടം വീട്ടാനായി ഒമാനിലെ ആസ്തികൾ ഉൾപ്പെടെ വിറ്റാണ് ഒത്തുതീർപ്പിലെത്തിയതെന്ന് അറിയുന്നു. മൂന്നു പതിറ്റാണ്ട് മുൻപ് ആരംഭിച്ച അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന്റെ യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലെ അൻപതോളം ശാഖകൾ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. കേരളത്തിലെ ശാഖകളും അടച്ചു.

MORE IN GULF
SHOW MORE